കല്യാണരാമനില്‍ ദിലീപിന്റെ മുത്തച്ഛനായി എത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആളാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ചിത്രത്തിലെ അഭിനയത്തിന് ശേഷം മലയാള സിനിമയില്‍ മുത്തച്ഛന്‍ കഥാപാത്രങ്ങളുടെ മുഖമായി അദ്ദേഹം മാറുകയായിരുന്നു. 2012-ലാണ് ഒടുവില്‍ അദ്ദേഹം സിനിമയില്‍ അഭിനയിച്ചത്. ഇന്നലെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ 97-ാം പിറന്നാള്‍.
നടന്‍ ദിലീപിന്റെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കല്യാണരാമന്‍. ചിത്രത്തിലെ ഓരോ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ സെന്റിമെന്‍സിലൂടെയും കോമഡിയിലൂടെയും ശ്രദ്ധിക്കപ്പെട്ട ആളാണ് ഗോപാലകൃഷ്ണന്‍ എന്ന മുത്തച്ഛന്‍.ദേശാടനത്തിലൂടെ മുത്തച്ഛനായി എത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പിന്നീട് മലയാള സിനിമയുടെ മുത്തച്ഛനായി മാറുകയായിരുന്നു. കൈകുടന്ന നിലാവ്, മധുര നൊമ്പരക്കാറ്റ്, സദാനന്ദന്റെ സമയം, നോട്ട് ബുക്ക്, രാപ്പകല്‍, ലൗഡ് സപീക്കര്‍, പോക്കിരി രാജ, കല്യാണരാമന്‍, മായാ മോഹിനി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം 2012 ലാണ് അവസാനമായി വെളളിത്തിരിയിലെത്തിയത്. ഇന്നും മലയാള സിനിമയിലെ മുത്തശ്ശന്‍ കഥാപാത്രങ്ങളില്‍ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് കല്യാണരാമനിലെ കഥാപാത്രമാണ്. ഇന്ന് മലയാള സിനിമയിലെ മുത്തച്ഛന്‍ 97-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്നലെ ആയിരുന്നു പിറന്നാള്‍.
കോറോത്തെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ആഘോഷം. തുലാമാസത്തിലെ തിരുവോണം നാളായ തിങ്കളാഴ്ച ഇല്ലത്ത് പ്രത്യേക പൂജകള്‍ നടന്നു. പേരക്കുട്ടി നിഹാരയുടെ ഒന്നാം പിറന്നാളിനൊപ്പമായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ പിറന്നാളാഘോഷവും. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വീട്ടിലെത്തി ആശംസ നേര്‍ന്നു. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ.പി.മധു ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ ഫോണിലൂടെ ആശംസ നേര്‍ന്നു. പിറന്നാളിന്റെ ഭാഗമായി കോറോം ദേവീസഹായം യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി പായസവിതരണം നടത്തി.
പുല്ലേലി ഇല്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി പയ്യന്നൂരിലെ കോറോം പുല്ലേലി വാധ്യാര്‍ ഇല്ലത്ത് ജനിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് സിനിമയുമായുള്ള ഏക ബന്ധം മകളുടെ ഭര്‍ത്താവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സിനിമ ഗാന രചയിതാവ് ആണെന്നത് മാത്രമായിരുന്നു. എന്നാല്‍ അസാമാന്യ അഭിനയ മികവ് കൊണ്ട് സംവിധായകനെ പോലും ഞെട്ടിച്ചുകളഞ്ഞു ഈ മുത്തശ്ശന്‍ അന്ന്. പിന്നീടങ്ങോട്ട് മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹസന്‍, രാജനീകാന്ത് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളോടൊപ്പം അഭിനയിച്ച് താരങ്ങളുടെ കൂട്ടത്തിലെ സൂപ്പര്‍ താരമായി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മാറി. മാത്രമല്ല ലോക സുന്ദരി ഐശ്വര്യ റായിയുടെ മുത്തച്ഛനായിട്ടും അഭിനയിച്ചു ഈ മുത്തശ്ശന്‍. എണ്ണിപ്പറയാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ച ഓരോ സിനിമകളിലും കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു. യോഗയും ചിട്ടയായ ജീവിതവും ആണ് ഈ പ്രായത്തിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആരോഗ്യവാനായി ഇരിക്കാനുള്ള രഹസ്യം.