Latest News

മലയാളി എന്തുകൊണ്ടാണ് ഇപ്പോഴും വയലാറിനെ നെഞ്ചിൽ കൊണ്ടു നടക്കുന്നത്? വയലാർ രാമവർമ്മ ശരിക്കും ആരായിരുന്നു? വയലാറിന്റെ മരണ ശേഷം ആ കുടുംബത്തിന് എന്തുപറ്റി? വയലാറിന്റെ സംഗീതം എങ്ങനെയാണ് അനശ്വരമായത്: ലണ്ടനിൽ എത്തിയ മകൻ വയലാർ ശരത്ചന്ദ്രവർമ്മ മറുനാടൻ മലയാളിക്കു വേണ്ടി രശ്മി പ്രകാശിനോട് മനസ്സു തുറക്കുമ്പോൾ

രശ്മി പ്രകാശ്
topbanner
മലയാളി എന്തുകൊണ്ടാണ് ഇപ്പോഴും വയലാറിനെ നെഞ്ചിൽ കൊണ്ടു നടക്കുന്നത്? വയലാർ രാമവർമ്മ ശരിക്കും ആരായിരുന്നു? വയലാറിന്റെ മരണ ശേഷം ആ കുടുംബത്തിന് എന്തുപറ്റി? വയലാറിന്റെ സംഗീതം എങ്ങനെയാണ് അനശ്വരമായത്: ലണ്ടനിൽ എത്തിയ മകൻ വയലാർ ശരത്ചന്ദ്രവർമ്മ മറുനാടൻ മലയാളിക്കു വേണ്ടി രശ്മി പ്രകാശിനോട് മനസ്സു തുറക്കുമ്പോൾ

യലാർ എന്ന സ്ഥല പേര് അറിയാത്ത ഏതെങ്കിലും ഒരു മലയാളി ഉണ്ടാവുമോ? മഹാഭൂരിപക്ഷം മലയാളികളും വയലാർ സന്ദർശിച്ചിട്ടുണ്ടെങ്കിലും വയലാർ എന്നത് സുന്ദരമായ ഒരു കുട്ടനാടൻ ദേശമാണെന്ന് എല്ലാവർക്കും അറിയില്ല. പുന്നപ്ര വയലാർ സമരത്തിലൂടെ അറിയപ്പെട്ട വയലാർ മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത് വയലാർ എന്ന ഗാനരചയിതാവിന്റെയും കവിയുടെയും പേരിലാണ്. മലയാളികളുടെ മനസ്സിൽ ഇത്രമേൽ ഇടം പിടിച്ച ഒരു ഗാനരചയിതാവില്ല. ഒഎൻവി എന്ന അനശ്വര ഗായകൻ മുക്കാൽ നൂണ്ടാണ്ട് കൊണ്ട് സമ്മാനിച്ചത്രയും ഒന്നരപതിറ്റാണ്ടുകൊണ്ട് വയലാർ നേടി എന്നതാണ് സത്യം. വയലാറിന്റെ ഓരോ കവിതയും ഓരോ പാട്ടും ഇന്നലെ ഇറങ്ങിയതു പോലെ ഓരോ മലയാളിയുടെയും മനസ്സിലുണ്ട്. ഒരിക്കൽ എങ്കിലും വയലാറിന്റെ ഒരു പാട്ടെങ്കിലും മൂളിയിട്ടില്ലാത്ത ആരും ഒരു പക്ഷെ മലയാളികളായി ഉണ്ടാവില്ല.

 

ആ വയലാറിന്റെ രക്തത്തിൽ പിറന്ന ഒരാൾ ഇതാ ഇപ്പോൾ നമ്മോടൊപ്പം ഉണ്ട്. മകനും കവിയുമായ വയലാർ ശരത്ചന്ദ്രവർമ്മ. കലാ ഹാംപ്‌ഷെയർ എല്ലാ വർഷവും നടത്തി പോരുന്ന ഓൾ ഈസ് ഗോൾഡ് എന്ന അപൂർവ്വ ഗാനങ്ങളുടെ സംഗമത്തിന്റെ അതിഥിയായി സൗത്താംപ്ടണിൽ എത്തിയ വയലാർ ശരത്ചന്ദ്ര വർമ്മയുമായി സംഭാഷണം നടത്തുന്നത് കവയത്രിയും ഗാനരചയിതാവും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ രശ്മി പ്രകാശാണ്. അഭിമുഖത്തിലേക്ക്,

