സിനിമാ സീരിയല്‍ നടനായ രാജേഷ് ഹെബ്ബാറിന്റെ മകന്റെ വിവാഹമായിരുന്നു ഇന്നലെ. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് നടന്റെ മകന്‍ ആകാശ് തന്റെ പ്രണയിനിയായ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. നോര്‍ത്തിന്ത്യക്കാരിയായ മാന്‍സി സോങ്കര്‍ ആണ് ആകാശിന്റെ വധുവായി എത്തിയിരിക്കുന്നത്. നോര്‍ത്തിന്ത്യന്‍ വിവാഹം വച്ച് നോക്കുമ്പോള്‍ കേരളാ കല്യാണങ്ങള്‍ അടിമുടി വ്യത്യസ്തമാണെങ്കിലും മലയാളത്തനിമയില്‍ വധുവായി എത്തുകയായിരുന്നു മാന്‍സി.
രാജേഷ് ഹെബ്ബാറിന്റെ കുടുംബം ഉഡുപ്പി ബ്രാഹ്മണരാണ്. അതുകൊണ്ടുതന്നെയാണ് അവിടുത്തെ പരമ്പരാഗത രീതികള്‍ അനുസരിച്ചുള്ള വിവാഹം നടത്തിയതും. വധു മാന്‍സിയുടെ കുടുംബവും കല്യാണ ചടങ്ങുകള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്തതോടെ അതിഗംഭീരമായി മാറുകയായിരുന്നു ചടങ്ങുകള്‍.
താലി കെട്ടിന് ശേഷം വീട്ടിലെത്തിയ മന്‍സിക്കും ആകാശിനും ഗംഭീര വരവേല്‍പ്പായിരുന്നു നടനും കുടുംബവും ഒരുക്കിയത്. ഭാര്യയ്ക്ക് വേണ്ടിയൊരു പാട്ട് പാടി കൊടുക്കാനായിരുന്നു ആകാശിനോട് ബന്ധുക്കള്‍ പറഞ്ഞത്. ഭാര്യയുടെ മുഖത്ത് നോക്കി തന്നെ ആകാശ് പാട്ട് പാടുകയായിരുന്നു. ബന്ധുക്കളെല്ലാം കൈയ്യടിച്ച് പോത്സാഹിപ്പിക്കുകയും ചെയ്തു. ഭാഗ്യാ ലക്ഷ്മീ ബാരമ്മ കീര്‍ത്തനം പാടിയായിരുന്നു മന്‍സിയെ ബന്ധുക്കള്‍ വരവേറ്റത്.
ഭാഗ്യം കൊണ്ടുവരുന്ന ലക്ഷ്മീ വരൂ, സൗഭാഗ്യം കൊണ്ടുവരുന്ന ലക്ഷ്മീ വരൂയെന്നാണ് ഈ കീര്‍ത്തനത്തിന്റെ അര്‍ത്ഥം. ശുഭകാര്യങ്ങള്‍ നടക്കുമ്പോളാണ് ഈ കീര്‍ത്തനം ആലപിക്കാറുള്ളത്. മന്‍സി വലതുകാല്‍ വെച്ച് വീട്ടിലേക്ക് കയറുമ്പോള്‍ എല്ലാവരും മനസ് നിറഞ്ഞ് പാടുകയായിരുന്നു. മക്കളെ ആരതിയുഴിഞ്ഞത് അനിതയായിരുന്നു.
വീട്ടിലേക്ക് കയറിയതിന് പിന്നാലെ ആകാശിന്റെ ഇരട്ട സഹോദരിമാരുടെ വകയും ചില പണികളുണ്ടായിരുന്നു. ആകാശിന് വേണ്ടിയൊരു പാട്ട് പാടാനായിരുന്നു സഹോദരിമാര്‍ പറഞ്ഞത്. നാത്തൂന്റെ പാട്ടിന് കൈയ്യടിച്ച് സഹോദരിമാരും കൂടെപ്പാടുന്നുണ്ടായിരുന്നു. വിവാഹ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ മേഖലയില്‍ നിന്നായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കുചേരാനായി എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തിയതില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു രാജേഷിന്റെ പ്രതികരണം.
ഇതാദ്യമായാണ് ഇത്രയും ഗംഭീരമായൊരു കല്യാണത്തില്‍ പങ്കെടുത്തതെന്നായിരുന്നു അതിഥികളെല്ലാം പറഞ്ഞത്. ചെണ്ട മേളവും ഡാന്‍സുമൊക്കെയായി കുടുംബാംഗങ്ങളെല്ലാം കല്യാണം ആഘോഷിക്കുകയായിരുന്നു. കല്യാണമെന്നാല്‍ ഇതൊക്കെയല്ലേ, ചെണ്ട മേളമൊക്കെയുണ്ടെങ്കില്‍ നല്ലതല്ലേയെന്നായിരുന്നു രാജേഷിന്‍രെ ചോദ്യം. ഷെര്‍വാണിയും തലപ്പാവും മാത്രമല്ല മുല്ലപ്പൂവുമൊക്കെ വെച്ചായിരുന്നു രാജേഷും എത്തിയത്. ഷോബി തിലകന്‍, സാജന്‍ സൂര്യ, ദിനേശ് പണിക്കര്‍, അരുണ്‍, റെയ്ജന്‍, റോണ്‍സണ്‍ വിന്‍സെന്റ്, സൗപര്‍ണിക സുഭാഷ്, ശിവാനി മേനോന്‍, ആര്യ തുടങ്ങി നിരവധി പേരാണ് വിവാഹത്തിലും പിന്നീട് നടന്ന റിസപ്ക്ഷനിലുമായി പങ്കെടുത്തത്.
വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവമാണ് രാജേഷ് ഹെബ്ബാര്‍. സിനിമയും സീരിയലുമായി നിരവധി കഥാപാത്രങ്ങളായി അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. മൂന്ന് മക്കളാണ് രാജേഷിനും അനിതയ്ക്കും. ആകാശിന് താഴെയായി ഇരട്ട പെണ്‍കുട്ടികളാണ്.