ജയറാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍. ഇതിലെ ആവണിപ്പൊന്നൂഞ്ഞാല്‍ എന്ന് പാട്ട് പാടാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം. ഈ സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് ശ്രുതി. ഡോക്ടര്‍ അമ്പിളിയായി ചിത്രത്തില്‍ ശ്രുതി എത്തിയപ്പോള്‍ ഈ നടി മലയാളിയല്ലെന്ന് ആരും പറഞ്ഞില്ല. എന്നാല്‍ കടന്നക്കാരിയായ പ്രിയദര്‍ശിനിയാണ് ശ്രുതിയായി മാറിയത്.
ശ്രുതി അഭിനയജീവിതം തുടങ്ങിയത് 1989ല്‍ സ്വന്തമെന്ന് കരുതി എന്ന മലയാളം സിനിമയിലൂടെയാണ്. എന്നാലിത് ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ കന്നടത്തില്‍ നിരവധി അവസരങ്ങള്‍ തേടിയെത്തിയ ശ്രുതി അവിടുത്തെ ഒന്നാം നമ്പര്‍ താരമായി വളര്‍ന്നു. ഇതിനിടയിലാണ് ഒരാള്‍ മാത്രമെന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രുതി മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. പിന്നാലെ കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെയും നായികയായി. ഇതോടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി ശ്രുതി മാറി. മലയാളിത്തം കണ്ട് ശ്രുതി മലയാളിയാണെന്നാണ് ഇന്നും ചില ആരാധകര്‍ കരുതുന്നത്. സി ഐ മഹാദേഹം അഞ്ചടി നാലിഞ്ച് എന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫയുടെ നായികയായി എത്തിയ ശ്രുതി പിന്നെ എലവംകോട് ദേശം, സ്വന്തം മാളവിക,ബെന്‍ ജോണ്‍സണ്‍, മാണിക്യം, ശ്യാമം, സൈറ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തില്‍ മികച്ച റോളുകള്‍ പിന്നെ കിട്ടിയില്ലെങ്കിലും കന്നടത്തിലും തമിഴിലും തിളങ്ങി. ശ്രുതി നേടാത്ത അവാര്‍ഡുകള്‍ ഇല്ലെന്ന് തന്നെ പറയാം. 1998ല്‍ വിവാഹിതയായ ശേഷവും നടി അഭിനയം തുടര്‍ന്നു.
സംവിധായകനും നടനുമായ എസ് മഹേന്ദറാണ് ശ്രുതിയെ വിവാഹം ചെയ്തത്. മഹേന്ദര്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. പിന്നീട് മഹേന്ദറിന്റെ ചിത്രത്തില്‍ ശ്രുതി സ്ഥിരം നായികയായി. ഇതിനിടയില്‍ ഇവര്‍ പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയും ചെയ്തു. വിവാഹജീവിതം മനോഹരമായി മുന്നേറി. ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചു. ഇതിനിടയില്‍ ദമ്പതികള്‍ ബിജെപിയില്‍ ചേര്‍ന്നു. പല പദവികളും ശ്രുതിയെ തേടിയെത്തി. സിനിമ വിട്ട് സജീവരാഷ്ട്രീയപ്രവര്‍ത്തനമായി. ഇതിനിടയില്‍ വനിതാ ശിശു വികസന ബോര്‍ഡിന്റെ അധ്യക്ഷയായിരിക്കുമ്പോഴാണ് ശ്രുതിയും മഹേന്ദറും പിരിയുന്നത്. മഹേന്ദര്‍ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളും തനിയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമൊക്കെയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി ശ്രുതി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ വനിതാ ശിശു വികസന ബോര്‍ഡ് അധ്യക്ഷ വിവാഹമോചനം നേടുന്നത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചു.
എന്നാല്‍ ശ്രുതി പിന്നോട്ടില്ലായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. ഒടുവില്‍ 2009ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. അധികം വൈകിയില്ല 2013 ജൂണില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമൊക്കെയായ ചക്രവര്‍ത്തി ചന്ദ്രചൂഡിനെ ശ്രുതി വിവാഹം ചെയ്തു. ഇതോടെ മഹേന്ദര്‍ രംഗത്തെത്തി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതില്‍പിന്നെ ശ്രുതിക്ക് ചക്രവര്‍ത്തിയുമായി ഏറെ അടുപ്പമായി എന്നും. ഓഫീസില്‍ പോകുമ്പോള്‍ തന്നോട് മറ്റൊരു കാറില്‍ വരാന്‍ പറഞ്ഞ ശേഷം ശ്രുതിയും ചക്രവര്‍ത്തിയും ഒരു കാറില്‍ പോകും എന്നൊക്കെയായിരുന്നു മഹേന്ദറിന്റെ ആരോപണങ്ങള്‍. ഇതൊന്നും ശ്രുതിയുടെ ജീവിതത്തില്‍ പ്രശ്നമായില്ലെങ്കിലും ചക്രവര്‍ത്തിയുമായുള്ള നടിയുടെ ബന്ധത്തിന് അധികം ആയുസുണ്ടായില്ല.
ചക്രവര്‍ത്തിയുടെ ഭാര്യ മഞ്ജുള രംഗത്തെത്തിയതോടെയായിരുന്നു ഇത്. താന്‍ വിവാഹിതനും കുഞ്ഞിന്റെ അച്ഛനുമാണ് എന്നുള്ള ബന്ധം മറച്ചുവച്ചായിരുന്നു ശ്രുതിയെ ചക്രവര്‍ത്തി വിവാഹം ചെയ്തത്. സത്യങ്ങള്‍ അറിഞ്ഞതോടെ ശ്രുതി ചക്രവര്‍ത്തിയെ തള്ളിപ്പറഞ്ഞു. മഞ്ജുള കോടതിയിലെത്തിയപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്താത്തതിനാല്‍ ശ്രുതിയുമായുള്ള ചക്രവര്‍ത്തിയുടെ കല്യാണവും കോടതി അസാധുവാക്കി. ഇതിനിടയില്‍ ചക്രവര്‍ത്തിയുടെ തനിനിറം ശ്രുതി തിരിച്ചറിഞ്ഞു. വീട്ടിലെ വേലക്കാരിയെ ഉപയോഗിച്ച് ഭര്‍ത്താവ് തന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും ആദ്യ ബന്ധത്തിലെ മകളെ ശല്യം ചെയ്യുന്നുവെന്നും ശ്രുതി ആരോപിച്ചിരുന്നു. രണ്ടാം ബന്ധവും പരാജയപ്പെട്ടതോടെ ഇപ്പോള്‍ മകള്‍ക്കൊപ്പം മുഴുവന്‍ സമയ രാഷ്ട്രീയവുമായി കഴിയുകയാണ് ശ്രുതി. ഇതിനിടയില്‍ 2016ല്‍ ബിഗ്ബോസ് കന്നട പതിപ്പില്‍ താരം വിജയിയുമായി. സിനിമയിലും മിനിസ്‌ക്രീനിലും ഇടയ്ക്ക് തല കാണിക്കുമെങ്കിലും രാഷ്ട്രീയത്തില്‍ ശോഭിക്കുകയാണ് ശ്രുതി ഇപ്പോള്‍.