മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. നാടകത്തിലൂടെയാണ് സീമ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷന്‍ പരമ്പകരളില്‍ സജീവമായി മാറിയ സീമ സിനിമകളിലേക്കും എത്തി. ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നടിയാണ് സീമ ജി നായര്‍. സിനിമയ്ക്കും സീരിയലിനും പുറത്ത് തന്റെ സാമൂഹിക സേവനങ്ങളിലൂടേയും സീമ ജി നായര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ നടി തന്റെ സിനിമാ ജീവിത അനുഭവങ്ങള്‍ പങ്ക് വക്കുകയാണ്.
തന്റെ വിവാഹത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചുംസീമ ജി നായര്‍ പങ്ക് വച്ചത് ഇങ്ങനെയാണ്.സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കവെ ഈ വ്യക്തി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. അമ്മയ്ക്ക് ഞാന്‍ വിവാഹം ചെയ്ത് സെറ്റില്‍ ആകണമെന്നായിരുന്നു ആ?ഗ്രഹം. പ്രണയ വിവാഹമാണോ എന്ന് ചോദിച്ചാല്‍ പ്രണയ വിവാഹമല്ല. അറേഞ്ച്ഡ് മാര്യേജ് ആണോ എന്ന് ചോദിച്ചാല്‍ അറേഞ്ച്ഡ് മാര്യേജും അല്ല. ആക്‌സിഡന്റലി നടന്ന വിവാഹമാണ്. പുള്ളിക്ക് ജീവിതത്തില്‍ കുറേ പ്രശ്‌നങ്ങളും ദുഖങ്ങളും ഉണ്ടായി. വഞ്ചനയുണ്ടായി. അതൊക്കെ എനിക്ക് നന്നായി അറിയാമായിരുന്നു.
ഒരു ചാരിറ്റി പ്രവര്‍ത്തനം പോലെ അങ്ങനെയൊരു ജീവിതത്തിലേക്ക് ഞാന്‍ പോയതാണ്. കാരണം ഒരുപാട് ദുഖം അനുഭവിച്ച് നിന്നയാളെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. കാരണം അമ്മയുടെ ആരോ?ഗ്യ പ്രശ്‌നം ഇങ്ങനെ പോകുന്നു. അച്ഛനും അല്ല. ചേച്ചിയും സഹോദരനും സെറ്റില്‍ഡ് ആയി. ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകുമോ എന്ന ചിന്തയിലാണ് ഞാന്‍ ആ വിവാഹ ജീവിതത്തിലേക്ക് പോയത്.
ഏതൊരുെ പെണ്‍കുട്ടിയും ആഗ്രഹിച്ചത് പോലെ തന്നെ വിവാഹം നടന്നു. അമ്മയുടെ കാല്‍ക്കുലേഷന്‍ കൃത്യമായിരുന്നു എന്ന് തോന്നുന്നു. 1994 മെയ് ഏഴിനായിരുന്നു എന്റെ വിവാഹം നടന്നത്. ജൂണ്‍ 21 ന് അമ്മ മരിച്ചു. ആ വിവാഹത്തില്‍ നിന്ന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് എന്റെ അമ്മയ്ക്ക് ഞാന്‍ സുരക്ഷിതമായി ഒരാളുടെ കരങ്ങളിലേക്ക് എത്തിപ്പെട്ടു എന്ന സന്തോഷം. രണ്ടാമത് എനിക്കൊരു മകനുണ്ടായി എന്ന സന്തോഷം.
