നടന്‍ ജയന്റെ മകനാണെന്ന് അവകാശപ്പെടുന്ന കൊല്ലം സ്വദേശി മുരളിക്ക് എതിരെ നടന്റെ കുടുംബം രംഗത്ത്.മുരളി സമൂഹ മാധ്യമങ്ങളിലൂടെ ജയന്റെ കുടുംബത്തെ അവഹേളിക്കുന്നു എന്ന് നടന്റെ സഹോദരന്റെ മകള്‍ ഡോക്ടന്‍ ലക്ഷ്മിയാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ ഇയാള്‍ക്ക് തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതാണെന്നും ലക്ഷ്മി പറഞ്ഞു.
'എന്റെ ഓര്‍മയില്‍ വല്ല്യച്ഛനെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. എന്റെ പാരന്റ്സില്‍ നിന്നും കേട്ടതും അങ്ങനെയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഞങ്ങളുടെ കുടുംബത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളിലൂടെയാണ് പോകുന്നത്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയിയലൂടെ അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രചരണങ്ങളും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളും കാണുന്നുണ്ട്. അതില്‍ ഞങ്ങള്‍ മാനസികമായി പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്'' ലക്ഷ്മി പറയുന്നു.
''2021 ല്‍ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഒരു വ്യക്തി എന്റെ വല്ല്യച്ഛന്റെ പേര് ഉപയോഗിക്കുകയും മകന്‍ ആണെന്ന വ്യാജേനെ പല നേട്ടങ്ങളും ആളുകളില്‍ നിന്നും അയാള്‍ക്ക് ലഭിക്കുന്നുണ്ട്. അതില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഞങ്ങളുടെ കുടുംബവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇയാള്‍ക്ക് ഇല്ലെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്റെ കയ്യിലുണ്ട്. മുന്നോട്ട് നിയമനടപടി സ്വീകരിക്കണം എന്ന് തന്നെയായിരുന്നു അവിടെ നിന്നും എനിക്ക് ലഭിച്ച നിര്‍ദ്ദേശം''.
ഒരു വശം മാത്രം കേട്ടു കൊണ്ടാണ് അവര്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വ്യക്തിപരമായി ഇത് ഞങ്ങളിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അവനവന്റെ വീട്ടില്‍ ഇതുപോലൊന്ന് വരുമ്പോള്‍ മാത്രമേ അത് മനസിലാകൂ. വീടിന്റെ മുന്നില്‍ വന്ന് നിന്ന്, അതും മരിച്ചു പോയെരാളെക്കുറിച്ച്, ആരോപണം ഉന്നയിക്കുമ്പോള്‍ അത് ചോദ്യം ചെയ്യേണ്ടത് തന്നെയാണെന്നും ലക്ഷ്മി പറയുന്നു.