യുകെയിൽ എത്തിയതിനെ കുറിച്ച്


ആദ്യമായാണ് ഞാൻ യുകെയിൽ വരുന്നത്. ഇവിടെ നല്ല കാലാവസ്ഥ ആണെങ്കിലും എനിക്ക് തണുപ്പ് ഒട്ടും പറ്റില്ല. എങ്കിലും ഇവിടെ വരാനും യുകെ മലയാളികളുടെ സ്‌നേഹം അനുഭവിച്ച് അറിയാനും സാധിച്ചതിൽ സന്തോഷമുണ്ട്. വയലാറിന്റെ മകനായതു കൊണ്ടു മാത്രമാണ് എനിക്ക് ഇവിടെ വരാൻ സാധിച്ചത്. കടലിനക്കരെ പോണോരേ.. കാണാപൊന്നിനു പോണോരേ എന്ന ഗാനമാണ് ഇവിടെ ഇരിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്. അതുപോലെ, ഇവിടുത്തെ സംസ്‌കാരവും ജീവിത രീതികളും ശൈലികളും എല്ലാം നമ്മുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. നമുക്ക് ശീലമാക്കി എടുക്കാവുന്ന ഒട്ടേറെ നല്ല കാര്യങ്ങൾ ഉണ്ട്. അത്തരം ശീലങ്ങൾ നമുക്ക് അനുകരിക്കാവുന്നതാണ്. ഓസ്‌ട്രേലിയയിലും ഗൾഫ് രാജ്യങ്ങളിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ആഗ്രഹം ആദ്യമായിട്ടാണ്.

സിനിമ എന്ന മായിക ലോകത്ത് സാധാരണക്കാരനായി നിലനിൽക്കാൻ എങ്ങനെ സാധിക്കുന്നു?


എവിടെച്ചെന്നാലും ഞാൻ വയലാറിന്റെ മകൻ ആണെന്ന ബോധ്യം എനിക്കുണ്ട്. അച്ഛൻ പറഞ്ഞു തന്ന കാര്യങ്ങൾ, അദ്ദേഹത്തിന്റെ മര്യാദ, ലാളിത്യം, കാണിച്ചു തന്ന ചിരി ഇവയൊക്കെ പാലിച്ചു കൊണ്ടാണ് ഞാൻ മുന്നോട്ടു പോകുന്നത്. സിനിമയെന്ന മായിക ലോകത്തേക്ക് ഞാൻ പോയിട്ടില്ല. എഴുത്തിൽ മെയ്ക്കപ്പ് ഇടാൻ എനിക്ക് സാധിക്കില്ല. 51 അക്ഷരം കൊണ്ട് കാണിക്കുന്ന വിദ്യയാണ് എഴുത്ത്. അതു കൃത്യമായി ചേർക്കാൻ കഴിയുന്നത് നമ്മുടെ മാത്രം കഴിവല്ലാത്തതിനാൽ അതിന്റെ പേരിൽ അഹങ്കരിക്കാൻ അവകാശം ഇല്ലാത്തതിനാൽ ഏറ്റവും ലളിതമായി ഈ മേഖലയിൽ നിൽക്കാൻ എനിക്ക് സാധിക്കുന്നു.

വയലാറിന്റെ ചൂടില്ലാത്ത മകനാണ് ഞാൻ. വെളിച്ചം മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു. അച്ഛന് ലഭിച്ച അംഗീകാരവും സ്‌നേഹവും എന്നും എനിക്കു സിനിമയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പക്ഷെ, കാലം മാറുന്നതിന് അനുസരിച്ച് സിനിമയിൽ തുടരാൻ സാധിച്ചില്ല. അത് എന്റെയോ സിനിമയുടെയോ പ്രശ്‌നമല്ല, കാലഘട്ടത്തിന്റെ മാറ്റം മാത്രമാണ്.

പാട്ടിന്റെ ശൈലിയും എഴുത്തും മാറിയ ഈ കാലഘട്ടത്തിൽ പാട്ട് എഴുതുന്നത് ദുഷ്‌കരമാണെന്ന് തോന്നിയിട്ടുണ്ടോ?


അക്ഷരം നമുക്ക് ആവശ്യത്തിന്റെ ഉണ്ടോ എന്ന കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അക്ഷരത്തെ തിരിച്ചു കൊണ്ടുവരാൻ വയലാറിന്റെ മകൻ എന്ന സ്ഥാനത്തു നിന്നും എന്നെക്കൊണ്ട് കഴിയുന്നതു പോലെ ഞാൻ ശ്രമിക്കും.

