'600 കോടി രൂപ മുടക്കി ഈ പടമെടുത്ത് ആരെ കെട്ടിക്കാന്‍''- ടോക്‌സിക്ക് എന്ന യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങിയപ്പോള്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിന്റെ തുടക്കം ഇങ്ങനെയായിരുന്നു. കോടികള്‍ മുടക്കി ഒന്നിനും കൊള്ളാത്ത സിനിമകള്‍ ഉണ്ടാക്കുമ്പോള്‍, മലങ്കള്‍ട്ട് എന്നും കാട്ടവരാതമെന്നുമൊക്കെപ്പറഞ്ഞ് അയാള്‍ അതിനെ പൊളിച്ചടുക്കി. ഒരു സിനിമയുടെ ജയപരാജയങ്ങള്‍ തിയേറ്ററിലെ കയ്യടികളിലോ പോസ്റ്ററുകളിലെ അവകാശവാദങ്ങളിലോ ഒതുങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളത്തില്‍.
എന്നാല്‍, ക്യാമറയ്ക്ക് മുന്നിലിരുന്ന് ഒരു വ്യക്തി നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിരൂപണം, കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സിനിമകളുടെ ഭാവി നിര്‍ണ്ണയിക്കുന്ന കാഴ്ചയ്ക്കാണ് ഡിജിറ്റല്‍ യുഗത്തില്‍ കേരളം സാക്ഷിയാവുന്നത്. സിനിമയിലെ ലോജിക്കില്ലായ്മകളെയും പിഴവുകളെയും കണിശമായി ചോദ്യം ചെയ്ത്, പരമ്പരാഗത ആസ്വാദന ശൈലികളെ പൊളിച്ചെഴുതിയ അശ്വന്ത് കോക്ക് എന്ന നിരൂപകന്‍ മലയാള ചലച്ചിത്ര വ്യവസായത്തിലും ആസ്വാദന സംസ്‌കാരത്തിലും വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല.
യൂട്യൂബില്‍ അശ്വന്ത് കോക്കിന്റെ റിവ്യൂ വരുമ്പോള്‍ മാത്രം ഒരു സിനിമ കാണണോ വേണ്ടയോ തീരുമാനിക്കുന്ന ഒരുപാട് പ്രേക്ഷകര്‍ മലയാളത്തിലുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തില്ല. ലാഗുകളെയും ക്ലീഷേകളെയും പരിഹാസത്തിലൂടെ തുറന്നുകാട്ടുന്ന അദ്ദേഹത്തിന്റെ ശൈലി യുവാക്കള്‍ക്കിടയില്‍ വൈറലായി. വിവാദമയമാണ് കോക്കിന്റെ ജീവിതം. പക്ഷേ ഇപ്പോള്‍ അദ്ദേഹം വിവാദത്തില്‍ പെട്ടത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന്റെ പേരിലാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ചാണ് അശ്വന്ത് കോക്കിന്റെ വാഹനം അപകടമുണ്ടാക്കിയത്. കോക്കിന്റെ മഹീന്ദ്ര ഥാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു.
അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഥാര്‍ ഇടിച്ചിരുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകാന്‍ ശ്രമിച്ച അശ്വന്തിനെ പ്രദേശവാസികളും മറ്റ് വാഹന യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. തുടക്കത്തില്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന അശ്വന്തുമായി നാട്ടുകാര്‍ക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുത്തു. ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരോടും അശ്വന്ത് തട്ടിക്കയറിയിരുന്നു. അശ്വന്തിനെ പിന്നീട് കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
അപകടകരമായി വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും അശ്വന്തിനെതിരെ കേസെടുത്തു. വാഹനത്തില്‍ നിന്നും രണ്ടു കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോള്‍ മദ്യപിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ 'അതിപ്പോള്‍ പറയാനാകില്ല, ദാറ്റ്സ് കേരള പൊലീസ്, അവര്‍ അവരുടെ ഡ്യൂട്ടി ചെയ്യുന്നു' എന്നായിരുന്നു അശ്വന്തിന്റെ പ്രതികരണം. അശ്വന്തിന്റെ റിവ്യൂവിനാല്‍ മുറിവേറ്റവര്‍ എല്ലാം തന്നെ ഇപ്പോള്‍ ഇതിന്റെപേരില്‍ അയാളെ വളഞ്ഞിട്ട് ആക്രമിക്കയാണ്. വാഹനാപകടത്തേക്കാള്‍ പ്രശ്‌നം അയാളുടെ സിനിമാ നിരൂപണമാണെന്ന് വ്യക്തം. ഒറ്റ റിവ്യൂകൊണ്ട് ഒരു സിനിമയെ തകര്‍ക്കാന്‍ കഴിയുന്ന രീതിയിലേക്ക് വളര്‍ന്ന കോക്കിന്റെയും ഒരു അസാധാരണ ജീവിതമാണ്.
ഉക്രി മുതല്‍ ഹൈഡ്രോളി വരെ!
കോഴിക്കോട് സ്വദേശിയായ അശ്വന്ത് കോക്ക് തന്റെ വിട്ടുവീഴ്ചയില്ലാത്തതും സരസവുമായ സിനിമാ റിവ്യൂകളിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനായത്. 'കോക്ക്' എന്നത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കുടുംബപ്പേരോ ഔദ്യോഗിക നാമമോ അല്ല. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ഉപയോഗിക്കുന്ന ഒരു തൂലികാനാമം മാത്രമാണ്. കുടുംബപ്പേര് ചേര്‍ത്താണ് അതിട്ടത് എന്നൊക്കെ ഇടക്ക് വിവാദമുണ്ടായിരുന്നു. ഇന്റര്‍നെറ്റിലും അധ്യാപക വൃത്തങ്ങളിലും അശ്വന്ത് കെ.ഒ. എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അയാള്‍ പ്ലസ്ടു തലത്തില്‍ പഠിപ്പിക്കുന്ന, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ്. ഇപ്പോള്‍ അവധിയിലാണ്. സോഷ്യല്‍ മീഡിയയുടെ തുടക്കകാലത്ത് ഫേസ്ബുക്കിലെ പ്രശസ്തമായ സിനിമാ കൂട്ടായ്മകളിലും ട്രോള്‍ ഗ്രൂപ്പുകളിലും, പ്രത്യേകിച്ച് പഴയ എഫ്എഫ്‌സി ഫാന്‍ ഫൈറ്റ് ക്ലബ് പോലുള്ള ഗ്രൂപ്പുകളില്‍ സജീവമായ എഴുത്തുകാരനായിരുന്നു. ഇങ്ങനെ സിനിമാ നിരൂപണം എഴുതിയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റുന്നത്. പക്ഷേ ഈ എഴുത്തുകള്‍ പലരും കോപ്പി ചെയ്യും. അതോടെയാണ് താന്‍ വീഡിയോയിലേക്ക് തിരിഞ്ഞത് എന്നും വീഡിയോ ആണെങ്കില്‍ തന്റെ മുഖമെങ്കിലും ഉണ്ടാവുമെല്ലോ എന്നാണ് ഒരു അഭിമുഖത്തില്‍ കോക്ക് പറയുന്നത്.
2021-ല്‍ 'മാലിക്' എന്ന സിനിമയുടെ നിരൂപണത്തോടെയാണ് അദ്ദേഹം സ്വന്തം പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അഞ്ച് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സിനെ ചാനല്‍ സ്വന്തമാക്കി. അതുവരെ മലയാളത്തില്‍ കണ്ട സുഖിപ്പിക്കല്‍-പുറം ചൊറിയല്‍ നിരൂപണങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ആഞ്ഞടിക്കയായിരുന്നു അശ്വന്ത്. തല്ലിപ്പൊളി പടങ്ങളെ അയാള്‍ തൊലിയുരിച്ചു. സൂപ്പര്‍താരങ്ങളുടെ മോശം സിനിമകളെ നിര്‍ദയം അടിച്ചിട്ടു. എന്നാല്‍ നല്ല സിനിമകളെക്കുറിച്ച് നല്ലതുപറയാനും കോക്കിന് മടിയില്ല. പക്ഷേ മലയാളത്തില്‍ ഒരു വര്‍ഷം ഇറങ്ങുന്ന പടങ്ങളില്‍ 90ശതമാനവും തല്ലിപ്പൊളിയായതുകൊണ്ട്, അയാളുടെ റിവ്യൂവും നെഗറ്റീവായി മാറി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പല സിനിമാക്കാരുടെയും പേടി സ്വപ്നമായി അയാള്‍ മാറി. അതോടെ ശത്രുക്കളും കുടി. ഫാന്‍സുകാരുടെ നിരന്തരം എന്നോണമുള്ള ഫോണ്‍ ഭീഷണികളിലുടെയാണ് അയാള്‍ കടന്നുപോവുന്നത്. ജോലി തെറിപ്പിക്കാന്‍വരെ പലതവണ ശ്രമമുണ്ടായി. ഇതേക്കുറിച്ച് അശ്വന്ത് കോക്ക് ഒരിക്കല്‍ പറഞ്ഞു-'എന്റെ ജോലി പോയാലും എനിക്ക് ടെന്‍ഷനില്ല. ജോലി കളയുമെന്ന് പറഞ്ഞ് ഭീഷണികള്‍ വരാറുണ്ട്. പക്ഷെ ചെറിയ കാര്യങ്ങള്‍ക്ക് ഞാന്‍ വല്ലാതെ ടെന്‍ഷനാകും. സ്ഥിരം സംസാരിക്കുന്ന ആളയക്കുന്ന ഇമോജി മാറിയാന്‍ വല്ലാതെ ടെന്‍ഷനാകും. അതേസമയം ജോലി കളയുമെന്ന് പറഞ്ഞ് കത്തുകള്‍ വന്നാല്‍ എനിക്ക് ടെന്‍ഷനില്ല.''-അശ്വന്ത് പറയുന്നു.
വന്നുവന്ന് അശ്വന്തിന്റെ നാക്കുകൊണ്ടുള്ള താഡനം ഏല്‍ക്കാത്തവര്‍ ആരുമില്ല എന്ന അവസ്ഥയായി. ഡയറക്ടര്‍ ബി ഉണ്ണികൃഷ്ണനെ കോക്ക് ഉക്രി എന്ന് വിളിച്ചത് വൈറലായി. അതുപോലെ ഉദയകൃഷ്ണയുടെ മോശം സിനിമകയെും ഉക്രിയാക്കി അശ്വന്ത് ട്രോളാക്കി. അഖില്‍ മാരാര്‍, റോബിന്‍ രാധാകൃഷ്ണന്‍ എന്നിവരൊക്കെ അശ്വന്തിനെ ചൊറിയാന്‍ വന്ന് കണക്കിന് വാങ്ങിച്ചുകുട്ടിയവരാണ്. അതുപോലെ യുട്യൂബര്‍ ഹൈദരാലി ഒരു കാലത്ത്, 'അശ്വന്ത് കോക്ക് മലയാള സിനിമയെ തകര്‍ക്കുന്നുവെന്ന്' പറഞ്ഞ് കാണുന്നവരോടൊക്കെ അപരാധം പറഞ്ഞ് നടക്കയായിരുന്നു. ഒരിക്കല്‍ കോക്കില്‍ നിന്ന് കണക്കിന് ഹൈദരാലിക്കും കിട്ടി. 'ഹൈഡ്രോളി' എന്ന് കോക്ക് വിളിച്ചത് വൈറലായി.
