തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെയാരാധകരുള്ള താരമാണ് സായ് പല്ലവി. അനുജത്തിയോട് ഏറെ സ്‌നേഹമുള്ള താരം ഇപ്പോഴിതാ വികാരഭരിതമായ പോസ്റ്റിനൊപ്പം അനിയത്തി പൂജയുടെ വിവാഹചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്.
പൂജയുടെ വിവാഹത്തിന്റെ മൂന്ന് മാസ വാര്‍ഷികത്തിലാണ് താരം ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. ആ സന്തോഷനിമിഷങ്ങളെക്കുറിച്ച് വാചാലയായുള്ള താരത്തിന്റെ പോസ്റ്റ് വൈറലാകുകയാണ്.
അവളുടെ വിവാഹം എന്റെ ജീവിതത്തിലെ അടുത്ത ഘട്ടമാണെന്ന് എനിക്കറിയാം. സന്തോഷം കൊണ്ട് ഡാന്‍സ് ചെയ്തതിനൊപ്പം തന്നെ ഇമോഷണലായി അവളെ അനുഗ്രഹിക്കുകയും ചെയ്ത നിമിഷങ്ങളാണ്. ചടങ്ങില്‍ സന്നിഹിതരായ ഓരോ ആത്മാവും കണ്ണീരൊഴുക്കുന്നതിനും അവരെ അനുഗ്രഹിക്കുന്നതിനും സന്തോഷത്തില്‍ നൃത്തം ചെയ്യുന്നതിനും ഞാന്‍ സാക്ഷിയായി. പൂജയുടെ ഈ വലിയ ചുവടു വയ്പ്പില്‍ ഞാന്‍ തയ്യാറായിരുന്നില്ല, കാരണമെനിക്കിത് പുതിയതായിരുന്നു. ജീവിതത്തിലെ കാര്യങ്ങളില്‍ ഞാന്‍ എപ്പോഴും ചെയ്യുന്നതുപോലെ ഇക്കാര്യത്തില്‍ ഗുണദോഷങ്ങളെ കുറിച്ച് അവളെ ഉപദേശിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
വിവാഹം എന്താണെന്നോ, അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ പറഞ്ഞ് കൊടുക്കാന്‍ എനിക്കറിയില്ല. അവളുടെ തീരുമാനം അവളാഗ്രഹിച്ചത് പോലെ നടക്കട്ടെ എല്ലാം. പക്ഷേ, ഒന്നെനിക്കറിയാമായിരുന്നു എന്റെ പ്രിയ വിനീത്, ഞാന്‍ ചെയ്യുന്നതുപോലെ അല്ലെങ്കില്‍ അതിലും കൂടുതല്‍ പൂജയെ ലാളിക്കുമെന്നും സ്‌നേഹിക്കുമെന്നും ഉറപ്പായിരുന്നു. കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസമായി, ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും ശരിയായി ഒരിക്കലും ചെയ്തിട്ടില്ല. ദൈവത്തിനും അവരെ സ്നേഹവും പോസിറ്റിവിറ്റിയും ചൊരിഞ്ഞ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.
എന്നെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു, വിലപ്പെട്ടതായിരുന്നു ഈ നിമിഷം. ഇത്തവണ ഇമോഷന്‍സ് ഒളിപ്പിച്ച് വെക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു എന്ന് തോന്നുന്നു. വാക്കുകളിലൂടെ വിവരിക്കാനാവില്ല എന്റെ സന്തോഷം. ഈ ചിത്രങ്ങള്‍ എനിക്കെത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാനാവില്ല...'' ചിത്രങ്ങള്‍ക്കൊപ്പം സായ് പല്ലവി കുറിച്ചു.
ഒപ്പം ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്കും താരം നന്ദി കുറിച്ചിട്ടുണ്ട്. ''ഇഷാന്ത് നീയും ഖുശ്ബുവും മാജിക്കായിരുന്നു.. ഓരോ ചിത്രവും ഒരു പെയിന്റിംഗ്, വാക്കുകളിലൂടെ പറയാനാവാത്ത നിമിഷങ്ങള്‍...അവസാന 10 ചിത്രങ്ങള്‍ വിവേക് പകര്‍ത്തിയതായിരുന്നു, നിങ്ങള്‍ പകര്‍ത്തിയ ദശലക്ഷക്കണക്കിന് വിലയേറിയ നിമിഷങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു...'' എന്നാണ് താരം കുറിച്ചത്.
പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹമായിരുന്നു എന്ന് താരം പങ്കിട്ട ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. സഹതാരങ്ങളും ആരാധകരും ആശംസകള്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
സഹോദരിയുടെ വിവാഹചിത്രങ്ങള്‍ക്കൊപ്പം സായ് തന്റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ രസകരമായി പങ്കുവച്ചിട്ടുണ്ട്. ''ഇനി നമുക്ക് എലിജിബിള്‍ ബാച്ചിലറെറ്റായ അതായത് വധുവിന്റെ സഹോദരിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം...'' എന്ന ക്യാപ്ഷനൊപ്പമാണ് സായ് പല്ലവി തന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഒരു ചിത്രത്തില്‍ സിമ്പിളായ വെള്ള സാരിയും മുത്തുമാലയും ചുവന്ന ബിന്ദിയുമണിഞ്ഞാണ് താരം അതിശയിപ്പിക്കുന്നത്. മറ്റൊരു ചിത്രത്തില്‍, ചുവന്ന സാരിയില്‍, വിശാലമായി പുഞ്ചിരിക്കുന്നതായി കാണപ്പെട്ടു. മറ്റൊരു ചിത്രത്തില്‍ വിനീതിന്റെ നെറ്റിയില്‍ ഹല്‍ദി ചാര്‍ത്തുന്നതുമുണ്ട്. ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ കമന്റുകളടക്കം നല്‍കി ഏറ്റെടുത്തിരിക്കുന്നത്.
സായിയുടെ സഹോദരി പൂജ ചിത്തിരൈ സേവ്വാനത്തിലൂടെ നടിയായി അരങ്ങേറ്റം കുറിച്ചിരുന്നു. പ്രേമം എന്ന മലയാളം ചിത്രമാണ് സായ് പല്ലവിയുടെ അഭിനയ അരങ്ങേറ്റം. തെലുങ്ക്, തമിഴ് ബ്ലോക്ക്ബസ്റ്ററുകളിലും സായ് പല്ലവി അഭിനയിച്ചിട്ടുണ്ട്. ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച അമരന്‍ എന്ന ചിത്രത്തിലാണ് സായി അവസാനമായി അഭിനയിച്ചത്. ഒക്ടോബര്‍ 31 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ബയോപിക് ഡ്രാമ വന്‍ ബോക്‌സോഫീസ് വിജയമായിരുന്നു. നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേത്തിയുടെ തണ്ടേല്‍, സായിയുടെ വരാനിരിക്കുന്ന നിരവധി പ്രോജക്ടുകളില്‍ ഒന്നാണ്. ജുനൈദ് ഖാനൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, കൂടാതെ നിതേഷ് തിവാരിയുടെ രാമായണത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പം സീതയായിട്ടും താരം അഭിനയിക്കുന്നുണ്ട്.