Latest News

സലിംകുമാര്‍ അന്തരിച്ചു എന്ന് വാര്‍ത്ത കൊടുക്കും! എന്നിട്ട് എന്നെ വിളിച്ച് ചോദിക്കും..സത്യത്തില്‍ സലിമേട്ടന്‍ മരിച്ചോ? സോഷ്യല്‍ മീഡിയയിലെ തന്റെ മരണത്തെ സലിംകുമാര്‍ നേരിട്ടത് തന്റെ തനതുശൈലിയില്‍; മരണത്തെപ്പോലും ചിരിയോടെ സ്വീകരിച്ച സലീംകുമാര്‍ മടങ്ങുമ്പോള്‍

അശ്വിന്‍ പി ടി
സലിംകുമാര്‍ അന്തരിച്ചു എന്ന് വാര്‍ത്ത കൊടുക്കും! എന്നിട്ട് എന്നെ വിളിച്ച് ചോദിക്കും..സത്യത്തില്‍ സലിമേട്ടന്‍ മരിച്ചോ? സോഷ്യല്‍ മീഡിയയിലെ തന്റെ മരണത്തെ സലിംകുമാര്‍ നേരിട്ടത് തന്റെ തനതുശൈലിയില്‍; മരണത്തെപ്പോലും ചിരിയോടെ സ്വീകരിച്ച സലീംകുമാര്‍ മടങ്ങുമ്പോള്‍

സ്റ്റേജില്‍ നിന്ന് ടെലിവിഷനിലേക്കും പിന്നാലെ സിനിമയിലേക്കും അവിടെ നിന്ന് ദേശീയപുരസ്‌കാരത്തിന്റെ തിളക്കത്തില്‍ വരെ നടന്നുകയറിയ ജീവിതമായിരുന്നു സലിംകുമാറിന്റെത്. വേദിയില്‍ പ്രത്യക്ഷപ്പെട്ട അവസാന അവസരത്തില്‍പ്പോലും തന്റെ സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പ് തൊടുത്താണ് വേഷങ്ങള്‍ ബാക്കിയാക്കി അകാലത്തില്‍ മടങ്ങുന്നത്. 

സിനിമയിലും വ്യക്തിജീവിതത്തിലും തനത് ശൈലിയുടെ ഗുണം പേറുന്ന അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു സലിംകുമാര്‍. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് സജീവ സിനിമയില്‍ നിന്ന് ഇടവേളയെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ പലകുറി മരണം നേരിടേണ്ടി വന്നിട്ടുണ്ട് സലീംകുമാറിന്. ആ സമയങ്ങളിലൊക്കെയും തന്റേതായ രീതിയില്‍ ഒരു ചിരിയോടെയാണ് സലിംകുമാര്‍ അതിനെയൊക്കെയും നേരിട്ടത്.

അതിനെപറ്റി ഒരിക്കല്‍ അദ്ദേഹം തന്നെ പറഞ്ഞത് ഇങ്ങനെ..സോഷ്യല്‍ മീഡിയ കാലത്ത് മലയാളിക്ക് മരണം ഒരു കൗതുകമോ തമാശയോ ആയി മാറിയിട്ടുണ്ട്. അച്ചടി മാധ്യമങ്ങളില്‍ ഒരു വ്യാജ വാര്‍ത്ത വന്നാല്‍ അത് പരിശോധിക്കാനും നിജസ്ഥിതി ഉറപ്പു വരുത്താനും എഡിറ്റര്‍മാരുണ്ട്. സോഷ്യലില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണ്. എന്നെ അവര്‍ ഒന്നല്ല പല തവണയാണ് കൊന്നത്.സലിംകുമാര്‍ അന്തരിച്ചു എന്ന് വാര്‍ത്ത കൊടുക്കും. എന്നിട്ട് എന്നെ വിളിച്ച് ചോദിക്കും. സത്യത്തില്‍ സലിമേട്ടന്‍ മരിച്ചോ? ഇല്ലല്ലോ എന്ന് പറയുമ്പോള്‍ അവര്‍ ചിരിക്കും. നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടി ഈ വാര്‍ത്തയെന്ന് ചോദിച്ചാല്‍ ഒരാള്‍ പറഞ്ഞതാണെന്ന് പറയും. ആരെങ്കിലും ഒരാള്‍ എവിടെയോ ഇരുന്ന് നമ്മുടെ മരണം തീരുമാനിക്കുകയാണ്. വന്നു വന്ന് കാലന്റെ റോള്‍ പോലും ഇവര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

