പ്രളയദുരിതത്തിൽ സഹായം തേടിയെത്തിയവർക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയ നടൻ സലിംകുമാറും ദുരിതത്തിൽ സഹായം തേടി രംഗത്ത്. തന്റെ വീടിന്റെ ഒന്നാം നിലയും കടന്ന് രണ്ടാം നിലയിലേക്ക് വെള്ളം കടന്നതോടെയാണ് തന്റെ കുടുംബം ഉൾപ്പടെ ഇവിടെ അകപ്പെട്ട 30ലധികം പേരെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി താരം രംഗത്തെത്തിയത്.
പറവൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ആലംമാവ് ജംഗ്ഷനിലാണ് താരത്തിന്റെ വീട്. ഇവിടെ മുപ്പതോളം പേർക്ക് അഭയം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് സലിം കുമാറിന്റെ വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. ഇതോടെ താരമുൾപ്പെടുയുള്ള 30ലധികം പേർ രണ്ടാം നിലയിലേക്ക് മാറുകയായിരുന്നു. എന്നാൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നതോടെ രണ്ടാം നിലയും മുങ്ങുന്ന അവസ്ഥയിലാണ്.
വൈകുന്നേരം മൂന്ന് മണിയോടെ വീട് ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചെങ്കിലും ആളുകൾ അഭയം ചോദിച്ചെത്തിയതോടെ ഇവിടെ തുടരാൻ തീരുമാനിച്ചു. ഉച്ചയോടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്കും വെള്ളം കയറുന്ന സാഹചര്യമാണ്. നിരവധി പ്രായമായവർ ഒപ്പമുണ്ടെന്നും താരം പറയുന്നു. ഇനിയും വെള്ളം കയറിയാൽ ടെറസിന് മുകളിൽ കയറാം. എന്നാൽ ടെറസിൽ കയറാൻ സ്റ്റെയറുകളില്ല, പോരാത്തതിന് സ്ഥലം കുറവ്. എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയാണ്. പലരെയും ഫോൺ ചെയ്തുപറഞ്ഞിട്ടുണ്ട്.
തൊട്ടടുത്തുള്ള മൂന്ന് കുടുംബങ്ങളും ഇതുപോലെ കുടുങ്ങിക്കിടക്കുകയാണ്. വീടിന് മുന്നിൽ നല്ല ഒഴുക്കാണ്. നീന്തിപ്പോകാൻ പോലും കഴിയാത്ത അവസ്ഥയാണ് സലിം കുമാർ പറയുന്നത്.