സൂപ്പര്‍ഹിറ്റ് ചിത്രമായ 'നരസിംഹ'ത്തിലെ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന മലയാളസിനിമയിലെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ ഷാജി കൈലാസിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളായി അദ്ദേഹം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'സൂപ്പര്‍ ഹിറ്റുകളുടെ രാജാവ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
'നരസിംഹം' സിനിമയിലെ 'ധാം കിണക്ക' എന്ന ഗാനത്തിനാണ് ഷാജി കൈലാസും ആരാധകരും ഒരുമിച്ച് നൃത്തം ചെയ്യുന്നത്. വിഡിയോയില്‍ നടന്‍ ജോജു ജോര്‍ജും ഷാജി കൈലാസിനൊപ്പമുണ്ട്. സിനിമകളില്‍ കടുത്ത ഡയലോഗുകളിലൂടെയും ആക്ഷന്‍ രംഗങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഷാജി കൈലാസിന്റെ വീഡിയോ കണ്ട് പലരും അത്ഭുതം പ്രകടിപ്പിക്കുന്നു. ഏറെ ആസ്വദിച്ചാണ് ഷാജി കൈലാസ് വിഡിയോയിലെത്തുന്നത്.
വിഡിയോ കണ്ട സോഷ്യല്‍ മീഡിയ ചോദിക്കുന്നത് ഇദ്ദേഹം ഇത്ര സിംപിളായിരുന്നുവോ എന്നാണ്. മാസ് ആക്ഷന്‍ സിനിമകള്‍'ക്ക് പേര് കേട്ട ഷാജി കൈലാസ്, 'നരസിംഹം', 'കമ്മീഷണര്‍', 'ദി കിങ്' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ്. എന്നാല്‍, പൊതുവേ അധികം സംസാരിക്കാതെ അന്തര്‍മുഖനായി കാണപ്പെടുന്ന അദ്ദേഹത്തിന്റെ ഈ നൃത്ത രംഗങ്ങള്‍ ആരാധകര്‍ക്ക് പുതിയ ഒരനുഭവമായിരിക്കുകയാണ്.
'വരവ്' ആണ് ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രം, നായകനായി എത്തുന്നത് ജോജു ജോര്‍ജ് ആണ്. സിനിമയിലെ തീപ്പൊരി പ്രതിച്ഛായയില്‍ നിന്ന് വ്യത്യസ്തമായി, ആരാധകരോടൊപ്പം സന്തോഷത്തോടെ ചുവടുവെക്കുന്ന ഷാജി കൈലാസിന്റെ വിഡിയോ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്