കാലത്തിനു മുൻപേ നടന്നു മനുഷ്യ മനസ്സുകൾ വായിച്ചറിഞ്ഞു അവയെല്ലാം തന്റെ അക്ഷരങ്ങളിലാവാഹിച്ച അസാമാന്യ പ്രതിഭയായിരുന്നു വയലാർ. മനുഷ്യൻ മതങ്ങളെ സൃഷ്ടിക്കും ആ മതങ്ങൾ ഒരു ദൈവത്തെയല്ല പല ദൈവങ്ങളെ സൃഷ്ടിക്കുമെന്ന് വർഷങ്ങൾക്കു മുൻപേ തന്റെ അക്ഷരങ്ങളിലൂടെ മനുഷ്യർക്ക് മുന്നറിയിപ്പ് നൽകിയ ദീർഘദർശിയാണ് വയലാർ രാമവർമയെന്ന് അഭിമുഖത്തിലൂടെ പറഞ്ഞു വെക്കുന്നു.

വയലാർ രാമവർമയിലൂടെ സഞ്ചരിച്ചു നമ്മൾ ശരത് ചന്ദ്രവർമയിലേക്കാണ് എത്തുന്നത്. അച്ഛന്റെ പാദത്തിനടിയിലെ ഒരു തരി മണ്ണ് മാത്രമാണ് ഞാനെന്നു അതീവ വിനയത്തോടെ പറയുന്ന മകനാണ് ശരത്ചന്ദ്ര വർമ. വയലാർ രാമവർമയുടെയും ഭാരതി തമ്പുരാട്ടിയുടെയും മകനായി 1960 ജനുവരി 25 നായിരുന്നു ശരത്ചന്ദ്ര വർമയുടെ ജനനം. സിനിമാ ഗാനരചനയുടെ തിരക്കിൽ മുഴുകിപ്പോയ അച്ഛന്റെ വാത്സല്യം, ശരിക്കു നുകരാൻ കഴിയാത്ത ഒരു ബാല്യമായിരുന്നു ശരത്ചന്ദ്ര വർമയുടേത്. ബോർഡിങ്ങിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്റെ പതിനഞ്ചാമത്തെ വയസ്സിൽ കുഞ്ഞു ശരത്ചന്ദ്രന് അച്ഛനെ നഷ്ടപ്പെടുന്നത്. മുത്തശ്ശിയും അമ്മയും മൂന്നു സഹോദരിമാരുമായി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ആ ബാലന്റെ മുഖം ശരത്ചന്ദ്ര വർമയുടെ വാക്കുകളിലൂടെ നമുക്കിപ്പോഴും കാണാൻ കഴിയും.

1991 ൽ എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിലെ മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ എന്നെ മനോഹരമായ ഗാനത്തോടെയാണ് ശരത്ചന്ദ്ര വർമ മലയാള ചലച്ചിത്രഗാന രംഗത്തേക്ക് കടന്നു വന്നത്. അച്ഛന്റെ അനുഗ്രഹം പോലെ ദേവരാജൻ മാഷായിരുന്നു ആ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഇതുവരെ എഴുനൂറിലധികം ഗാനങ്ങൾ ശരത് ചന്ദ്രവർമ രചിച്ചു കഴിഞ്ഞു.

കാലം മാറിയപ്പോൾ സിനിമയുടെ കെട്ടും മറ്റും പാടെ മാറി. കഥാമൂല്യമുള്ള സിനിമകൾക്ക് അർത്ഥവത്തായ ഗാനങ്ങളെഴുതി മലയാളിക്ക് സമ്മാനിച്ച വയലാർ രാമവർമയുടെ മകൻ ഇപ്പോൾ നിൽക്കുന്നത് സിനിമക്ക് ഗാനങ്ങൾ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്ന ന്യൂ ജനറേഷൻ സിനിമാക്കാരുടെ കൂടെയാണ്. അത്ര സുഗമമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോഴും തന്റെ ഏറ്റവും വലിയ ശക്തി സ്വന്തം കുടുംബവും, വയലാർ ഗാനങ്ങൾ നെഞ്ചിലേറ്റുന്ന മലയാളികളുമാണെന്നു ശരത്ചന്ദ്ര വർമ ഏറെ സന്തോഷത്തോടെ പറയുന്നു.

ശരത്ചന്ദ്ര വർമ - ശ്രീലത ദമ്പതികൾക്ക് ഒരു മകളാണുള്ളത്, ഇന്റീരിയർ ഡിസൈനർ ആയി ജോലി നോക്കുന്ന സുഭദ്ര. ഭാര്യക്കും മകൾക്കും അമ്മ ഭാരതി തമ്പുരാട്ടിക്കും ഒപ്പം വയലാറിലാണ് ശരത്ചന്ദ്രവർമ താമസിക്കുന്നത്.

vayalar sarath chandra varma interview

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES