മോഹന്‍ലാല്‍-സുചിത്ര ദമ്പതികളുടെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന 'തുടക്കം' എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ഫാമിലി ത്രില്ലറിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത വിസ്മയയുടെ ലാളിത്യവും പെരുമാറ്റവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയം. താരപുത്രി എന്ന യാതൊരു ജാഡയുമില്ലാതെ പ്രൊമോഷന്‍ വേദികളില്‍ എല്ലാവരുമായും വളരെ ലളിതമായി സംസാരിക്കുന്ന വിസ്മയക്ക് വന്‍ പിന്തുണയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ഇതിനിടയിലാണ് വിസ്മയയെ പ്രശംസിച്ചും ആശംസകള്‍ അറിയിച്ചും പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. വിസ്മയ കൂട്ടിലിട്ടു വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയല്ലെന്നും ആര്‍ജ്ജവവും വ്യക്തമായ അഭിപ്രായങ്ങളുമുള്ള വ്യക്തിത്വത്തിനുടമയാണെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുള്ള വിസ്മയ, പ്രൊമോഷന്‍ വേദികളില്‍ മലയാളികളുടെ ശീലമായ 'ഓവര്‍സ്മാര്‍ട്ട്' മുഖംമൂടികള്‍ അണിയാതെ തന്റെ ഉള്ളിലെ ടെന്‍ഷനും പരിഭ്രമവും മറച്ചുവെക്കാതെയാണ് ഓടിനടക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പൊതുവേദികളില്‍ നടന്‍ മോഹന്‍ലാല്‍ കാട്ടിയിരുന്ന സഭാകമ്പവും ലജ്ജാലുത്വവും മലയാളി പ്രേക്ഷകര്‍ എന്നും ആസ്വദിച്ചിട്ടുള്ള ഒന്നാണ്. അതേ ലജ്ജാലുത്വം അല്പം കൂടിയ അളവിലുള്ള പരിഭ്രമമായി മകളിലും കാണാമെന്ന് ശാരദക്കുട്ടി വ്യക്തമാക്കുന്നു. മക്കളുടെ ഇത്തരം സഭാകമ്പങ്ങള്‍ കണ്ടിട്ടുള്ള ആളെന്ന നിലയില്‍ വിസ്മയയോട് വാത്സല്യമാണ് തോന്നുന്നത്. മോഹന്‍ലാലിന്റെ മകളായതുകൊണ്ട് മാത്രമാണോ ഈ വാത്സല്യം എന്ന് ചോദിച്ചാല്‍, പ്രിയപ്പെട്ടവരുടെ മക്കളോട് തോന്നുന്ന സ്വാഭാവികമായ ആ ഇഷ്ടം ഇതിലുമുണ്ടെന്ന് ശാരദക്കുട്ടി സമ്മതിക്കുന്നു.
പൊതുവേദിയില്‍ മകളുടെ അഭിപ്രായങ്ങളെ തിരുത്താനോ, അവളുടെ സംഭ്രമിച്ച ശരീരഭാഷയില്‍ അസ്വസ്ഥനാകാനോ മോഹന്‍ലാല്‍ ശ്രമിക്കുന്നില്ലെന്നത് അദ്ദേഹത്തെ കൂടുതല്‍ പ്രിയങ്കരനാക്കുന്നു. മോഹന്‍ലാലിലും ഭാര്യ സുചിത്രയിലും അച്ഛനധികാരമോ അമ്മയധികാരമോ ലവശേലം കാണാന്‍ കഴിഞ്ഞില്ല എന്നത് സുന്ദരമായ കാഴ്ചയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. പലപ്പോഴും രക്ഷിതാക്കളുടെ മുന്‍വിധികളും നിര്‍ബന്ധങ്ങളുമാണ് മക്കളുടെ ആത്മവിശ്വാസം കെടുത്തുന്നതും അവരെ അപകര്‍ഷതാബോധമുള്ളവരാക്കുന്നതും.
സ്വന്തം മകളുടെ സഭാകമ്പത്തെയും പരിഭ്രമത്തെയും വളരെ സ്വാഭാവികമായും സാധാരണയായും കാണാന്‍ മോഹന്‍ലാലിന് സാധിക്കുന്നു എന്നത് ഏറെ ആശ്വാസകരമാണ്. 'നാട്ടുകാര്‍ മുഴുവന്‍ അച്ഛനും അമ്മാവനും കളിക്കുമ്പോള്‍ താന്‍ കൂടി എന്തിന്' എന്ന മോഹന്‍ലാലിന്റെ പതിവ് 'കൂള്‍' നിലപാട് വലിയ കൗതുകമാണ് സമ്മാനിക്കുന്നത്. പ്രൊമോഷന്‍ വേളകളില്‍ മലയാളി ക്യാമറകള്‍ക്ക് മുന്നില്‍ വിസ്മയ കാട്ടുന്ന ഈ നാണം അല്ലെങ്കില്‍ സങ്കോചം ഭാവിയില്‍ അവള്‍ക്കൊരു കവചമായി മാറട്ടെ എന്നും ശാരദക്കുട്ടി ആശംസിച്ചു.