മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മാലാ പാര്‍വതി. നിലപാടുകൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത താരത്തിന്റെ കോളജ് കാലഘട്ടത്തിലെ ഫോട്ടോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 1989 കാലഘട്ടത്തില്‍ കോളജ് ചെയര്‍പേഴ്സണായി മത്സരിച്ചു വിജയിച്ചു നില്‍ക്കുന്ന നടിയെ കൂട്ടുകാര്‍ ചേര്‍ന്ന് എടുത്ത് ഉയര്‍ത്തുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോട്ടോ എടുക്കാനുണ്ടായ സാഹചര്യവും ചെയര്‍പേഴ്സണായി മത്സരിക്കാനുണ്ടായ കാരണങ്ങളുമൊക്കെ ഇപ്പോൾ ഒരു കുറിപ്പിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
വീണ്ടും ചില ഓര്‍മകള്‍..! ഫോട്ടോയുമായി ബന്ധപ്പെട്ട്.. അല്ല ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ട്…!
കഴിഞ്ഞ ദിവസമാണ്, തിരുവനന്തപും വിമന്‍സ് കോളജ് ഇലക്‌ഷന്‍ ജയിച്ചതിന് ശേഷം എടുത്ത ഒരു ഫോട്ടോ എനിക്ക് കിട്ടിയത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ കൂടെ ഒരു കുറിപ്പും എഴുതിയിരുന്നു. പ്രേംസുജ കമന്റില്‍ വന്ന് ഓര്‍മ്മകള്‍ ഇനിയും പോരട്ടെ എന്ന് ഒരു കമന്റിട്ടു. അതങ്ങനെ മനസ്സില്‍ കിടന്നത് കൊണ്ടാവും ആ കാലത്തെ കുറച്ചു കൂടി ഓര്‍മകള്‍ എഴുതാന്‍ തോന്നുന്നത്
1989-ല്‍ ചെയര്‍പേഴ്സണായി മല്‍സരിക്കാന്‍ വിചാരിച്ചതല്ല. കാരണം 1988-ല്‍ വൈസ് ചെയര്‍പേഴ്സണായി മല്‍സരിക്കുന്ന സമയത്ത് തന്നെ ആ വര്‍ഷം കൊണ്ട്, ഈ മാതിരി പരിപാടിയൊക്കെ നിര്‍ത്തി, നല്ല കുട്ടിയായി, പഠിത്തത്തില്‍ ശ്രദ്ധിച്ചോളാം എന്ന് വീട്ടില്‍ സത്യവാങ്മൂലം കൊടുത്തിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യത്തെ വര്‍ഷം ഇലക്‌ഷന് നില്‍ക്കാനുള്ള അനുവാദം കിട്ടിയത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം വീണ്ടും മല്‍സരിക്കേണ്ടി വന്നു എന്ന് പറയുന്നതാവും ശരി.
1988- 89 യൂണിയനിലെ ജനറല്‍ സെക്രട്ടറി ഒരു 'കെഎസ്‌യു'കാരി ആയിരുന്നു. (പേര് പറയുന്നില്ല). ഫിലിം ഫെസ്റ്റിവലിന്റെ ചാര്‍ജ് സാധാരണ ഉണ്ടാകാറുള്ളത് പോലെ ജനറല്‍ സെക്രട്ടറിക്കാണ് നല്‍കിയിരുന്നത്. ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്ബോള്‍ ഞാന്‍ കോട്ടയത്തായിരുന്നു. കേരള കലോല്‍സവത്തിന് ടീമിനെയും കൊണ്ട് പോയതായിരുന്നു. ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായിരുന്ന മിനുവിനും (KSU) വൈസ് ചെയര്‍പേഴ്സണായ എനിക്കും ആയിരുന്നു അതിന്റെ ഉത്തരവാദിത്വം.
തിരിച്ച് വന്നതിന്റെ പിറ്റേന്ന് ഞങ്ങളുടെ സ്റ്റാഫ് അഡ്വൈസര്‍ ആയിരുന്ന വിലാസിനി ടീച്ചര്‍ എന്നെ വിളിക്കുന്നു എന്ന് ആരോ വന്നു പറഞ്ഞു. മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍, വേറെയും ചില യൂണിയന്‍ ഭാരവാഹികള്‍ അവിടെ നില്‍ക്കുന്നു.