കേസില്‍ കുടുക്കാന്‍ നീക്കം
റിവ്യൂ ബോംബിങിന്റെ പേരില്‍ അശ്വന്ത് കോക്കിനെ കേസില്‍ കുടുക്കാന്‍ ഒരു വിഭാഗം സിനിമാക്കാര്‍ ശ്രമിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലും കേസ് കൊടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരിടത്തും അശ്വന്ത് കോക്ക് പണം പറ്റിയാണ് റിവ്യൂ ചെയ്യുന്നത് എന്നതിന്, യാതൊരു തെളിവും കിട്ടിയിട്ടില്ല. മാത്രമല്ല കോക്ക് നെഗറ്റീവ് റിവ്യൂ പറയുന്ന സിനിമകള്‍ അത്രയും അറുബോര്‍ തന്നെയാണെന്നാണ് പ്രേക്ഷകരും പറയുന്നത്. അവയൊന്നും തീയേറ്ററിലും രക്ഷപ്പെട്ടിട്ടില്ല. അധ്യാപകനായ അശ്വന്ത് കോക്കിന്റെ പണി തെറിപ്പിക്കാനും ചില സിനിമാക്കാര്‍ നീക്കം നടത്തി. നേരത്തെ, ആലക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴില്‍പരമായ ചട്ടലംഘനം നടത്തിയെന്ന് പറഞ്ഞ പ്രാഡ്യൂസേഷ്‌സ് അസോസിയേഷന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പക്ഷേ ഒരു അധ്യാപകന്‍ റിവ്യു ചെയ്യുന്നതില്‍ ഒന്നും ഒരു ചട്ടലംഘനവും നടന്നിട്ടില്ല, എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. വികലമായ സിനിമ റിവ്യു നടത്തി, അശ്വന്ത് കോക്ക് പണമുണ്ടാക്കിയെന്ന് ആരോപിച്ച് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. പക്ഷേ ഇതിനൊന്നും യാതൊരു തെളിവും ഉണ്ടായിരുന്നില്ല. സിനിമയെ മോശമാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ റിവ്യൂ നടത്തിയെന്ന പരാതിയില്‍, കോക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടി. 'റാഹേല്‍ മകന്‍ കോര' എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. പക്ഷേ ഈ സിനിമയൊക്കെ എട്ടുനിലയില്‍ പൊട്ടിയ സിനിമകളാണ്. അവ ചവറാണെന്ന അശ്വന്തിന്റെ നിരീക്ഷണം ശരിയാവുകയാണ്.
അശ്വന്തിനെതിരെ നിയമനടപടിയുമായി നിര്‍മാതാവ് സിയാദ് കോക്കറും രംഗത്തെത്തിയിരുന്നു. 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' എന്ന സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യു പറഞ്ഞതിന്റെ പേരിലായിരുന്നു സിയാദ് കോക്കര്‍ നിയമനടപടി സ്വീകരിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സിയാദ് കോക്കര്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയും സിയാദ് കോക്കര്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് റിവ്യൂ അശ്വന്ത് കോക്ക് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിരുന്നു. പക്ഷേ സിനിമ കണ്ടവര്‍ ഒക്കെയും, അശ്വന്ത് കോക്ക് പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന നിലപാടിലാണ്. 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' എന്ന സിനിമയാവട്ടെ ഒരാഴ്ചപോലും ഓടിയതുമില്ല. നാട്ടുകാര്‍ അടിക്കാന്‍ വന്ന അനുഭവവും അശ്വന്തിനുണ്ട്. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു-'ഞാന്‍ കുഗ്രാമം എന്ന് പറഞ്ഞതിന്റെ പേരില്‍ നാട്ടുകാര്‍ എന്റെ വീട് ആക്രമിക്കാന്‍ നോക്കിയിട്ടുണ്ട്. ഞാന്‍ പറഞ്ഞ ടോണ്‍ അങ്ങനെയായിരുന്നു. അതില്‍ ആള്‍ക്കാര്‍ക്ക് ഭയങ്കര ദേഷ്യമായി. പൊതുവെ ഓണ്‍ലൈനില്‍ ശത്രുക്കള്‍ക്കുള്ളവര്‍ക്ക് നാട്ടിലെങ്കിലും സപ്പോര്‍ട്ട് ഉണ്ടാകും. എനിക്കതും ഇല്ല. നാട്ടിലും പുറത്തിറങ്ങാന്‍ പറ്റാത്ത ശത്രുക്കളാണ്. നാട്ടുകാര്‍ എന്നെ കാണുന്നില്ലല്ലോ. നാട്ടുകാര്‍ മൊത്തം തനിക്കെതിരെ തിരിഞ്ഞ സാഹചര്യമായിരന്നു''-അശ്വന്ത് കോക് ഓര്‍ത്തു.
