അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ആരാധകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന നായികയാണ് സൗന്ദര്യ. കന്നഡ, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ നായികയായി അഭിനയിച്ച് 1992 മുതല്‍ 2004 വരെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു സൗന്ദര്യ. വ്യവസായിയും ചലച്ചിത്ര എഴുത്തുകാരനുമായ കെഎസ് സത്യനാരായണന്റെ മകളായി ബംഗ്ലൂരുവിലാണ് സൗന്ദര്യ ജനിച്ചത്. സൗമ്യ സത്യ നാരായണന്‍ എന്നായിരുന്നു താരത്തിന്റെ പേര്. 1992 ല്‍ റിലീസിനെത്തിയ ഗന്ധര്‍വ്വ എന്ന കന്നഡ സിനിമയായിരുന്നു സൗന്ദര്യയുടെ ആദ്യ സിനിമ. എംബിബിഎസ് വിദ്യാര്‍ത്ഥിനി ആയിരുന്നെങ്കിലും സിനിമയോടുള്ള ഇഷ്ടം കാരണം പഠനം ഉപേക്ഷിക്കുകയായിരുന്നു സൗന്ദര്യ. കന്നഡ സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തെലുങ്ക് സിനിമയിലായിരുന്നു സൗന്ദര്യ സജീവമായിരുന്നത്. അമിതാഭ് ബച്ചന്‍ നായകനായി അഭിനയിച്ച സൂര്യവംശം എന്ന സിനിമയിലൂടെ ഹിന്ദിയിലും നടി അഭിനയിച്ചിരുന്നു. സൂര്യവംശത്തിലെ സൗന്ദര്യയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.
വളരെ കുറഞ്ഞ കാലം മാത്രമേ ജീവിച്ചിട്ടുള്ളു എങ്കിലും ഇന്ത്യ അറിയപ്പെടുന്ന നായികയായി മാറാന്‍ സൗന്ദര്യയ്ക്ക് കഴിഞ്ഞിരുന്നു. തെലുങ്കില്‍ സാവിത്രിയുടെ പിന്‍ഗാമിയായിട്ടായിരുന്നു സൗന്ദര്യ അറിയപ്പെട്ടിരുന്നത്. മോഡേണ്‍ സാവിത്രി എന്ന പേരും സൗന്ദര്യ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരുടെ നായിക ഹിന്ദിയില്‍ അഭിനയിച്ച ആദ്യ സിനിമ അമിതാഭ് ബച്ചന്റെ കൂടെയായിരുന്നത് പോലെ മറ്റുള്ള ഭാഷകളിലും താരരാജാക്കന്മാര്‍ക്കൊപ്പമായിരുന്നു സൗന്ദര്യ അഭിനയിച്ചിരുന്നത്. അന്നും ഇന്നും തെന്നിന്ത്യയിലെ പ്രമുഖ നായകന്മാരായ രജനികാന്ത്, ചിരഞ്ജീവി, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, രവിചന്ദ്രന്‍, വിഷ്ണു വര്‍ദ്ധന്‍ തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാനുള്ള ഭാഗ്യം സൗന്ദര്യയ്ക്ക് ലഭിച്ചിരുന്നു.
അഭിനയത്തിനൊപ്പം സൗന്ദര്യ ഒരു സിനിമ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ദ്വീപ എന്ന സിനിമയായിരുന്നു അത്. ഈ ചിത്രത്തിന് ദേശീയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു. മലയാളത്തിലെ രണ്ട് സിനിമകള്‍ ജയറാമിന്റെ നായികയായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലൂടെയായിരുന്നു സൗന്ദര്യ ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. ശേഷം മോഹന്‍ലാലിന്റെ നായികയായി കിളിച്ചുണ്ടന്‍ മാമ്പഴത്തിലും സൗന്ദര്യ അഭിനയിച്ചിരുന്നു. സിനിമയിലെ ആമിന എന്ന കഥാപാത്രമായിരുന്നു സൗന്ദര്യയ്ക്ക് മലയാളത്തില്‍ നിറയെ ആരാധകരെ ഉണ്ടാക്കിയത്. ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍. റൊമാന്റിക് കോമഡി സിനിമയായിരുന്ന കിളിച്ചുണ്ടന്‍ മാമ്പഴം പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തിയിരുന്നതായിരുന്നു.
2003 ഏപ്രില്‍ 17 നാണ് സൗന്ദര്യ തന്റെ ബാല്യകാല സുഹൃത്തും സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറുമായ രഘുവിനെ വിവാഹം ചെയ്യുന്നത്.