മരണത്തെപ്പോലും എന്നും പോസറ്റീവ് ആയിട്ടായിരുന്നു സലീംകുമാര്‍ കണ്ടത്. തന്റെ അമ്പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം പങ്കുവെച്ചൊരു കുറിപ്പ് ഇങ്ങനെയായിരുന്നു.. 'ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. 

അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്.അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സലിംകുമാര്‍'

ഈ പോസ്റ്റിനെപ്പറ്റി പലവിധ ചര്‍ച്ചകളും പിന്നീടുണ്ടായി.അതിനെപ്പറ്റി ഒരഭിമുഖത്തില്‍ അദ്ദേഹം തന്നെ പറഞ്ഞത് ഇങ്ങനെ.. 55 -ാം വയസ്സില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ അസ്തമയത്തെക്കുറിച്ചുളള സൂചനകളുണ്ട്.അത് വേണ്ടിയിരുന്നോ എന്ന് പലരും ചോദിച്ചു.അതൊരു സത്യമാണെന്നിരിക്കെ മറച്ചു വയ്ക്കുന്നതെന്തിന് എന്നാണ് എനിക്ക് തോന്നിയത്.നമ്മളെല്ലാം ഒരു തോണിയില്‍ സഞ്ചരിക്കുന്ന ആളുകളാണ്.ഒരിക്കല്‍ ഒരു ചുഴിയില്‍ നമ്മള്‍ അകപ്പെടും.നമുക്ക് മുന്‍പ് സഞ്ചരിച്ചവരൊക്കെ അകപ്പെട്ടിട്ടുണ്ട്.അത് മനസിലുണ്ടെങ്കില്‍ നാം അന്യരെ ദ്രോഹിക്കില്ല.ആ ചിന്ത ഇല്ലാത്തവര്‍ക്കാണ് എനിക്ക് അവരെ ശരിപ്പെടുത്തി കളയാമെന്ന് തോന്നുന്നത്.

ഞാന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാറില്ല.കാരണം അസ്തമയത്തെക്കുറിച്ചുളള ചിന്ത മനസിലുണ്ട്. ഭൂമിയില്‍ നിന്ന് വിട പറഞ്ഞ് പോകേണ്ടവന്‍ മറ്റൊരു ജീവനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ എന്താണ് അര്‍ത്ഥം? അങ്ങനെ നോക്കുമ്പോള്‍ അസ്തമയത്തെക്കുറിച്ചുളള ചിന്തയും പോസിറ്റീവല്ലേ? പക്ഷെ ആളുകള്‍ പറയുന്നത് അത് നെഗറ്റീവാണെന്നാണ്.നെഗറ്റീവും പോസിറ്റീവും തമ്മില്‍ തിരിച്ചറിയാത്തവരാണ് നമ്മുടെ നാട്ടില്‍ കൂടുതലും.

മിക്കപ്പോഴും ചിരിച്ചുമാത്രമാണ് സലിംകുമാറിനെ പ്രക്ഷകര്‍ കണ്ടിട്ടുള്ളത്.അ ചിരിയിലൂടെ പ്രേക്ഷകന്റെ മുഖത്തും അദ്ദേഹം ചിരിപടര്‍ത്തി.അ ചിരി അവശേഷിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നതും

Read more topics: # സലിംകുമാര്‍
salim kumar passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES