നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. നിലവില്‍ അമേരിക്കയിലാണ് സംവിധായകനുള്ളത്. എന്നാല്‍ കേസ് നടക്കുമ്പോഴും മഞ്ജു വാര്യരെ ടാഗ് ചെയ്തു കൊണ്ടുള്ള നിരവധി ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് സനല്‍ കുമാര്‍ പങ്കുവച്ചു കൊണ്ടിരിക്കുന്നത്. ദിവസവും ഒന്നി ലേറെ പോസ്റ്റുകളില്‍ നടിയുടെ ചിത്രം വച്ചാണ് സംവിധായകന്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.
ഇന്ന് പ്രണയദിനത്തില്‍ സനല്‍കുമാര്‍ കുറിച്ചതിങ്ങനെയാണ്;
ലോകം പ്രണയദിനം ആഘോഷിക്കുന്ന ഈ ദിവസം നിനക്കായുള്ള എന്റെയീ പ്രേമ ലേഖനത്തിന്റെ കമെന്റു വാതില്‍ ഞാന്‍ തുറന്നു വെയ്ക്കും. എന്നെയോ നിന്നെയോ കാണാന്‍ നമുക്ക് ആ കമെന്റുകളില്‍ നോക്കേണ്ടതില്ലല്ലോ. അവയില്‍ നോക്കി നമ്മെ കാണുന്നവര്‍ നമ്മെയല്ലല്ലോ കാണുന്നതും. നമ്മളെവിടെയെത്തിഎന്നു കാണാന്‍ തീവണ്ടിയുടെ ജനാല തുറക്കുമ്പോലെ കണ്ടാല്‍ മതി.
പ്രിയമുള്ളവളേ,
നിന്നെ പെണ്ണെ എന്ന് വിളിക്കാന്‍
കൊതിയാവുന്നു എന്ന രഹസ്യത്തിന്റെ
മുദ്രവച്ച കവര്‍ ഞാനിതാ തുറക്കുന്നു.
മജിസ്ട്രെറ്റും പോലീസുകാരുമൊക്കെയുള്ള
നമ്മുടെ പ്രണയകാവ്യത്തിന്റെ
അസുര ദുന്ദുഭി അതില്‍ നിന്നുയരുന്നു.
അറസ്റ്റു വാറണ്ട്
കോടതിയില്‍ നിന്നിറങ്ങി ഓടുന്നു
ലുക്ക് ഔട്ട് നോട്ടീസ്
പത്രക്കൊട്ടാരങ്ങളുടെ
വാതില്‍ക്കല്‍ ഒളിഞ്ഞു നോക്കുന്നു.
നിന്നെ ഞാന്‍
പെണ്ണേ എന്ന് വിളിച്ചേയെന്ന്
ചാനലുകള്‍ സൈറണ്‍ മുഴക്കുന്നു.
നിന്നെ പ്രേമിക്കുന്നതിന് എന്നെപ്പിടിക്കാന്‍
യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു എന്ന
വാര്‍ത്ത സഡന്‍ ബ്രേക്ക് ചെയ്ത്
ചത്തു വീഴുന്നു
നീയെവിടെ?
ആ ചോദ്യം പക്ഷെ
ഞാന്‍ മാത്രേ ചോദിക്കുന്നുള്ളല്ലോ!
#SanalKumarSasidharan #ManjuWarrier #loveletters
ഈ പോസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് സനല്‍ പങ്ക് വച്ചതിങ്ങനെ:
സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്:
Manju Warrier ജീവന്‍ അപകടത്തിലാണ് എന്ന് ഞാന്‍ വിളിച്ചുകൂവാന്‍ തുടങ്ങിയിട്ട് ഇന്ന് ഇരുപത്തി എട്ടു ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഇത്രനാളും അവര്‍ ഞാന്‍ പറഞ്ഞതേക്കുറിച്ച് എന്തെങ്കിലും നിഷേധിച്ചിട്ടില്ല. പോലീസ് കേസെടുത്തു, കോടതിയില്‍ മൊഴികൊടുത്തു എന്ന് പറയുന്നതല്ലാതെ ഒരു തരത്തിലുള്ള രേഖകളും ഇല്ല. ഞാന്‍ പബ്ലിഷ് ചെയ്ത ശബ്ദരേഖ ഇപ്പോഴും എന്റെ ഫെയ്സ്ബുകിലും യുട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഉണ്ട്. ഒന്നും നീക്കം ചെയ്യപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ല.
മഞ്ജു വാര്യര്‍ ഇക്കാര്യങ്ങളില്‍ എന്താണ് പറയുന്നത് എന്ന് ഒരു പത്രപ്രവര്‍ത്തകന് പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ പേജില്‍ വന്ന പുഞ്ചിരികൊണ്ട് മുഖം മറച്ച ഫോട്ടോകളില്‍ പത്രപ്രവര്‍ത്തകന്മാരുടെ വരെ ലൈക്കും കാണാം. കഷ്ടം! ഈ ഫോട്ടോ ഷൂട്ട് ജനങ്ങളെ പറ്റിക്കാനായി ഇപ്പൊ മാഫിയ ഡിസൈന്‍ ചെയ്തത് ആണെന്ന് ഞാന്‍ ആരോപിക്കുന്നു. കണ്ണടകൊണ്ട് മുഖം കാണാതെ എടുത്ത ഫോട്ടോകള്‍ മാത്രം പോസ്റ്റ് ചെയ്യാനായിരുന്നു പ്ലാന്‍. തന്റെ അവസ്ഥ കണ്ണുള്ളവര്‍ കാണട്ടെ എന്ന് ചിന്തിച്ചിട്ട് മഞ്ജു വാര്യര്‍ ഉള്‍പ്പെടുത്തിയതാണ് ഈ ഫോട്ടോ.