സ്‌ട്രൈക്കടിപ്പിച്ച് മമ്മൂട്ടിക്കമ്പനി
അശന്ത് കോക്കിന്റെ റിവ്യുകളെ ഒതുക്കാന്‍ പലതരത്തിലുള്ള ടെക്ക്‌നിക്കുകളാണ് മലയാള സിനിമാലോകം പയറ്റിയത്. ടര്‍ബോ എന്ന സിനിമയെപ്പറ്റി കോക്ക് ചെയ്ത റിവ്യൂവിനെതിരെ, മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടിക്കമ്പനി നടപടി എടുപ്പിച്ചത് വിവാദമായിരുന്നു. യൂട്യൂബ് റിവ്യൂവിന്റെ തമ്പ് നെയ്ലില്‍ 'ടര്‍ബോ' പോസ്റ്റര്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി, കോപ്പി റൈറ്റ് സ്‌ട്രൈക്ക് എന്ന തന്ത്രം ഉപയോഗിച്ചാണ്, വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചത്. എന്നാല്‍ അശ്വന്ത് കോക്ക് ആവട്ടെ, തമ്പ് നെയ്ല്‍ ഒഴിവാക്കി അതേ വിഡിയോ തന്നെ വീണ്ടും അപ്ലോഡ് ചെയ്തും. അതും ലക്ഷങ്ങള്‍ കണ്ടു. മെഗാസ്റ്റാര്‍ ശരിക്കും ചമ്മി.
പുള്ളിങ് പോരാ' എന്ന തമ്പ് നെയ്‌ലാണ് കോക്ക് വീഡിയോക്ക് ആദ്യം കൊടുത്തിരുന്നത്. ഈ വീഡിയോയില്‍ ടര്‍ബോ സിനിമ എന്തുകൊണ്ടാണ് തനിക്ക് ഇഷട്മാവാഞ്ഞത് എന്നതിന്റെ കാരണങ്ങളാണ് അശ്വന്ത് നിരത്തുന്നത്. മിഥുന്‍ മാവുവല്‍ തോമസിന്റെ തിരക്കഥയുടെ പഴഞ്ചന്‍ രീതിയും, ലോജിക്കില്ലായ്മയുമൊക്കെ അദ്ദേഹം എടുത്തു പറയുന്നുണ്ട്. അതേസമയം ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും, വൈശാഖിന്റെ ചടുലമായ സംവിധാനത്തെയും അശ്വന്ത് പ്രകീര്‍ത്തിക്കുന്നുണ്ട്. പക്ഷേ എന്നിട്ടും കോപ്പിറൈറ്റ് സ്‌ട്രൈക്ക് അടുപ്പിക്കാനാണ് മമ്മൂട്ടിക്കമ്പനി ശ്രമിച്ചത്. മമ്മൂട്ടിയെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു നടന്‍, ഇത്രക്ക് ചീപ്പായി പ്രതികരിച്ചത് ഞെട്ടിക്കുന്നുവെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.
മോഹന്‍ലാലിന്റെ മലൈക്കോട്ടെ വാലിബന്‍ അടക്കമുള്ള ഒട്ടുമിക്ക ചിത്രങ്ങളോടും ഇതേ സമീപനമാണ്, അശ്വന്ത് കോക്ക് കൈക്കൊണ്ടത്്. ആദ്യം ദിനം തന്നെ വാലിബന്‍ 'മലങ്കള്‍ട്ടാണെന്ന' നിശിതമായ വിമര്‍ശനമാണ് അശ്വന്ത് ഉയര്‍ത്തിയത്. വാലിബനെകുറിച്ച് മാത്രമല്ല, ഒരു വര്‍ഷം ഇറങ്ങുന്ന 80 ശതമാനം സിനിമകളെക്കീറിച്ചും മോശം അഭിപ്രായമാണ് അശ്വന്ത് കോക്ക് പറയാറുള്ളത്. അത് ശരിയാണ് താനും നല്ല സിനിമകളെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറയുന്ന നിരൂപകനുമാണ് അശ്വന്ത് കോക്ക്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആടുജീവിതം, ആവേശം, ഭ്രമയുഗം, തൊട്ട് ബത്‌ലഹേം യൂണിറ്റ്വരെയുള്ള നല്ല ചിത്രങ്ങള്‍ക്ക് വളരെ നല്ല റിവ്യൂയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അന്ന് അത് അംഗീകരിച്ചവര്‍ വിമര്‍ശനം വരുമ്പോള്‍ ഈ രീതിയില്‍ പ്രതികരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
മാധവ് സുരേഷിനെ ചുരുട്ടിക്കെട്ടി!
