Latest News

കൊടുക്കാനുള്ള 17 ലക്ഷം രൂപ കിട്ടാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് പറഞ്ഞു; നിര്‍മ്മാതാവിന് കിടപ്പാടം വിറ്റ് പണം നല്‍കേണ്ടി വന്നു; ഒരു കാലഘട്ടത്തില്‍ കഥ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു; സുരേഷ് ഗോപിക്കെതിരെ നിര്‍മ്മാതാവ് സാബു സര്‍ഗ്ഗത്തിന്റെ വെളിപ്പെടുത്തല്‍

Malayalilife
കൊടുക്കാനുള്ള 17 ലക്ഷം രൂപ കിട്ടാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് പറഞ്ഞു; നിര്‍മ്മാതാവിന് കിടപ്പാടം വിറ്റ് പണം നല്‍കേണ്ടി വന്നു; ഒരു കാലഘട്ടത്തില്‍ കഥ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു; സുരേഷ് ഗോപിക്കെതിരെ നിര്‍മ്മാതാവ് സാബു സര്‍ഗ്ഗത്തിന്റെ വെളിപ്പെടുത്തല്‍

മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് സാബു സര്‍ഗ്ഗം നടന്‍ സുരേഷ് ഗോപിക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. പൊതുവെ ദാനധര്‍മ്മിഷ്ഠന്‍ എന്ന് അറിയപ്പെടുന്ന സുരേഷ് ഗോപി, യഥാര്‍ത്ഥത്തില്‍ സിനിമാ നിര്‍മ്മാതാക്കളെ സഹായിക്കാറില്ലെന്നും പലരെയും ദുരിതത്തിലാക്കിയിട്ടുണ്ടെന്നുമാണ് സാബു സര്‍ഗ്ഗത്തിന്റെ പക്ഷം. 

അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. സാധാരണക്കാരായ നിര്‍മ്മാതാക്കള്‍ പോലും അദ്ദേഹത്തിന്റെ മുന്നില്‍ സഹായത്തിനായി യാചിക്കേണ്ടി വന്നിട്ടുണ്ടെന്നും, പണം ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും സാബു ആരോപിക്കുന്നു. സാബു സര്‍ഗ്ഗം ചൂണ്ടിക്കാട്ടിയ ഒരു പ്രധാന സംഭവം 17 ലക്ഷം രൂപ പ്രതിഫലം ലഭിക്കാനുള്ള ഒരു നിര്‍മ്മാതാവിനോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റമാണ്. സാമ്പത്തികമായി വലിയ നിലയിലല്ലാത്ത ആ നിര്‍മ്മാതാവ് തന്റെ വീട് വിറ്റ് പണം എത്തിച്ചതിന് ശേഷമാണ് സുരേഷ് ഗോപി ആ സിനിമ പൂര്‍ത്തിയാക്കാന്‍ തയ്യാറായതെന്ന് സാബു പറയുന്നു. 

17 ലക്ഷം ഉണ്ടെങ്കിലേ ഞാന്‍ ചെയ്യൂ, നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല സിനിമ' എന്ന് പറഞ്ഞ് നിര്‍മ്മാതാവിനെ അദ്ദേഹം തിരിച്ചയച്ചുവെന്നും ഇത് ഒരു സിനിമാപ്രവര്‍ത്തകനെ സംബന്ധിച്ച് ഏറെ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഒരു കാലഘട്ടത്തില്‍ കഥ കേള്‍ക്കാന്‍ പോലും 10 ലക്ഷം രൂപ അഡ്വാന്‍സ് ചോദിക്കുന്ന രീതി സുരേഷ് ഗോപി അവലംബിച്ചിരുന്നുവെന്നും ഇത് ഒരു നീതിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

മറ്റ് സൂപ്പര്‍ താരങ്ങളുമായുള്ള താരതമ്യവും സാബു സര്‍ഗ്ഗം തന്റെ സംസാരത്തില്‍ കൊണ്ടുവന്നു. മോഹന്‍ലാല്‍ ചെന്നൈയിലെ പ്രായമായ സിനിമാപ്രവര്‍ത്തകര്‍ക്ക് ആരുമറിയാതെ മാസംതോറും സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും എന്നാല്‍ സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങള്‍ ലോകം മുഴുവന്‍ അറിയുന്നത് അദ്ദേഹം അത് വിളിച്ചുപറയുന്നത് കൊണ്ടാണെന്നും സാബു പരിഹസിച്ചു. സിനിമയില്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്ന സംവിധായകര്‍ പോലും തുടക്കകാലത്ത് അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കാന്‍ മടിച്ചിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ഒരു സിനിമാക്കാരനെ സുരേഷ് ഗോപി കരയിച്ചതിന് താന്‍ നേരിട്ട് സാക്ഷിയാണെന്ന് പറഞ്ഞുകൊണ്ടാണ് സാബു തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. ഈ ആരോപണങ്ങള്‍ സുരേഷ് ഗോപിയുടെ ആരാധകര്‍ക്കിടയിലും സിനിമാ പ്രേമികള്‍ക്കിടയിലും വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
 

sabu sargam against suresh gopi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES