പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം അവസാനത്തോടെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ഇതിനിടെ തന്റെ പുതിയ ലുക്കിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സംവിധാനം ചെയ്ത സിനിമ പൂര്‍ത്തിയാക്കി കൈമാറിയെന്നും ഇനി നടനെന്ന നിലയില്‍ പുതിയ ഭാവമാണെന്നും പൃഥ്വി ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു. മറ്റൊരു ഭാഷയില്‍ സംഭാഷണം പറയേണ്ടതിനെ കുറിച്ചുള്ള പരിഭ്രമവും പൃഥ്വി പങ്കുവെച്ചു.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ലുക്കിലുള്ള ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രണ്ട് മണിക്കൂറുകള്‍ക്കകം രണ്ടുലക്ഷത്തിലേറെ പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്യുകയും ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തത്...
ഭാര്യയും മകളുമുണ്ടെന്ന് മറക്കരുതെന്നാണ് പൃഥ്വിരാജിന്റെ ജീവിതപങ്കാളി സുപ്രിയ മേനോന്‍ ചിത്രത്തിന് താഴെ തമാശയായി കമന്റ് ചെയ്തിരിക്കുന്നത്..രാജമൗലി ചിത്രത്തിന് വേണ്ടിയുള്ള ലുക്ക് ആണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് 27 ന് തിയേറ്ററിലെത്തും. 'എമ്പുരാന്‍' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിംഗ്, ജെറോം ഫ്‌ലിന്‍ എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.
അതേസമയം ഹോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയുമായാണ് എമ്പുരാന്‍ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തും.
ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ലൂസിഫറിലെ അഭിനേതാക്കളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ട്.