അശ്വന്ത് കോക്കും, നടന്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും തമ്മില്‍ 2026 മേയ് മാസത്തിലാണ് വലിയൊരു വിവാദവും വാക്കുതര്‍ക്കവും ഉണ്ടായത്. 'അങ്കം അട്ടഹാസം' എന്ന സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട പണമിടപാട് ആരോപണങ്ങളാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. നേരത്തെ മാധവ് സുരേഷിന്റെ 'എന്തിനാടാ കൊന്നിട്ട്, നമ്മള്‍ ഗുണ്ടകല്ല, അനാഥരാണ്' എന്ന തല്ലിപ്പൊളി ഡയലോഗിനെ എടുത്തിട്ട് അലക്കി ട്രോള്‍ ആക്കിയതും കോക്കായിരുന്നു. സുജിത് എസ്. നായര്‍ സംവിധാനം ചെയ്ത്, മാധവ് സുരേഷ് അഭിനയിച്ച 'അങ്കം അട്ടഹാസം' എന്ന ഒരു ക്ലാസിക്ക് മലങ്കള്‍ട്ടാണെന്ന് പറഞ്ഞുകൊണ്ട് തന്റെ പതിവ് ശൈലിയില്‍ അശ്വന്ത് കോക്ക് വലിച്ചുകീറി.ഇതിന് പിന്നാലെ, സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നല്‍കാതിരിക്കാന്‍ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന ഗുരുതരമായ ആരോപണം ചിത്രത്തിന്റെ നിര്‍മാതാവ് അനില്‍ കുമാറും മാധവ് സുരേഷും ഒരു ചാനല്‍ അഭിമുഖത്തില്‍ ഉന്നയിച്ചു.
പണം നല്‍കിയാല്‍ നെഗറ്റീവ് റിവ്യൂ ഒഴിവാക്കാമെന്ന് ഒരാള്‍ വഴി സന്ദേശം ലഭിച്ചു എന്നതായിരുന്നു അവരുടെ ആരോപണം. തനിക്കെതിരെ ഉയര്‍ന്ന ധന ആരോപണത്തോട് സ്വന്തം യൂട്യൂബ് ചാനലിലൂടെ വളരെ കടുത്ത ഭാഷയിലാണ് അശ്വന്ത് കോക്ക് പ്രതികരിച്ചത്. താന്‍ ഒരു സിനിമയില്‍ നിന്നും റിവ്യൂ ചെയ്യാന്‍ പണം വാങ്ങിയിട്ടില്ലെന്നും, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കാമെന്നും അദ്ദേഹം അതിശക്തമായി പറഞ്ഞു. ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ കോക്ക്, മാധവിനെ വെല്ലുവിളിച്ചു. പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ റിവ്യൂ ചെയ്യുന്നത് നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 'നിന്റെ അച്ഛന്റെ (സുരേഷ് ഗോപിയുടെ) വലിയൊരു ഫാനാണ് ഞാന്‍, നിനക്ക് എന്നെക്കുറിച്ച് ഇങ്ങനെ പറയാന്‍ ഉളുപ്പുണ്ടോ' എന്ന് ചോദിക്കുകയും, നടന്‍ ധ്യാന്‍ ശ്രീനിവാസനെ കണ്ട് പഠിക്കാന്‍ മാധവിനോട് പറയുകയും ചെയ്തത് വലിയ രീതിയില്‍ ചര്‍ച്ചയായി. സത്യത്തില്‍ മാധവ് സുരേഷിന്റെ അടിച്ച് ചുരുട്ടിക്കെട്ടുകയാണ്, അശ്വന്ത് കോക്ക് ചെയ്തത്. ഈ തര്‍ക്കത്തിനിടയില്‍ അശ്വന്ത് കോക്ക്, മാധവിനെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് കാണിച്ച് ഫിലിം ചേംബര്‍ രംഗത്തെത്തി. സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ഗുണ്ടായിസം കാണിക്കുന്നു എന്നാരോപിച്ച് അശ്വന്ത് കോക്കിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. പക്ഷേ 'സുരേഷ്‌ഗോപിയുടെ മോനെ' എന്ന് വിളിക്കുന്നത് ഇത്ര പ്രശ്‌നമാണോ എന്നാണ് അശ്വന്ത് തിരിച്ചിടച്ചത്. ഫിലിം ചേംബറുകാര്‍ക്കും അയാളില്‍നിന്ന് കണക്കിന് കിട്ടി. പക്ഷേ സോഷ്യല്‍ മീഡിയ കോക്കിനൊപ്പമായിരുന്നു.