വിവാഹവാര്‍ഷികത്തിന് പത്ത് ദിവസം മാത്രം അവശേഷിക്കവേയായിരുന്നു സൗന്ദര്യ മരണപ്പെട്ടത്. 2004 ല്‍ അപ്രത്യക്ഷിതമായിട്ടായിരുന്നു നടി മരിച്ചത്. മരിക്കുമ്പോള്‍ വെറും 31 വയസ് മാത്രമായിരുന്നു സൗന്ദര്യക്ക് ഉണ്ടായിരുന്നത്. ആന്ധപ്രദേശിലെ കരിംനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് പോയ നടി സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തങ്ങളില്‍ ഒന്നായിരുന്നു സൗന്ദര്യയുടെ മരണം. സൗന്ദര്യ മരണപ്പെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടിയെക്കുറിച്ച് വെളിപ്പെടുത്തി തമിഴ് സംവിധായകന്‍ ഉദയകുമാര്‍ രംഗത്തെത്തിയിരുന്നു.
പ്രശസ്ത തമിഴ് സംവിധായകന്‍ ആര്‍വി ഉദയകുമാറാണ് കന്നടക്കാരിയായ സൗന്ദര്യയെ തമിഴിലെത്തിച്ചത്. അണ്ണായെന്നായിരുന്നു തന്നെ സൗന്ദര്യ തന്നെ വിളിച്ചിരുന്നതെന്ന് ഉദയകുമാര്‍ പറഞ്ഞിരുന്നു. ഈ വിളി കേട്ടപ്പോള്‍ ആദ്യം താന്‍ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ശരിക്കും സഹോദരനായി കാണുന്നതിനാലാണ് ആ വിളിയെന്ന് മനസ്സിലാക്കിയതോടെ താന്‍ സന്തോഷിച്ചു. പിന്നീട് സൗന്ദര്യയെ ചിരഞ്ചിവീയുമായുള്ള ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചതും ഉദയകുമാറാണ്. പൊന്നുമണിയുടെ റഷസ് കണ്ടശേഷം നടി മനോരമ പറഞ്ഞത് സൗന്ദര്യ സാവിത്രിയെ പോലെ അഭിനയിക്കുമെന്നാണ്. അത് പിന്നീട് കാലം തെളിയിച്ചു. പണവും പ്രശസ്തിയുമെത്തിയിട്ടും എപ്പോഴും സൗന്ദര്യ തന്നെ വിളിക്കാറുണ്ടായിരുന്നു എന്ന് ഉദയന്‍ പറയുന്നു.2003ലാണ് തന്റെ ബന്ധുവും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിഎസ് രഘുവിനെ സൗന്ദര്യ വിവാഹം ചെയ്തത്. ഈ വിവാഹത്തില്‍ പങ്കെടുക്കാനും വീട് വച്ചപ്പോള്‍ പാലുകാച്ചല്‍ ചടങ്ങിനുമെല്ലാം തന്നെ ക്ഷണിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിലൊന്നും പങ്കെടുക്കാന്‍ സാധിച്ചില്ല. എങ്കിലും പരിഭവമില്ലാതെ സൗന്ദര്യ വിളിച്ചു. മരിക്കുന്നതിന് മുമ്പുള്ള ദിവസം വിളിച്ചപ്പോഴാണ് ആ സന്തോഷ വാര്‍ത്ത സൗന്ദര്യ പറഞ്ഞത്.
ചന്ദ്രമുഖിയുടെ കന്നഡ പതിപ്പായ ആപ്മിത്രയില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. ഇതായിരിക്കും തന്റെ അവസാനത്തെ സിനിമയെന്നായിരുന്നു അന്നവള്‍ പറഞ്ഞത്. ഇനി അഭിനയിക്കുന്നില്ലെന്നും രണ്ട് മാസം ഗര്‍ഭിണിയാണെന്ന സന്തോഷമാണ് സൗന്ദര്യ പങ്കുവച്ചത്. താനും ഭാര്യയുമായി ഒരുമണിക്കൂറോളം സമയം സംസാരിച്ചിരുന്നു. സഹോദരനൊപ്പം ബിജെപിയുടെ പ്രചരണത്തിന് പോകുന്നുവെന്നും പറഞ്ഞാണ് സൗന്ദര്യ ഫോണ്‍ വച്ചത്. എന്നാല്‍ പിറ്റേദിവസം നടന്ന വിമാനാപകടത്തില്‍ സൗന്ദര്യ മരിച്ചു. മരണശേഷം സൗന്ദര്യയെ ഒരുനോക്ക് കാണാനായിട്ടാണ് ആദ്യമായി അവളുടെ വീട്ടില്‍ പോയത്.തനിക്കൊപ്പം നില്‍ക്കുന്ന അവളുടെ ഫോട്ടോ അവിടെയുണ്ടായിരുന്നു. അത് കണ്ടതോടെ വല്ലാതെ സങ്കടം വന്നുവെന്നും ഉയദകുമാര്‍ പറഞ്ഞിരുന്നു. മരിക്കുന്നതിന് മുന്‍പ് സൗന്ദര്യ ബാംഗ്ലൂരില്‍ പാവപ്പെട്ട കുട്ടികള്‍ക്കും അനാഥര്‍ക്കുമായി സൗന്ദര്യ മൂന്ന് സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു. ഇന്നു താരത്തിന്റെ അമ്മആ സ്‌കൂളുകള്‍ നടത്തി പോരുന്നു.