രണ്ട് ധ്രുവങ്ങളില്‍ പെട്ട രണ്ട് വ്യക്തികള്‍ ഒന്നാകുമ്പോള്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഞങ്ങളുടെ ജീവിതത്തിലുണ്ടായി. ഒരുപാട് പ്രശ്‌നങ്ങളെ ഫേസ് ചെയ്യേണ്ടി വന്നു. അതില്‍ അദ്ദേഹത്തെ ഒരിക്കലും കുറ്റം പറയില്ല. അദ്ദേഹത്തിന് ചിലപ്പോള്‍ എന്നോട് പൊരുത്തപ്പെടാന്‍ പറ്റിക്കാണില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വിഷന്‍ വേറെ ആയിരുന്നിരിക്കണം. അയാളിങ്ങനെ ആയത് കൊണ്ട് ഞാനിങ്ങനെ ആയി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
ഡിവോഴ്‌സിലേക്കെത്തുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഞാന്‍ നേരിട്ടു. ആറ്റ് നോറ്റ് ഒരു കുഞ്ഞുണ്ടായി. ഹാര്‍ട്ടിന് പ്രശ്‌നങ്ങളുമായാണ് അവന്‍ പിറന്ന് വീണതെന്നും സീമ ജി നായര്‍ ഓര്‍ത്തു. പെണ്‍കുട്ടി വേണമെന്നായിരുന്നു തന്റെ ആ?ഗ്രഹമെന്നും സീമ ജി നായര്‍ പറയുന്നു. ആര്‍ച്ച എന്ന പേര് തീരുമാനിച്ചു. പെണ്‍കുട്ടികളെ ഒരുക്കാനൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. എനിക്ക് ബോധം വന്നപ്പോള്‍ സീമ, കുട്ടി ആണാണെന്ന് പറഞ്ഞു. ആണോ? എന്തൊരു കഷ്ടമാണ് എന്ന് പറഞ്ഞു. ഒരിക്കലും അങ്ങനെ പറയരുതെന്ന് ഡോക്ടര്‍. എന്നെ കുറച്ച് വഴക്കും പറഞ്ഞു. എന്റെ മോന്‍ എന്റെ നെഞ്ചോട് ചേര്‍ന്ന് കിടന്ന നിമിഷം ഒരിക്കലും മറക്കാന്‍ പറ്റില്ല. പക്ഷെ അവിടെ നിന്നും ഞാന്‍ പോകുന്നത് വലിയ ദുഖത്തിലേക്കാണ് പോകുന്നതെന്ന് എനക്ക് മനസിലായില്ല. കാരണം അവന്‍ ജന്മനാ ഹാര്‍ട്ടിന് പ്രശ്‌നമുള്ള കുട്ടിയായാണ് ജനിച്ചത്. ഒരുപാട് പ്രശ്‌നങ്ങള്‍ പിന്നീട് താന്‍ നേരിട്ടെന്നും ഇപ്പോള്‍ മകന് കുഴപ്പമൊന്നും ഇല്ലെന്നും സീമ ജി നായര്‍ വ്യക്തമാക്കി.
മലയാള സിനിമയില്‍ കോക്കസ് ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തി.അത്തരം കോക്കസുകളില്‍ പെടാത്തതുകൊണ്ടുതന്നെ ധാരാളം സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നും അവര്‍ പറയുന്നു. എന്റെ ഒരു ഫ്രണ്ട് പ്രൊഡ്യൂസ് ചെയ്ത പടമായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞ കാര്യമാണ്. എന്നെ ആ സിനിമയിലേക്ക് വയ്ക്കാന്‍ പറഞ്ഞപ്പോള്‍ സീമ ജി നായര്‍ക്ക് ഇപ്പോള്‍ ഡിമാന്‍ഡ് ഇല്ലാ എന്നാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞതത്രേ. എനിക്ക് ഏറ്റവും വേണ്ടപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടി ആയിരുന്നിട്ടും. ഒരു തെറ്റും ഞാന്‍ അദ്ദേഹത്തോട് ചെയ്തിട്ടുമില്ല. ഡിമാന്‍ഡുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനെ വയ്ക്കാമെന്നാണ് ആ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിര്‍ദേശിച്ചത്.
