തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് നവ്യ നായർ എന്നറിയപ്പെടുന്ന ധന്യ നായർ. 1986 ഒക്ടോബർ 17ന് ആലപ്പുഴ ജില്ലയിലെ മുതുകുളതാണ് നവ്യ ജനിച്ചത്. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കൾ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ് താരം. മലയാളത്തിൻ്റെ മുൻനിര നായകന്മാരുടെയൊക്കെ തോളോടുതോൾ ചേർന്ന് അഭിനയിച്ച് പിടിച്ചു നിന്ന നവ്യ പിന്നീട് തെന്നിന്ത്യയുടെ പ്രിയനടിയായി മാറി. തമിഴും കന്നഡയും തെലുങ്കുമടക്കം നാവിൽ വഴങ്ങുന്ന നല്ല അസ്സൽ തെന്നിന്ത്യൻ താരമായി മാറി. ചേപ്പാട് സി.കെ. ഹൈസ്‌കൂൾ മൈതാനിയിൽ, 2010 ജനുവരി 21-ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി നവ്യ വിവാഹിതയായി. ഇരുവർക്കും സായി കൃഷ്ണ എന്നുപേരുള്ള ഒരു മകനുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ചങ്ങനാശ്ശേരി സ്വദേശി സന്തോഷുമായിയുള്ള വിവാഹം നടക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിയാണെങ്കിലും മുംബൈയിലാണ് സന്തോഷ്. അതിനാൽ നവ്യയും കുറെ കാലം മുംബൈയിലായിരുന്നു. പിന്നീട് വിവാഹ ശേഷം സിനിമകളിൽ മടങ്ങിയെത്തിയത് സൂപ്പർ ഹിറ്റായി മാറിയ ദൃശ്യത്തിൻ്റെ കന്നഡ പതിപ്പിലൂടെയായിരുന്നു.
ആദ്യ ചിത്രം ദിലീപ് നായകനായ ഇഷ്ടം ആണ്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. അഴകിയ തീയെ ആണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി. കന്നഡയിൽ നവ്യ ആദ്യമായി അഭിനയിച്ച ഗജ എന്ന ചിത്രം നല്ല സാമ്പത്തികവിജയം നേടിയ ഒരു ചിത്രമായിരുന്നു. അങ്ങനെ പല ഭാഷകളിൽ താരം തകർത്തഭിനയിച്ചു. മിനിസ്ക്രീനിലും ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഹലോയും ഒക്കെ അടങ്ങുന്ന സോഷ്യൽ മീഡിയയിലും നവ്യ തിളങ്ങിന്ന താരമായി മാറി. എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
2012 ൽ സീൻ ഒനു നമ്മുടെ വീടു എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും സിനിമകളിലേക്ക് വന്നത്. ഏകദേശം 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളം ത്രില്ലർ ദൃശ്യത്തിന്റെ കന്നഡ റീമേക്കായ ദൃശ്യയാണ് അവർ ചെയ്തത്. വിവാഹശേഷം ഏഷ്യാനെറ്റിലെ മഞ്ച് ഡാൻസ് ഡാൻസിൽ ജഡ്‌ജായിരുന്ന നവ്യ ഏഷ്യാനെറ്റ് ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് എന്ന മറ്റൊരു റിയാലിറ്റി ഷോയിലും പ്രധാന പങ്കുവഹിച്ചു. ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ സൺഫീസ്റ്റ് ഡെലിഷസ് സ്റ്റാർ സിംഗർ സീസൺ 7 നിലും നവ്യ പങ്കെടുത്തു. ഇതേ ചാനലിൽ ബദായ് ബംഗ്ലാവിലും പങ്കെടുത്തു. പിന്നീട് 2016 ൽ സൂര്യ ടിവിയിലെ കോമഡി റിയാലിറ്റി ഷോയായ ലാഫിങ് വില്ലയിൽ പങ്കെടുത്തു. നവ്യ രസങ്ങൾ എന്ന പേരിൽ ഒരു ആത്മകഥയും താരം പ്രസിദ്ധീകരിച്ചു. 2018 ൽ "ചിന്നംചിരു കിലിയേ" എന്ന ഡാൻസ് വീഡിയോയിലൂടെ തന്റെ ആദ്യ സംവിധാനവും ആരംഭിച്ചു. അതേ പേരിലുള്ള തമിഴ് കവി ഭാരതീയാറിന്റെ കവിതയുടെ അനുകരണമായിരുന്നു ആ നൃത്തം. കുട്ടികളെ കടത്തുന്നതായിരുന്നു ആ നിർത്തതിന്റെ പ്രമേയമാക്കിയത്. മികച്ച നടിക്കുള്ള 2 കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഒരു ഫിലിംഫെയർ അവാർഡും നേടിയ താരമാണ് നവ്യ.
ഇപ്പോഴിതാ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായികയാകുന്ന മലയാള ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്. പ്രാണ എന്ന ചിത്രത്തിന് ശേഷം വികെപി ഒരുക്കുന്ന പുതിയ ചിത്രം സ്ത്രീ കേന്ദ്രീകൃത കഥയാണ്. ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത് ലോക്ക് ഡൌണിന് തൊട്ടുമുൻപാണ്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായാണ് നവ്യ മുംബൈയിൽ നിന്ന് നാട്ടിലേക്കെത്തിയത്. ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം തിരിച്ചുപോകാനായിരുന്നു പദ്ധതിയെന്നും ചിത്രത്തിൻ്റെ ഡബ്ബിംഗ് പൂർത്തിയാക്കി മുംബൈയ്ക്ക് തിരിച്ചു പോയിരുന്നെങ്കിൽ, അവസ്ഥ എന്തായേനേ എന്നും നവ്യ തന്നോട് തന്നെ ചോദിക്കുകയാണ്. തൻ്റെ പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങളും ലോക്ക് ഡൌൺ ആക്ടിവിറ്റികളെയും മകൻ്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് നവ്യ. ചിത്രത്തിലെ രാധാമണിയുടെ മകൻ്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് തൻ്റെ മകൻ സായി കൃഷ്ണയാണ്. അങ്ങനെ സായിയുടെ സിനിമാ അരങ്ങേറ്റ ചിത്രം കൂടിയായി മാറി ഒരുത്തീ.