അങ്കം അട്ടഹാസം എന്ന സിനിമ കണ്ടവരൊക്കെയും അത് ഒരു കാട്ടവരാതമാണെന്ന് സമ്മതിക്കുന്നു. ഇതോടെ മാധവ് സുരേഷും പ്ലേറ്റുമാറ്റി. തന്റെ ആരോപണത്തില്‍ തിരുത്തുമായി നടന്‍ രംഗത്തെത്തി. അശ്വന്ത് കോക്ക് നേരിട്ട് പണം ചോദിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും, കോക്കിന്റെ പേര് പറഞ്ഞ് മറ്റൊരു ഇടനിലക്കാരനാണ് തങ്ങളെ സമീപിച്ചതെന്നുമാണ് മാധവ് വ്യക്തമാക്കിയത്. തന്റെ ഭാഗത്തുനിന്നുണ്ടായ ആശയക്കുഴപ്പങ്ങള്‍ക്ക് മാധവ് പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തതോടെയാണ് ഈ വിവാദത്തിന് അയവ് വന്നത്. പക്ഷേ വിവാദം മാധവ് സുരേഷിനുതന്നെയാണ് വലിയതോതില്‍ ഡാമേജ് ഉണ്ടാക്കിയത്.
ഡ്രങ്കണ്‍ ഡ്രൈവിന്റെ സിവിക്ക് സെന്‍സ്!
തന്റെ അഭിമുഖങ്ങളില്‍ അശ്വന്ത്‌കോക്ക് എപ്പോളും പറയുന്ന കാര്യമാണ്, മലയാളികളുടെ സിവിക്ക് സെന്‍സില്ലായ്മ. ഒരു അഭിമുഖത്തില്‍ താന്‍ അധികം പുറത്തിറങ്ങാറില്ല എന്നും നാട്ടിലാര്‍ക്കും തന്നെ അറിയില്ല എന്നും അശ്വന്ത് പറയുന്നുണ്ട്. ഈ പുറത്തിറങ്ങാത്തതിന്റെ കാരണവും ഒരുപാട് പേര്‍ സിവിക്ക് സെന്‍സില്ലാതെ പെരുമാറും എന്നതാണെന്ന് അദ്ദേഹം പറയുന്നു. ഒരു ഹോട്ടലില്‍പോയാല്‍ നല്ല ഭക്ഷണം കിട്ടില്ല, ഓട്ടോക്കാരും ടാക്‌സിക്കാരും അമിതചാര്‍ജ് വാങ്ങിക്കുക, ഉച്ചത്തിലും ഹെഡ്‌ഫോണില്ലാതെ ഫോണ്‍ ഉപയോഗിച്ച് ശല്യം ചെയ്യുക എന്നതൊക്കെ തനിക്ക് താങ്ങാന്‍ കഴിയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
ഇങ്ങനെ പറയുന്ന ഒരാള്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും എന്നിട്ട് അവിടെനിന്ന് കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്യുക എന്ന അങ്ങേയറ്റം സിവിക്ക് സെന്‍സില്ലാത്ത കാര്യം ചെയ്തതിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുന്നത്. താന്‍ മദ്യപിക്കാത്ത ആളാണ് എന്ന് പറയുന്ന വ്യക്തയല്ല അശ്വന്ത്. ഒരു അഭിമുഖത്തില്‍ തന്റെ ഒരു ദിവസത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു-'സിനിമയില്ലാത്ത ദിവസം