സാരമില്ല, ആരെ വച്ച് അഭിനയിപ്പിച്ചാലും നിങ്ങളുടെ പ്രോജക്ട് നന്നാകണം എന്നാണ് ഞാന്‍ പ്രൊഡ്യൂസറോട് പറഞ്ഞത്. സിനിമയില്‍ ഉറപ്പായും കോക്കസുണ്ട്, ഗ്രൂപ്പുണ്ട്, ഗ്രൂപ്പ് കളികളുണ്ട്. ആ ഗ്രൂപ്പില്‍ ഒന്നുകില്‍ പ്രൊഡ്യൂസറുടെ ഫ്രണ്ടോ, അല്ലെങ്കില്‍ ഡയറക്ടറുടെ ഫ്രണ്ടോ, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഫ്രണ്ടോ, മെയിന്‍ നടന്റെ ആളോ ഒക്കെ ആയിരിക്കണം. അങ്ങിനെയുണ്ടെങ്കില്‍ മാത്രമേ നമ്മളെ കുറിച്ച് ഓര്‍ക്കൂ. അല്ലെങ്കില്‍ ആര്‍ക്കോ വച്ചിരുന്ന വേഷം നമ്മളിലേക്ക് വരണം.
കുഞ്ഞിരാമായണത്തില്‍ കല്‍പന ചേച്ചിക്ക് വച്ചിരുന്ന വേഷമാണ് എനിക്ക് കിട്ടിയത്. ചേച്ചിക്ക് ഡേറ്റിന്റെ വിഷയം ഉണ്ടായിരുന്നതുകൊണ്ടാണ് ചെയ്യാന്‍ കഴിയാതെ പോയത്. എനിക്ക് ലഭിച്ച വേഷങ്ങളെല്ലാം അവസാന നിമിഷത്തില്‍ കിട്ടിയതാണൈന്നും നടി പങ്ക് വച്ചു.
താനും സംവിധായന്‍ എബ്രിഡ് ഷൈനും തമ്മിലുള്ള പിണക്കത്തെക്കുറിച്ചും നടി സംസാരിച്ചു.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 1983. അദ്ദേഹവുമായി ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ട്. ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ സിനിമയാണ്. നല്ല സിനിമയാണ്. നിവിന്‍ ആയിരുന്നു നായകന്‍. നിവിന്റെ അമ്മയുടെ വേഷമായിരുന്നു എന്റേത്. കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടം അവതരിപ്പിക്കണം. മുപ്പതുകളിലും അമ്പതുകളിലും അറുപതുകളിലുമുള്ളത്.
ഷൈന്‍ ഇച്ചിരി കടുംപിടുത്തക്കാരനാണ്. ഒരു വള്ളിയും പുള്ളിയും വിടാനോ തെറ്റാനോ ഒന്നും വിടത്തില്ല. നോക്കിയിരിക്കും. അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ വീണ്ടും വീണ്ടും ചെയ്യിപ്പിച്ചു കൊണ്ടിരിക്കും. ഭയങ്കര സ്ട്രിക്റ്റാണ്. എന്നോടെന്നല്ല, എല്ലാവരോടും അങ്ങനെ തന്നെയാണെന്നാണ് സീമ പറയുന്നത്.ഒരുപാട് സിനുകല്‍ല്ലെങ്കിലും ശക്തമായ വേഷം തന്നെയായിരുന്നു എന്റേത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കൂടെ രംഗങ്ങളുണ്ട്. നിവിന്റെ കൂടെയും ജോയ് മാ്ത്യു ചേട്ടന്റെ കൂടെ രംഗങ്ങളുണ്ട്. ഷൈന്റെ നാട്ടില്‍ തന്നെയായിരുന്നു ഷൂട്ട്. ഷൂട്ടൊന്നും കുഴപ്പമില്ലാതെ നടന്നു. ഇടയ്ക്ക് ഞങ്ങള്‍ക്ക് ഒന്ന് തെന്നേണ്ടി വന്നുവെന്നും താരം പറയുന്നു.
