സിനിമാ നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ വിവാദ പ്രസ്താവനയിലൂടെ വീണ്ടും പുലിവാല് പിടിച്ചിരിക്കയാണ് നടന്‍ ഷെയ്ന്‍ നിഗം. നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന ഷെയ്‌ന്റെ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയുമാണ് സിനിമാ സംഘടനകളെ ചൊടിപ്പിച്ചത്. ഷെയ്ന്‍ നടത്തിയ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്ന് നിര്‍മാതാക്കള്‍ പ്രതികരിച്ചു. ഷെയ്ന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാവില്ലെന്നും നിര്‍മാതാക്കളുടെ തീരുമാനിരിക്കയാണ് .
ചലച്ചിത്രമേളയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വികാരപരമായി ഷെയ്ന്‍ സംസാരിച്ചത്. എനിക്ക് തെറ്റുപറ്റിയിട്ടില്ല. ഈ ലോകത്ത് ഒരു തെറ്റുമില്ല. എല്ലാം ശരി മാത്രമേയുള്ളൂ. മീറ്റിങ് നടന്നത് അമ്മയുമായല്ല, ഇടവേള ബാബുവും സിദ്ദിഖുമായാണ്. അമ്മയുടെ ഭാരവാഹികള്‍ എന്ന നിലയിലാണ് അവരോട് സംസാരിച്ചത്. നമ്മള്‍ എത്രയോ തരം പ്രതിഷേധങ്ങള്‍ നാട്ടില്‍ ചെയ്യുന്നു. മുടി വെട്ടിയത് ഇതെന്റേതായ പ്രതിഷേധമാണ്. ഇത് എന്റെ രീതിയാണ്. ഞാന്‍ എന്താണ് ചെയ്തത് എന്നുള്ളത് പ്രേക്ഷകരാണ് പറയേണ്ടത്. പടം ഇറങ്ങിയിട്ട് നിങ്ങള്‍ തന്നെ പറയണം ഞാന്‍ എന്ത് നീതിയാണ് പുലര്‍ത്താത്തത് എന്ന് ഷെയ്ന്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സിന് മനോ വിഷമമാണോ മനോരോഗമാണോ? ഒത്തുതീര്‍പ്പുകള്‍ക്കല്ലേ നമ്മളെല്ലാം പൊയ്‌ക്കൊണ്ടിരുന്നത്. ഒത്തുതീര്‍പ്പിന് പോകുമ്പോള്‍ അവിടെയെന്താണ് സംഭവിക്കുന്നത്? അവിടെ കൊണ്ടുപോയി ഇരുത്തും. ഇരുത്തിയിട്ട് നമ്മുടെ വശത്ത് നിന്ന് ഒന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. ഈ പറയുന്നതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. കേട്ട് അനുസരിച്ചാല്‍ എന്തുചെയ്യും? കൂടിപ്പോയാല്‍ നിങ്ങളെ പ്രസ്മീറ്റില്‍ കാണുമ്പോള്‍ ഖേദം അറിയിക്കും. ഖേദം അറിയിച്ചിട്ട് നടക്കുന്നതെന്താണ്. സെറ്റില്‍ ചെന്നപ്പോള്‍ എന്നെ ഇത്തവണ ബുദ്ധിമുട്ടിച്ചത് പ്രൊഡ്യൂസറല്ല. ആ പടത്തിന്റെ ക്യാമറാമാനും ഡയറക്ടറുമാണ്. ഇതിനൊക്കെ എന്റെ കൈയ്യിലും തെളിവുകളുണ്ട്. എവിടേയും വന്ന് പറയാന്‍ തയ്യാറാണ്. അമ്മയില്‍ തീര്‍ച്ചയായും വിശ്വാസമുണ്ട്. എന്റെ സംഘടനയല്ലേ. എന്റെ സംഘടന എന്നെ പിന്തുണയ്ക്കും എന്നും ഷെയ്ന്‍ പറയുന്നു.
തുടര്‍ന്ന് മന്ത്രി എ.കെ. ബാലനെയും ഷെയ്ന്‍ കണ്ടു. അമ്മയോടൊപ്പം എത്തിയാണ് മന്ത്രി ബാലനുമായി തിരുവനന്തപുരത്തെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്. തന്നെ സിനിമയില്‍ ആരൊക്കെയോ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും വല്ലാത്ത മാനസിക വിഷമത്തിലാണ് താനെന്നും ഷെയ്ന്‍ മന്ത്രിയോട് പറഞ്ഞു. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയെന്ന് ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ നല്‍കും. 'അമ്മ'യ്ക്കു തന്നെ തീര്‍ക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രമ്യമായി പോകുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലതെന്ന് പറഞ്ഞ മന്ത്രി സിനിമാ സെറ്റില്‍ പൊലീസ് പരിശോധനയ്ക്ക് നിയമപരിമിതിയുണ്ടെന്നും വ്യക്തമാക്കി.
പക്ഷേ ഷെയ്‌ന്റെ ഈ തുറന്നുപറച്ചിലുകളാണ് നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ കടുത്ത അതൃപ്തിയക്ക് കാരണമായിരിക്കുന്നത്. ഷെയ്‌ന്റെ വാക്കുകളും മന്ത്രിയെ കണ്ട സംഭവവുമാണ് നിര്‍മ്മതാക്കളെ ചൊടിപ്പിച്ചത്. ഇതോടെ യുവനടന്‍ ഷെയന്‍നിഗത്തെ കൈവിട്ട് രീതിയിലാണ് സിനിമാ സംഘടനകളും. ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്നും വിലക്കിയതുമായി ബന്ധപ്പെട്ട് അമ്മയും ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചര്‍ച്ചകളും നിര്‍ത്തിവച്ചു.
ഷെയ്‌നെ വിലക്കിയ സംഭവത്തില്‍ ഇടപെട്ടതിനെ എതിര്‍ത്ത് അമ്മയില്‍ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചര്‍ച്ചകള്‍ക്ക് തുനിഞ്ഞിരുന്നത്. എന്നാല്‍ ഷെയ്ന്റെ ഒരോ പ്രസ്ഥാവനയും ഇപ്പോള്‍ വിവാദങ്ങളിലാണ് ചെന്നുചാടുന്നത് . നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് ഷെയ്ന്‍ തലസ്ഥാനത്ത് പറഞ്ഞത്.