ടീച്ചര്‍ ഞങ്ങളെയും കൊണ്ട് പ്രിന്‍സിപ്പാളിനെ കാണാന്‍ പോയി. കിറ്റി ലോപസ് ടീച്ചര്‍ ആണ് അന്ന് പ്രിന്‍സിപ്പാള്‍. ഗുരുതരമായ ഒരു പ്രശ്നം ടീച്ചറിന്റെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. ഫിലിം ഫെസ്റ്റിവലിന്റെ കണക്കില്‍ തിരിമറി! 25 പാസ് വീതമുള്ള 50 ബുക്കുകള്‍ അടിക്കാനാണ് സ്റ്റാഫ് കൗണ്‍സില്‍ തീരുമാനം എടുത്തിരുന്നത്. എന്നാല്‍ 50 ന് പകരം 80 ബുക്കുകള്‍ പ്രിന്റ് ചെയ്യിച്ചിരുന്നു.
എന്നല്ല അതില്‍ കണക്കില്‍പെടാത്ത ബുക്കുകളിലെ പാസ്സുകളാണ് അധികം വിറ്റ് പോയിരുന്നതും. ചെയര്‍മാനായ യമുനയ്ക്കോ, ഭാരവാഹികളായിരുന്ന മറ്റ് മെമ്ബര്‍മാര്‍ക്കോ ഈ ബുക്കുകളെ കുറിച്ച് ധാരണയും ഇല്ല. ക്യാംപസിലെ കുട്ടികള്‍ക്കായി നടത്തുന്ന ഫിലിം ഫെസ്റ്റിവലില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ 'കമാന്‍ഡോ' എന്ന ചിത്രം ഉണ്ടാകും എന്ന പ്രചരണമുണ്ടായിരുന്നതിനാല്‍ കുട്ടികളൊക്കെ ടിക്കറ്റ് വാങ്ങിയിരുന്നു.
ഫെസ്റ്റിവലില്‍ കമാന്‍ഡോ എന്ന പടം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല തട്ടിപ്പും നടന്നിരിക്കുന്നു. സ്വതവേ സ്നേഹമയിയായ വിലാസിനി ടീച്ചര്‍, ആ സമയത്ത് ദേഷ്യവും സങ്കടവും ഒക്കെ വന്ന് ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. എവിടെ നിന്നെങ്കിലും ആ കുട്ടിയെ പോയി കൊണ്ട് വരണം. ടീച്ചര്‍ ഒരു ഉത്തരവിന്റെ സ്വരത്തില്‍ പറഞ്ഞു. അന്വേഷിച്ചപ്പോള്‍ ക്യാപംസിലില്ല.
ആകാശവാണിയില്‍ ഒരു ഡിസ്ക്കഷന് പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു കക്ഷി. ഞങ്ങള്‍ മൂന്ന് പേര് അങ്ങോട്ട് പുറപ്പെട്ട്. ഓട്ടോയില്‍ തൈക്കാട് ആകാശവാണിയില്‍ അന്ന് എന്റെ അപ്പച്ചി ( സരസ്വതി അമ്മ) ഉണ്ട്. ആ സ്വാധീനം ഉപയോഗിച്ച് പ്രത്യേക പെര്‍മിഷന്‍ ഒക്കെ വാങ്ങി റിക്കോഡിങ് സ്റ്റുഡിയോയുടെ മുന്നില്‍ ഇരുന്നു. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചര്‍ച്ച കഴിഞ്ഞ് അവര്‍ പുറത്തിറങ്ങി.
പുള്ളിക്കാരീടെ രണ്ട് വശത്തും രണ്ട് പേര്‍. പുറകിലൊരാള്‍. ഞങ്ങളുടെ കൂടെ കോളജില്‍ വരണം എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത് കൊണ്ട് വരുന്നത് പോലെ ഓട്ടോയില്‍ കയറ്റി ക്യാംപസില്‍ കൊണ്ടു വന്നു. കുറ്റം പുള്ളിക്കാരിത്തി ഏല്‍ക്കാതിരുന്നില്ല. കോളജിന്റെ ചാര്‍ജുള്ള KSU ക്കാര്‍ പറഞ്ഞിട്ടാണെന്നും, പണം അവരെ ഏല്‍പ്പിച്ചു എന്നും അവര്‍ പറഞ്ഞു. ആ വര്‍ഷത്തെ അധ്യയനം ഏതാണ്ട് കഴിയാറായിരുന്നതിനാല്‍ പ്രത്യേകിച്ച് നടപടി ഒന്നുമുണ്ടായില്ല. ടീച്ചേഴ്സ് എല്ലാം ചേര്‍ന്ന് ഉപദേശിച്ച് വിട്ടു എന്നാണ് ഓര്‍മ.
പക്ഷേ ഞങ്ങളുടെ ദേഷ്യം തീര്‍ന്നിരുന്നില്ല. അടുത്ത വര്‍ഷം ഇലക്‌ഷന് പ്രസ്തുത കക്ഷി ചെയര്‍മാനായി നോമിനേഷന്‍ കൊടുത്തു എന്ന് കേട്ട് ഞങ്ങള്‍ ഞെട്ടി. SFl - പ്രവര്‍ത്തകരുടെ ആത്മരോഷം ഉണര്‍ന്നു. എങ്ങനെയും അവരെയും ആ പാനലും തോല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ജയിക്കുന്നവരെ മാത്രം വച്ചൊരു പാനല്‍ ഉണ്ടാക്കിയത്. SFI-യുടെ പാനലില്‍ തന്നെ വേണം എന്ന് തീരുമാനവുമായി.
അന്നൊക്കെ..,അന്നൊക്കെ എന്നല്ല, എന്നും വിമന്‍സ് കോളജില്‍ കുട്ടികള്‍ ഇരിക്കുന്നത് പല പല മരത്തിന്റെ മൂടുകളിലാണ്. കാലക്രമേണ ഓരോ അധ്യയന വര്‍ഷത്തിലും,ചില ഇടങ്ങള്‍ ചിലര്‍ക്കായി ഉണ്ടായി വരും, ചിലത് ചിലരുടെ പേരുകളില്‍ അറിയപ്പെടുകയും ചെയ്യും. ..ഞങ്ങളുടെ സമയത്തും വ്യത്യസ്തമല്ല. രാജശ്രീടെ മരം. എന്നാല്‍ രാജശ്രീ വാര്യര്‍, നടി സുചിത്ര.. (No 20 Madras Mail -ലെ നായിക) മഞ്ജു തുടങ്ങിവരുടേത്.
ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ചുറ്റും ധാരാളം മരങ്ങളും, അവയുടെ കീഴില്‍ ആ മരത്തിന് അധികാരികളായ കുട്ടികളും കാണും. ചിത്രയുടെ മരം, സജിതയുടെ മരം, റാണിയുടെ(റാണി എബ്രഹാം) മരം, ദേവിയുടെ മരം (Devi Ajith) എന്നൊക്കെ അറിയപ്പെട്ടിരുന്നു. അവിടെ തന്നെയുള്ള നാലാമത്തെ മരമായിരുന്നു ഞങ്ങളുടേത്. സൈക്കോളജി ഡിപ്പാര്‍ട്ട്മെന്‍്ററില്‍ നിന്ന് നോക്കിയാല്‍ കൃത്യമായി ഞങ്ങളെ കാണാമായിരുന്നു.
ക്ലാസ്സില്‍ കയറാതെ അവിടെ ഇരിക്കുന്ന എന്നെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്‍്റായിരുന്ന കുമാരി ഭഗവതി ടീച്ചര്‍ അവിടെ നിന്ന് കൈ കൊട്ടി വിളിക്കുമായിരുന്നു.' ക്ലാസ്സില്‍ വരുന്നില്ലേ' ? യൂണിയന്‍ മെമ്ബര്‍ എന്ന സ്വാതന്ത്യമെടുത്ത് മീറ്റിങുണ്ട് എന്നൊക്കെ പച്ചപുളു പറഞ്ഞിട്ടുമുണ്ട്. ഞങ്ങടെ മരമ്മൂട്ടില്‍ കുടുംബത്തിന് ഞങ്ങള്‍ ഇട്ടിരുന്ന പേര് ഫ്രെഷീസ് എന്നാണ്. മ്യൂസിക്ക് ഡിപ്പാര്‍ട്ട് മെന്‍്റില്‍ നിന്ന് വൃന്ദയും വീണയും, ഫിലോസഫി ഡിപ്പാര്‍ട്ട്മെന്‍്റില്‍ നിന്ന് കാത്തു. ഹിസ്റ്ററി ഡിപ്പാര്‍മെന്‍റില്‍ നിന്ന് റാണി പ്രദീപ് ,ശ്രീകുട്ടിയും. ബാക്കി ഏതാണ്ടെല്ലാവരും ഹോം സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍്റില്‍ നിന്നാണ്. റെബേക്ക തോമസ്, നര്‍ത്തകിയും ഞങ്ങടെ അഭിമാന താരവുമായിരുന്ന ജാനു , ചിപ്പി ( Lekha Bose), Beena, Anjana, Priya, Mini തുടങ്ങി 14 പേര്‍. ഞങ്ങള്‍ക്ക് ആ മരംമൂട്ടില്‍ പല നിയമങ്ങളും ഉണ്ടായിരുന്നു. (ഇലക്‌ഷന്‍ കഥയില്‍ നിന്ന് വിട്ട് പോകുനു എന്ന് തോന്നിയേക്കാം. പക്ഷേ അല്ല. ഇത് പറയാതെ അത് നടക്കില്ല. അതാ… )
അന്ന് എന്തിനും പാരഡി പാട്ടെഴുതുകയായിരുന്നു ശീലം. മരംമൂട്ടില്‍ ഞങ്ങള്‍ക്ക്, പല നിയമങ്ങള്‍ക്ക് പുറമേ.. അറ്റന്‍ഡന്‍സ് റജിസ്റ്റര്‍ വരെ ഉണ്ടായിരുന്നു! ഒരു കടും നീല കളറിലെ വലിയ റജിസ്റ്റര്‍. ക്ലാസ്സില്‍ പോയാലും ഇല്ലേലും മരം മൂട്ടിലെ രജിസ്റ്ററില്‍ ഒപ്പിട്ടിരിക്കണം. ഞങ്ങടെ ഗ്യാംഗിന് ഒരു പാട്ടും ഉണ്ടായിരുന്നു. ഒരു ആന്തം.. എന്ന് വേണമെങ്കിലും പറയാം.
(ആലായാല്‍ തറ വേണം എന്ന മട്ട്)
കോളജായാല്‍ മരം വേണം
മരമ്മൂട്ടില്‍ കുട്ടികള്‍ വേണം
കുട്ടികളായാല്‍ ഫ്രെഷീസ് പോലൊരു ഗ്യാങും വേണം.
ഇതില്‍ ഞങ്ങടെ ഫിലോസഫി അടക്കം ഉണ്ടായിരുന്നു.. അതായത്.. 'ക്ലാസ്സുണ്ടെങ്കില്‍ കട്ട് ചെയ്യണം
മരംമൂട്ടില്‍ ഇരുന്നിടേണം മെയിനും സബ്ബും കയറാനുള്ളൊരു മനസ്സും വേണം( ദീര്‍ഘമായതിനാല്‍, ഇത്രേം മതി)
അങ്ങനെ എന്തിനും ഏതിനും പാരഡി എഴുതുന്ന ഞങ്ങള്‍ ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 1988-ലെ വെട്ടിപ്പ് നടത്തിയ ആ.. ജനറല്‍ സെക്രട്ടറി, വിലാസിനി ടീച്ചറിനെ വിഷമിപ്പിച്ച ആ ജനറല്‍ സെക്രട്ടറി, കോളജിനെ പറ്റിച്ച ആ സെക്രട്ടറി ഇനി ഭാരവാഹി ആകരുത്! ആ വര്‍ഷമാണ് ഇലക്‌ഷന് പാരഡി പാട്ടിന്റെ പ്രാധാന്യം ഞങ്ങള്‍ തിരിച്ചറിയുന്നത്. Meet the Candidate നടക്കുന്നതിന് മുമ്ബ് പാട്ടുകള്‍ തയ്യാറായിരുന്നു. കുറച്ചധികം പേരെ പഠിപ്പിച്ച് ഗ്യാങായി ആണ് ആലാപനം!
ഒരെണ്ണം..നീലപൊന്‍മാന്‍ എന്ന ചിത്രത്തിലെ പൂവെ വാ എന്ന ഈണത്തിലാണ് പാട്ട്. വരികള്‍ ഏതാണ്ടിങ്ങനെയാണ്.
കൂവാന്‍ വാ, കൂവി തകര്‍ക്കാന്‍ വാ
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ .
മീറ്റ് ദ കാന്‍ഡിഡേറ്റ്..
കൂവാന്‍ വാ.. വാ.. കൂവാന്‍ വാ
ആഞ്ഞാഞ്ഞ് കൂവ്
അരെ കൂവി കൂവി തള്ള്
ആയിരങ്ങള്‍ വെട്ടിച്ച കള്ളിയെ കൂവി, തകര്‍ക്ക്..
തുടങ്ങി പലതും.
ആ ഗംഭീര ഗാനങ്ങള്‍ ആലപിക്കുന്നതിനിടയില്‍ കൂട്ടുകാരികള്‍ കൂവുന്നതും , ചെരിപ്പ് കാണിക്കുന്നതും, കല്ലെറിയുന്നത് പോലെ ആംഗ്യം കാണിക്കുന്നതും ഒക്കെ സ്വാഭാവികമായിട്ടാണ് നമുക്ക് തോന്നിയതെങ്കിലും.. ഇതെല്ലാം മറ്റൊരാള്‍ കാണുമെന്നും, പടമെടുക്കുമെന്നും,അത് പത്രത്തില്‍ കൊടുക്കുമെന്നും ആരും കരുതിയിരുന്നില്ല
മലയാള മനോരമ പത്രത്തിലെ ഫോട്ടോഗ്രാഫര്‍ ജയചന്ദ്രന്‍ ചേട്ടന്‍ ഇതെല്ലാം കാണുകയും, കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ശത്രുവിനെ തോല്‍പ്പിക്കുക എന്ന ഏക ഉദ്ദേശത്തില്‍ മുഴുകിയിരുന്നതിനാല്‍ ഫോട്ടോ എടുത്തത് ആരും ശ്രദ്ധിച്ചില്ല. പ്രിയപ്പെട്ട ജയചന്ദ്രന്‍ ചേട്ടന്‍ ആ 'കൊലവെറി' ക്യാമറയില്‍ പകര്‍ത്തി എന്ന് മാത്രമല്ല അത് പത്രത്തിലും കൊടുത്തു.
പാവാടയും ബ്ലൗസും, ഹാഫ് സാരിയും ഒക്കെയുടുത്ത്, ചന്ദന പൊട്ടൊക്കെ തൊട്ട്, കുപ്പിവളയും. മുല്ലപ്പൂവും ഒക്കെ കൂടി കുലീനകളായി വീട്ടില്‍ നിന്നിറങ്ങി വരുന്ന മക്കളുടെ തനി രൂപം പത്രത്തില്‍ കണ്ട് രക്ഷിതാക്കള്‍ ഞെട്ടി. ആ ഞെട്ടലില്‍, വീട്ടില്‍ ഉണ്ടായ അപ്രതീക്ഷിത പ്രത്യാഘാതത്തില്‍ ചിലര്‍ രണ്ട് ദിവസത്തേക്ക് കോളജിലേയ്ക്കേ വന്നില്ല. പക്ഷേ തിരിച്ചു വന്ന്, മരമ്മൂട്ടില്‍ ഇരുന്നതും. ഉശിര് ഇരട്ടിയായി. ഇലക്‌ഷന്‍ കവര്‍ ചെയ്യാന്‍ വന്ന ജയചന്ദ്രന്‍ ചേട്ടനായിരുന്നു ടാര്‍ഗറ്റ്. വീണ്ടും പാരഡി നോട്ട് ബുക്ക് കൈയ്യിലെടുത്തു..
ജയ ജയ ജയ ജന്മ ഭൂമി എന്ന ഈണത്തിലായിരുന്നു ജയചന്ദ്രന്‍ ചേട്ടനെതിരെ എഴുതിയ പാരഡി.
എടയെടയെട താടിക്കാരാ..
എട താടിക്കാരാ ക്യാമറക്കാരാ..
എവിടെ നോക്കിയാലും
താനും തന്‍്റെ ക്യാമറയും
തിരിയാനും പിരിയാനും പറ്റീല്ല ക്യാമറക്കാരാ
ക്യാമറക്കാരാ.. കൊച്ചു കള്ളാ
ആരു പറഞ്ഞു തന്റടുത്ത് പേപ്പറിലിടാന്‍..
ഞങ്ങടെ ഒക്കെ മുഖച്ചിത്രം പേപ്പറിലിടാന്‍..
വരികള്‍ മുഴുവന്‍ ഓര്‍മ്മ കിട്ടുന്നില്ല. എങ്കിലും… 'ഭാഗ്യം കൊണ്ട് പഠിത്തം നിര്‍ത്തിയില്ല' എന്നും 'നിര്‍ത്തിയെങ്കില്‍ തന്റെ ഷേപ്പ് മാറിയേനെ' എന്നുമൊക്കെ എഴുതി പിടിപ്പിച്ചിരുന്നു. എഴുതുക മാത്രമല്ല ജയചന്ദ്രന്‍ ചേട്ടന്‍ ഇലക്‌ഷന്‍ കവര്‍ ചെയ്യാന്‍ വന്നപ്പോള്‍ യൂത്ത് ഫെസ്റ്റിവലിനൊക്കെ പാടാന്‍ നില്‍ക്കുന്ന പോലെ അദ്ദേഹത്തിനടുത്ത് പോയി, വൃത്തിയായിട്ട് നിന്ന്.. 1.2,3,4 എന്ന് പറഞ്ഞ് പാട്ട് തുടങ്ങും.
അദ്ദേഹം കേള്‍ക്കാത്ത മട്ടില്‍ മാറി പോകും. പാട്ട് സംഘം അവിടെ എത്തും. പാട്ട് തുടങ്ങും. സഹിക്കാന്‍ വയ്യാതെ ജയചന്ദ്രന്‍ ചേട്ടന്‍ എന്റയടുത്ത് വന്നു.എങ്ങനേലും ഇതൊന്ന് ഒതുക്കി തരണമെന്ന് പറഞ്ഞു. എന്നോട് വന്ന് പറഞ്ഞപ്പോള്‍, ആ മുഖം കണ്ട് ഞാന്‍ തകര്‍ന്നു പോയി. പാവം! അവരെ പറഞ്ഞൊതുക്കാന്‍ ഞാന്‍ കുറേ പാട് പെടേണ്ടി വന്നു.ആ ദിവസമാണ് ഇലക്‌ഷന്‍ റിസള്‍ട്ട് വന്നത്. SFI മുഴുവന്‍ സീറ്റുകളിലും വിജയിച്ചു.
അന്നത്തെ ഇലക്‌ഷന്‍ റിസള്‍ട്ട് അനൗണ്‍സ്മെന്റിന് ശേഷം ജയചന്ദ്രന്‍ ചേട്ടന്‍ എടുത്ത പടമാണിത്.പിന്നീട് മലയാള മനോരമയുമായി ചേര്‍ന്ന്. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ കുറിച്ചും, പൂവാല ശല്യത്തെ കുറിച്ച് ബോധ്യപ്പെടുത്താന്‍ നടത്തിയ രാത്രിയാത്രയില്‍, ഗാന്ധി പാര്‍ക്കിന്റെ മുമ്ബില്‍ വച്ചൊരാള്‍ കൈയ്യില്‍ പിടിച്ച് വലിക്കാന്‍ നോക്കിയപ്പോള്‍ ദൈവദൂതനെ പോലെ ജയചന്ദ്രന്‍ ചേട്ടന്‍ എന്റെ മുന്നിലെത്തി. അയാളെ തള്ളി മാറ്റി. പേടിച്ച് വിളറിയ അവസ്ഥയിലായിരുന്നു ഞാന്‍. മതി പരീക്ഷണം, വീട്ടില്‍ പോ എന്ന് എന്നോട് ദേഷ്യപ്പെട്ടത്, ഏറ്റവും സ്നേഹമുള്ള കരുതലായി ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ക്യാംപസും കൂട്ടുകാരും ജീവതത്തിലെ പച്ചപ്പാണ്. ഏത് ലോക്ഡൗണ്‍ കാലത്തും നമ്മുടെ ഞരമ്ബുകളെ പച്ചയായി നില നിര്‍ത്താന്‍ അവയ്ക്ക് സാധിക്കും.