പടത്തിന്റെ ഡബ്ബിംഗ് നടക്കുന്ന സമയം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിച്ചു. നാളെ കഴിഞ്ഞ് ഡബ്ബിംഗ് തുടങ്ങുകയാണ്. ചേച്ചിയെ വച്ച് തന്നെ ചെയ്യാനാണ് തീരുമാനം. നാളെ രാവിലെ ഒമ്പതരയ്ക്ക് എത്തില്ലേ എന്ന് ചോദിച്ചു. ഞാന്‍ എത്തിക്കോളാം എന്ന് പറഞ്ഞു. ഞാന്‍ എത്തുമ്പോള്‍ സ്റ്റുഡിയോയില്‍ ഷൈന്‍ ഉണ്ടായിരുന്നു. എന്താ വന്നേ എന്ന് ചോദിച്ചു. ഡബ്ബ് ചെയ്യാനാണെന്ന് ഞാന്‍ പറഞ്ഞു. സീമയുടെ വോയ്സ് ശരിയാകില്ല, വേറൊരു ആളെ അറേഞ്ച് ചെയ്തുവെന്ന് പറഞ്ഞു. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. ഒട്ടുമിക്ക വര്‍ക്കുകളിലും സ്വന്തം വോയ്സാണ് കൊടുക്കുന്നത്. പെട്ടെന്ന് ഡബ് ചെയ്യണ്ട, വോയ്സ് ശരിയാകില്ലെന്ന് പറഞ്ഞപ്പോള്‍ വിഷമമായി. അതെന്താ അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചു. അത് ശരിയാകില്ല, വേറൊരു ആളെ അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ആ ശരിയെന്ന് ഞാന്‍ പറഞ്ഞുവെന്നും താരം പറയുന്നു.
എന്റെ നെഞ്ച് തകര്‍ന്നാണ് ഞാന്‍ അവിടുന്ന് ഇറങ്ങുന്നത്. ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചു. ഷൈന്‍ വേറെ ആരെയോ കണ്ടു പിടിച്ചിട്ടുണ്ട്, എന്റെ ശ്ബ്ദം ചേരില്ലെന്ന് പറഞ്ഞുവെന്ന് പറഞ്ഞു. അതെപ്പോള്‍ പറഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍, നിങ്ങള്‍ തമ്മില്‍ ഇത് നേരത്തെ സംസാരിച്ചിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല, നേരത്തെ തീരുമാനിച്ചത് ചേച്ചിയെ വച്ച് തന്നെ ചെയ്യാം എന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അങ്ങനെ വേറെ ആളെ വച്ച് ഡബ്ബ് ചെയ്തു. അത് ശരിയാകാതെ വന്നപ്പോള്‍ വേറെ ആളെ വച്ചുവെന്നാണ് സീമ പറയുന്നത് ഇതിനിടെ ഷൈന്‍ എന്നെ വിളിച്ചു. നിങ്ങള്‍ വേണമെങ്കില്‍ നാളെ വന്ന് ഡബ് ചെയ്തോളൂ, ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞു. ഇനി ഞാന്‍ ഡബ്ബ് ചെയ്യില്ല, ഞാന്‍ പറഞ്ഞു. നാളെ നിര്‍മ്മാതാവ് എന്തുകൊണ്ട് സീമയെ വച്ച് ചെയ്തില്ല എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് വേണ്ടിയാകും ഷൈന്‍ എന്നെ വച്ച് ഡബ് ചെയ്യിക്കുന്നത് എന്നെനിക്ക് അറിയാം. ഡബ് ചെയ്താലും കാരണങ്ങള്‍ കണ്ടെത്തി ഷൈന്‍ മാറ്റും. എന്റെ ശബ്ദം കൊള്ളില്ല എന്ന് ഷൈന്റെ മനസില്‍ ഉറച്ചു പോയി. ഇനിയെന്ത് പ്രശ്നം വന്നാലും ഞാന്‍ വന്ന് ഡബ് ചെയ്യില്ല എന്ന് പറഞ്ഞുവെന്നും സീമ പറയുന്നു.