അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ ജാതി-വര്‍ണ അധിക്ഷേപത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.ഗായിക സിതാര കൃഷ്ണകുമാര്‍ മണികണ്ഠന്‍ ആചാരി, രചന നാരയണന്‍കുട്ടി എന്നിവരൊക്കെ അഭിപ്രായങ്ങള്‍ തങ്ങളുടെ പേജിലൂടെ രേഖപ്പെടുത്തികഴിഞ്ഞു.
സത്യഭാമയുടെ വാക്കുകള്‍ ഒരു ഓര്‍മപ്പെടുത്തലാണെന്നും തെറ്റു പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പലപ്പോഴും തമാശയെന്നു കരുതി പലരും പറയുന്ന വാക്കുകള്‍ കേള്‍ക്കുന്നവരെ ഏതു തരത്തില്‍ ബാധിക്കുമെന്നതിനെക്കുറിച്ചും സിതാര വിശദീകരിച്ചു.
സിതാരയുടെ വാക്കുകള്‍ ഇങ്ങനെ:
ശ്രീമതി സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവേണ്ടതുണ്ട് തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും, ഇനി മനസ്സിലായാല്‍ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാന്‍ തയ്യാറാവാത്തതും ! മറ്റൊന്നുകൂടെ കൂട്ടി ചേര്‍ക്കേണ്ടതുണ്ട്. ' നല്ല വെളുത്ത സുന്ദരിക്കുട്ടി', 'ഒരു കറുത്ത് തടിച്ച സാധനം '', ' ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട് ' , 'കല്യാണപെണ്ണിന് നല്ല നിറം! ചെക്കനെ പോലെയല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന കൊച്ചിന് ചിലപ്പോ വെളുപ്പ് കിട്ടും ', അങ്ങനെ അങ്ങനെ നിരുപദ്രവകരം എന്നും, തമാശയെന്നും കരുതി പലരും പറയുന്ന അശ്രദ്ധമായ അനവധി നിരവധി വാചകങ്ങള്‍ നിങ്ങളുടെ ഉള്ളിലും ഉണ്ടോ, അത്തരം പ്രസ്താവനകളെ നിങ്ങളും ചിരിച്ച് തള്ളാറുണ്ടോ? ഇങ്ങനെ ആത്മപരിശോധക്കുള്ള ഒരവസരം കൂടെയാണ് സത്യഭാമ ടീച്ചറുടെ ആക്രോശം', സിതാര കുറിച്ചു.
ഇത് യുഗം വേറെയാണ്... ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞു; മണികണ്ഠന്‍ ആചാരി
സത്യഭാമയ്‌ക്കൊരു മറുപടി എന്ന് തുടങ്ങുന്ന കുറിപ്പിനോടൊപ്പം ആര്‍.എല്‍.വി രാമകൃഷ്ണനൊപ്പമുള്ള ചിത്രവും നടന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ :
സത്യഭാമയ്ക്കൊരു മറുപടി
ഞങ്ങള്‍ മനുഷ്യരാണ്. ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നവര്‍. ഞങ്ങള്‍ കലാകാരന്മാര്‍ ആണ്. അതാണ് ഞങ്ങളുടെ അടയാളം. ആടും പാടും അഭിനയിക്കും. കാണാന്‍ താത്പര്യമുള്ളവര്‍ നല്ല മനസ്സുള്ളവര്‍ കണ്ടോളും. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി.ഇത് യുഗം വേറെയാണ്.
ഇപ്പോഴും ഈ വര്‍ണ്ണ വിവേചനം ലോകമെമ്പാടും നടക്കുന്ന പ്രകടമായ ഒരവസ്ഥയാണ്... ഇങ്ങനെ ഒന്നു ഇപ്പൊ പുകയുന്നത് കാണുമ്പോള്‍ വല്ലാത്ത നിരാശ തോന്നുന്നു- രചന നാരായണന്‍കുട്ടി
ഇപ്പോഴും ഈ വര്‍ണ്ണ വിവേചനം ലോകമെമ്പാടും നടക്കുന്ന പ്രകടമായ ഒരവസ്ഥയാണ്... ഇങ്ങനെ ഒന്നു ഇപ്പൊ പുകയുന്നത് കാണുമ്പോള്‍ വല്ലാത്ത നിരാശ തോന്നുന്നു- രചന നാരായണന്‍കുട്ടി
വര്‍ണവെറിക്കെകതിരേ നടിയും നര്‍ത്തകിയുമായ രചനാ നാരായണന്‍കുട്ടി. കഴിഞ്ഞ ഒരു മാസമായി അമേരിക്കയില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയ രചന അവിടെ കാണേണ്ടിവന്ന വര്‍ണവിവേചനവും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദമാക്കുന്നു. രചനയുടെ പോസ്റ്റിലേക്ക്:
നിറങ്ങളോടുള്ള നിറഞ്ഞ സ്‌നേഹം. കഴിഞ്ഞ ഒരു മാസമായി പ്രോഗ്രാം സംബന്ധിച്ച് അമേരിക്കയില്‍ ആയതുകൊണ്ടും പല ആവശ്യങ്ങള്‍ക്കായി പുറത്തു പോയി പല ആളുകളേയും കാണുന്നത് കൊണ്ടും, പല കാര്യങ്ങളും ഇവിടെ ഉള്ള സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുന്നത് കൊണ്ടും, പൊതുവേ നിറം മങ്ങിയവരോടുള്ള (മങ്ങിയ ചിന്തകളുള്ള ചിലരുടെ മാത്രം ചിന്ത ) ഇവിടത്തുകാരുടെ അവജ്ഞ കാണാനും കേള്‍ക്കാനും ഇടയാവുന്നുണ്ട്. ഇപ്പോഴും ഈ വര്‍ണ്ണ വിവേചനം ലോകമെമ്പാടും നടക്കുന്ന പ്രകടമായ ഒരവസ്ഥയാണ്.
