Latest News

അച്ഛന് അസുഖമായി ചികിത്സക്കായി അമേരിക്കയില്‍ പോയ സമയം; വീട്ടില്‍ ഒറ്റയ്ക്കായിരുന്ന എന്റെ മുന്നില്‍ സാക്ഷാല്‍ പ്രേംനസീര്‍;പ്രേം നസീര്‍ സ്‌ക്രീനില്‍ എത്തുമ്പോഴൊക്കെ, എവിടെ നിന്നോ വരുന്ന  ആ സുഗന്ധം മുറിയിലാകെ; ആദ്യമായി നിത്യഹരിത നായകനെ നേരില്‍ കണ്ട ബാല്യം ഓര്‍ത്തെടുത്ത് മുരളി ഗോപി

Malayalilife
 അച്ഛന് അസുഖമായി ചികിത്സക്കായി അമേരിക്കയില്‍ പോയ സമയം; വീട്ടില്‍ ഒറ്റയ്ക്കായിരുന്ന എന്റെ മുന്നില്‍ സാക്ഷാല്‍ പ്രേംനസീര്‍;പ്രേം നസീര്‍ സ്‌ക്രീനില്‍ എത്തുമ്പോഴൊക്കെ, എവിടെ നിന്നോ വരുന്ന  ആ സുഗന്ധം മുറിയിലാകെ; ആദ്യമായി നിത്യഹരിത നായകനെ നേരില്‍ കണ്ട ബാല്യം ഓര്‍ത്തെടുത്ത് മുരളി ഗോപി

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച അതുല്യ കലാകാരനാണ് ഭരത് ഗോപി . അഭിനേതാവായി മാത്രമല്ല സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ  മകന്‍ മുരളി ഗോപിയും ഇന്ന് മലയാള സിനിമയിലെ മുന്‍നിര തിരക്കഥാകൃത്തും നടനുമൊക്കെയാണ്. ഇപ്പോളിതാ തന്റെ ബാല്യകാലത്ത് പ്രംനസീര്‍ എന്ന നടനെ നേരിട്ട് കണ്ട അനുഭവം മുരളി ഗോപി സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പ് ഇങ്ങനെയാണ്: 

ചിറയിന്‍കീഴിലെ (തീപ്പെട്ട) സജ്‌ന തിയേറ്ററില്‍ ഇരുന്നു 'രണ്ടു ലോകം' എന്ന സിനിമ കാണുമ്പോഴാണ് ഞാന്‍ ആ പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത്: പ്രേം നസീര്‍ സ്‌ക്രീനില്‍ എത്തുമ്പോഴൊക്കെ, എവിടെ നിന്നോ ഒരു സുഗന്ധം! 
പിന്നീട്, തിരുവനന്തപുരത്തെ സെന്‍ട്രല്‍ തിയേറ്ററില്‍ ഇരുന്നു 'മാമാങ്ക'വും 'തച്ചോളി അമ്പു' വും കണ്ടപ്പോഴും ഇതേ അനുഭവം. പ്രേം നസീര്‍ വരുമ്പോള്‍ മാത്രം എവിടെ നിന്നോ ഒരു സുഗന്ധം. 'നസീറിനു ഭംഗി മാത്രമല്ല സുഗന്ധവും ഉണ്ടോ?' അമ്മയോട് ചോദിച്ചു. അമ്മ ഒത്തിരി ചിരിച്ചു; അച്ഛനോട് ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. 
1988. 
അച്ഛന് അസുഖമായി കഴിഞ്ഞിരുന്നു. ചികിത്സക്കായി അമേരിക്കയില്‍ പോയ സമയം. മധ്യാഹ്നം. 
വീട്ടില്‍ ഒറ്റയ്ക്ക് ഞാന്‍.
കോളിംഗ് ബെല്‍! 
വാതില്‍ തുറന്നു നോക്കുമ്പോള്‍,  എന്റെ മുന്നില്‍ സാക്ഷാല്‍ പ്രേം നസീര്‍ ആ തേജസ്സുറ്റ കണ്ണ്. ആ പുഞ്ചിരി. വൃത്തിയായി കോതിയൊതുക്കിയ സമൃദ്ധമായ ആ മുടി. കാപ്പിപ്പൊടി നിറത്തിലുള്ള ആ സഫാരി സ്യൂട്ട്. 
വിദ്യുത്പ്രഹരം കിട്ടിയ പോലെ ഞാന്‍. 
അദ്ദേഹത്തിന്റെ പിന്നിലായി മറ്റൊരു മുഖം. ദേവരാജന്‍ മാഷ്. 
താരാഘാതം ഏറ്റ (starstruck!) എന്റെ അവസ്ഥ മനസ്സിലായത് കൊണ്ടാവണം നസീര്‍ സാര്‍ എന്റെ തോളത്ത് കൈ വച്ചു കൊണ്ട് പറഞ്ഞു, 
'അ-എന്നെ മനസ്സിലായോ?' (അതേ ശബ്ദം. അതേ ശബ്ദക്രമീകരണം)
ഞാന്‍ അപ്പോഴും മിണ്ടുന്നില്ല.
'എന്റെ പേര് പ്രേം നസീര്‍. അ-സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.'
ഞാന്‍ അപ്പോഴും പ്രതിമ.
എന്റെ മുഖഭാവം ശ്രദ്ധിച്ച ദേവരാജന്‍ മാഷ്: 'പയ്യന്‍ അന്തം വിട്ടുപോയതാണ്. സാരമില്ല.'
നസീര്‍ സാര്‍ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
'മോന് വിരോധമില്ലെങ്കില്‍ ഞാന്‍ ഒന്ന് അകത്തേക്ക് കയറി, അ-കുറച്ചു നേരം ഇരുന്നോട്ടെ...?''
ഞാന്‍ ഡോര്‍ ഇളക്കി മാറ്റിയില്ല എന്നേയുള്ളൂ! 
എന്റെ ആവേശം ശ്രദ്ധിച്ച അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തന്നെ അകത്തു കയറി ഇരുന്നു.
'അച്ഛന്‍ അമേരിക്കയില്‍ ആണ്. ട്രീറ്റ്‌മെന്റിന് പോയതാണ്,'' ഞാന്‍ ഒരു വിധം ഒപ്പിച്ചു. 
'ആണോ? ശരി. അച്ഛന്‍ വിളിക്കുമ്പോ പ്രേം നസീര്‍ വന്നിരുന്നു എന്ന് പറയണം.''
ഞാന്‍ തലയാട്ടി.
'എന്ത് പറയും?'
എനിക്ക് വീണ്ടും മിണ്ടാട്ടമില്ല. 
'മോനെ പോലെ അല്ല. അച്ഛന് എന്റെ പേര് കേട്ടാല്‍ അറിയും.'
ഒരു കാലത്ത് മലയാളക്കരയെ ആകെ മയക്കിയ ആ കുസൃതി ചിരി. 
അദ്ദേഹം എഴുന്നേറ്റു, തോളില്‍ തട്ടി യാത്ര പറഞ്ഞു പോയി. 
ഞാന്‍ വാതില്‍ അടച്ചു.
ഒരു നിമിഷം. 
ആ പ്രതിഭാസം വീണ്ടും.
മുറിയിലാകെ സുഗന്ധം..!

Read more topics: # മുരളി ഗോപി
murali gopy meet prem nazir

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES