നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ എത്തിയതായും ഹൃദയത്തിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്നതിനാല്‍ വെന്റിലേറ്റര്‍ സഹായം കുറച്ചിരിക്കുകയാണ്. അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് സംവിധാനത്തില്‍ ഐസിയുവില്‍ തുടരുകയാണ് രാജേഷ്.
ചെറിയ ന്യൂറോളജിക്കല്‍ പുരോഗതി രാജേഷില്‍ കാണുന്നുവെന്നും ഇത് പ്രതീക്ഷ നല്‍കുന്ന ലക്ഷണങ്ങളാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ക്രിറ്റിക്കല്‍ കെയര്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎന്ററോളജി, ഒഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെയാണ് 47 കാരനായ രാജേഷ് കേശവ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ആന്‍ജിയോപ്ലാസ്റ്റി നടത്തുകയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് തലച്ചോറില്‍ ബാധ ഉണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍.
ടെലിവിഷന്‍ രംഗത്ത് കരിയര്‍ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ അവതാരകനായി അറിയപ്പെടുന്നു. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളിലും ടോക്ക് ഷോകളിലും അവതാരകനായെത്തിയ അദ്ദേഹം 'ബ്യൂട്ടിഫുള്‍', 'ട്രിവാന്‍ഡ്രം ലോഡ്ജ്', 'ഹോട്ടല്‍ കാലിഫോര്‍ണിയ', 'നീന', 'തട്ടും പുറത്ത് അച്യുതന്‍' എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.