കേരളക്കരയിലും, അതും കലാകാരന്മാരുടെ ഇടയില്‍, ഇങ്ങനെ ഒന്നു ഇപ്പൊ പുകയുന്നത് കാണുമ്പോള്‍ വല്ലാത്ത നിരാശ തോന്നുന്നു. ജാതി, വര്‍ണ്ണ, വര്‍ഗ്ഗ വിവേചനത്തില്‍ നിന്നൊരു മോചനവും, അതില്‍ നിന്നും, മറ്റുപല സാഹചര്യങ്ങളില്‍ നിന്നും ഉടലെടുക്കുന്ന താമോഗുണങ്ങളെ അകറ്റുക എന്നതാണ് കല കൊണ്ട് ആത്യന്തികമായി ഉദ്ദേശിക്കുന്നത്. ആ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒന്നിനേയും, ആരേയും പ്രോത്സാഹിപ്പിച്ചുകൂടാ. ഇതൊരു തരം ഇന്‍സെക്യൂരിറ്റി ആണ്, തനിക്ക് കിട്ടാത്തത് മറ്റൊരാള്‍ക്ക് കിട്ടുമ്പോള്‍ അവരെ മറ്റുപല രീതിയിലും ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുക്ക. പ്രിയപ്പെട്ട രാമകൃഷ്ണന്‍ മാഷിന്റെ കലയോടുള്ള അര്‍പ്പണബോധവും അദ്ദേഹത്തിന്റെ കഴിവും ഈ ഇടിച്ചു താഴ്ത്തലിനെ എപ്പോഴും മറികടക്കുന്ന ഒന്നാണ്. കല നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഈ പരുഷമായ വാക്കുകളും അലങ്കാരമായി, സൗന്ദര്യശാസ്ത്രമായി മാറും, അദ്ദേഹം മാറ്റും. മാഷിനോട് നിറഞ്ഞ സ്‌നേഹം, ബഹുമാനം, എന്നും കൂടെ.
വിവരം കൂടിപ്പോയതോ അതോ വിവരമില്ലായ്മയൊ?ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നില്‍? ഞാനും ഒരു കലാകാരിയാണ്!-ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി അഞ്ജു അരവിന്ദ്
താനും R.l V സ്റ്റുഡന്റ് ആണെന്നും കലയ്ക്കും ഉണ്ടോ ജാതിയും മതവും ഉണ്ടോ എന്നും അഞ്ജു ചോദിക്കുന്നു? വിവരം കൂടിപ്പോയതോ അതോ വിവരമില്ലായ്മയൊ?ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നില്‍ എന്നാണ് അഞ്ചു പോസ്റ്റിലൂടെ പറയുന്നത്.
അഞ്ജു പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഞാനും ഒരു R.l V യില്‍ പഠിച്ച ഒരു artist ആണ്, അവിടെ ഞാനും കണ്ടിട്ടില്ല dance പഠിപ്പിക്കുമ്പോള്‍ ജാതിയും മതവും നോക്കിയല്ല അവിടെ പഠിപ്പിക്കുന്നത്, കഴിവ് നോക്കിയാണ്. കലയ്ക്കും ഉണ്ടോ ജാതിയും മതവും? വിവരം കൂടിപ്പോയതോ അതോ വിവരമില്ലായ്മയൊ?ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നില്‍?യഥാര്‍ത്ഥ കലാമണ്ഡലം സത്യഭാമ പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം പദ്മനാഭന്‍ നായരുടെ പത്‌നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്നു.എന്റെ ഗുരു വായ കലാമണ്ഡലം സരസ്വതി ടീച്ചര്‍ ഉള്‍പ്പടെ നിരവധി അനുഗ്രഹീത കലാകാരന്മാരുടെ പ്രിയ ഗുരു ആണ്.പ്രതിഭാശാ ലിയായ ഇവരുടെ പേരിനു ഭംഗം വരുത്തിയ duplicate കലാമണ്ഡലം സഭ്യഭാമയോട് പരമ പുച്ഛം മാത്രം. ചുളുവില്‍ പ്രശസ്തി നേടാനുള്ള നീക്കം.ഒരാളുടെയും പ്രശസ്തി മുതലെടുക്കാതെ സത്യസന്ധതയോടെ പഠിച്ച് വിജയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ശ്രീ Rlv രാമകൃഷ്ണന്‍ 1996 മുതല്‍ തൃപ്പൂണിത്തുറ RLV കോളേജില്‍ മോഹിനിയാട്ട കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയതാണ്.
4 വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുമുണ്ട്.മാത്രമല്ല കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തില്‍ തന്നെ മോഹിനിയാട്ടത്തില്‍ Phd പൂര്‍ത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റന്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദര്‍ശന്‍ കേന്ദ്രം A graded ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുള്ള ഈ കലാകാരന്‍ മോഹിനിയാട്ടത്തില്‍ Phd നേടിയിട്ടുമുണ്ട്. കഴിവില്ല എന്നാണെങ്കില്‍ ഇതൊക്കെ സാധിക്കുമോ? ഞാന്‍ ശ്രീ RLV രാമകൃഷ്നൊപ്പം
അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ വിവാദപരമാര്‍ശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ഇത് വിവാദത്തിനു തിരികൊളുത്തി. പറഞ്ഞവാക്കുകളില്‍ ഖേദപ്രകടനം നടത്താന്‍ തയ്യാറാകാതെ വീണ്ടും വീണ്ടും അധിക്ഷേപിക്കും വിധത്തില്‍ പ്രതികരിച്ച സത്യഭാമയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമാവുകയാണ്.