പ്രളയബാധിതരെ രക്ഷിക്കാനായി തന്റെ താരപരിവേഷം മാറ്റി വെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നടനാണ് രാജീവ് പിള്ള. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ രാജീവ് പിള്ള തന്റെ വിവാഹം പോലും മാറ്റി വെച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. നടന്റെ ഈ ഉദ്യമമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ഹൈലൈറ്റ്.
ടോവിനോയെപ്പോലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു രാജീവ് പിള്ളയും. തന്റെ വിവാഹം മാറ്റി വെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നടന്‍ മറ്റൊരു ഹീറോയാണെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രളയക്കെടുതി രൂക്ഷമായ തിരുവല്ലയില്‍ നന്നൂരിലാണ് രാജീവ് പിള്ളയുടെ വീട്. സ്വന്തം നാട് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുവെന്നറിഞ്ഞതോടെയാണ് അദ്ദേഹം വിവാഹം മാറ്റി വെച്ചത്.
തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ഭയക്കത്തക്ക രീതിയില്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എങ്കിലും സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ ബോട്ട് എത്തുന്നതിനായൊന്നും കാത്തുനിന്നില്ലെന്നും ചങ്ങാടവുമായി ഇറങ്ങുകയായിരുന്നുവെന്നും മുഴുവന്‍ സമയവും വെള്ളത്തില്‍ തന്നെയായിരുന്നുവെന്നും നടന്‍ പറഞ്ഞു. സിനിമയിലെപ്പോലെയുള്ള ഹീറോയിസമൊന്നുമല്ല ഇത്. തങ്ങളുടെ കൂടെയുള്ളവര്‍ക്ക് ആപത്ത് വരുമ്പോള്‍ നോക്കി നില്‍ക്കാനാവില്ലെന്നും തന്നാല്‍ക്കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാനായി ഇറങ്ങുകയായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് സ്‌കൂളുകളിലായായിരുന്നു ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. രോഗികളുള്‍പ്പടെ നിരവധി പേര്‍ ക്യാംപിലെത്തിയതായും താരം വ്യക്തമാക്കി. ഇത്തരത്തിലൊരു പ്രളയമുണ്ടാകുമ്പോള്‍ എങ്ങനെ സമാധാനത്തോടെ ഉറങ്ങുമെന്നും നടന്‍ ചോദിക്കുന്നു. അതാണ് മറ്റൊന്നുമാലോചിക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ കരുത്തനാണെങ്കില്‍ അത് ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഉപയോഗിക്കേണ്ടത്. തന്റെ ആരോഗ്യം നല്ലൊരു കാര്യത്തിനായി വിനിയോഗിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും നടന്‍ വ്യക്തമാക്കി.