നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് രഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ ആഹ്വാനം ചെയ്തു. മനുഷ്യ മനസ്സ് കാണാന്‍ കഴിയാത്തവര്‍ ഭരിക്കാന്‍ വരരുതെന്നും ഇതിന്റെ പേരില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും നേരിടുമെന്നും രഞ്ജു കുറിച്ചു.
'നോ ട്രാന്‍സ് വോട്ട് ടു ബിജെപി' എന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് രഞ്ജുവിന്റെ കുറിപ്പ്.വിവരമുള്ള ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റികളേ, ദയവു ചെയ്ത് നിങ്ങള്‍ എന്തിന്റെ പേരില്‍ ആണെങ്കിലും ഈ പാര്‍ട്ടിക്ക് വോട്ട് നല്‍കരുത്. നാളെ ഒരുപക്ഷേ എന്നെ ഇല്ലാതാക്കിയേക്കാം, തേജോവധം ചെയ്‌തേക്കാം. പക്ഷേ എന്തുവന്നാലും നേരിടും,' രഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നത് ചര്‍ച്ചയായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങിയവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി വന്നാല്‍ കേരളത്തിന്റെ ചരിത്രം മാറുമെന്നും തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് നാട് വളരുമെന്നുമാണ് സീമ വിനീത് അടക്കമുള്ളവര്‍ നിലപാടെടുത്തത്.
എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സെലിബ്രിറ്റികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് രഞ്ജു രഞ്ജിമാറിന്റെ പരസ്യമായ ഈ ആഹ്വാനം ശ്രദ്ധേയമാകുന്നത്.