നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളന്‍ നടനെ കുത്തുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടന്‍ ഇപ്പോള്‍ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ആറ് തവണയാണ് നടന് കുത്തേറ്റത്. പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തിരമായി നടനെ ഓപ്പറേഷന് വിധേയമാക്കി. ഒരു മുറിവ് നട്ടെല്ലിന് അടുത്തായത് ആശങ്കയുണ്ടാക്കുന്നുണ്ട് എന്നും ഓപ്പറേഷന് ശേഷമേ കാര്യങ്ങള്‍ പറയാനാകൂ എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വീട്ടില്‍ കവര്‍ച്ചയ്ക്ക് എത്തിയ അക്രമിയാണ് നടനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാതനായ ഒരാള്‍ നടന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതായും ഇയാളുമായുള്ള മല്‍പ്പിടിത്തതിനിടെ നടന് പരുക്കേറ്റതായും മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ 3-3.30 നും ഇടയിലാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ ആറോളം മുറിവുകളുണ്ട്. ഇതിലൊരണ്ണം നട്ടെല്ലിന് വളരെ അടുത്താണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
സെയ്ഫ് അലി ഖാന്റെ വസതിയില്‍ മോഷണശ്രമം നടന്നുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടന്റെ ഭാഗത്തുനിന്നുള്ള ഒദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാധ്യമങ്ങളും ആരാധകരും ക്ഷമയോടെ കാത്തിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് ഒരു കള്ളന്‍ നടന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ സ്‌ക്രീനോട് പറഞ്ഞത്. ആ സമയത്ത് വീട്ടിലെ നാനി അയാളെ കണ്ടു. അവര്‍ ഉറക്കെ ബഹളം വച്ചു. ഇതുകേട്ടാണ് സെയ്ഫ് എത്തിയത്. കള്ളന്റെ കയ്യില്‍ കത്തി ഉണ്ടായിരുന്നു. സെയ്ഫ് കള്ളനെ തടയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരൊക്കെയുണ്ടായിരുന്നുവെന്ന് അറിയില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.