നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവന് വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസോസ്യേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായര്‍ ഇരുവര്‍ക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ അത് ഔദ്യോഗികമായി എന്നാണ് ചിത്ര കുറിച്ചത്.
തിങ്കളാഴ്ച നിശ്ചയം, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളുടെയെല്ലാം കാസ്റ്റിംഗ് ഡയറക്ടറായിരുന്നു രാജേഷ് മാധവന്. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ രാജേഷിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. അമൃതയില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായും ഏഷ്യാനെറ്റ് ന്യൂസില്‍ പ്രോഗ്രാം പ്രൊഡ്യൂസറായുമൊക്കെ ജോലി ചെയ്തിടുള്ള രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്.
സനല്‍ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടാണ് രാജേഷിന്റെ തുടക്കം. തിരക്കഥയെഴുത്തില്‍ താല്‍പ്പര്യമുള്ള രാജേഷും സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികില്‍ കഥ പറയാന്‍ ചെന്നതാണ് വഴിത്തിരിവായത്. ദിലീഷ് മഹേഷിന്റെ പ്രതികാരത്തില്‍ ഒരു ചെറിയ വേഷം നല്‍കിയതോടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.