ഞാന്‍ വൈകുന്നേരമാണ് എണീക്കാറ്. അത്രയും കലോറി കുറയ്ക്കാമല്ലോ. സന്ധ്യയാകുമ്പോള്‍ കുളിച്ച് എന്തെങ്കിലും കഴിച്ച് രണ്ണെണ്ണം അടിക്കും. പിന്നെ ഇങ്ങനെ ഇരിക്കും. ഒന്ന് രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് ആരെങ്കിലും വിളിക്കും. രാത്രിയിങ്ങനെ ഇരിക്കും. കുറേ കഴിയുമ്പോള്‍ ഉറങ്ങും. സിനിമയുള്ള ദിവസം നേരെ തിരിയും. രാവിലെ എണീച്ച് സിനിമയ്ക്ക് പോകാന്‍ ബുദ്ധിമുട്ടാണ്.
ഞാനൊരു ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനാണ്. ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല. ലീവിലാണ്. ഞാന്‍ സ്‌കൂളില്‍ മീഡിയയില്‍ കാണുന്ന ആളേയല്ല. അവിടെ ഇന്ന വാക്കുകള്‍ പറയാന്‍ പാടില്ല, ഇമോഷനുകള്‍ കണ്‍ട്രോള്‍ ചെയ്യണം എന്നെനിക്ക് അറിയാം. ജഗദീഷ് ഇതിന് വ്യക്തമായി ഉത്തരം കൊടുത്തിട്ടുണ്ട്. അത് പോലെ ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ ഇത് അശ്വന്ത് കോക്ക് ആണ് പഠിപ്പിക്കുന്നതെന്ന് പിള്ളേര്‍ ഓര്‍ക്കില്ല. അതൊരു ടഫ് പ്രോസസ് ആണ്. പ്രത്യേകിച്ചും ദേഷ്യം ഭയങ്കര ബുദ്ധിമുട്ടാണ്. ഞാന്‍ പുറത്ത് ഉപയോഗിക്കുന്ന വാക്ക് സ്‌കൂളില്‍ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെ ഉപയോഗിച്ചാല്‍ വലിയ പ്രശ്‌നമാണ്. ''- അശ്വന്ത് പറയുന്നു. പക്ഷേ ഇപ്പോള്‍ അയാള്‍ക്കെതിരെ രംഗത്തെത്തിയവരുടെ പ്രശ്‌നം ഡ്രങ്കണ്‍ ഡ്രൈവ് അല്ല. സിനിമാ നിരൂപണമാണ്. അശ്വന്ത്‌കോക്കിന്റെ 'നാക്കുകൊണ്ടുള്ള ഭീകരാക്രമണത്താല്‍' മുറിവറ്റേവര്‍ അയാള്‍ക്കെതിരെ ഒരു അവസരം കാത്തിരിക്കയായിരുന്നു.
മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളുടെയും ഫാന്‍സ് അസോസിയേഷന്‍കാര്‍ അയാളുടെ വീഴ്ച ആഘോഷിക്കയാണ്. സത്യത്തില്‍ അശ്വന്തിന്റെ വ്യക്തിജീവിതവും അയാളുടെ വീഡിയോയും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. ഉയരങ്ങളിലേക്ക് പോവുമ്പോള്‍ ശത്രുക്കളും പതിയിരിക്കുന്നു എന്ന കാര്യം കോക്ക് മറന്നുപോയി. പക്ഷേ ഈ ഒരു സംഭവത്തിന്റെ പേരില്‍ കാന്‍സല്‍ ചെയ്യേണ്ടതല്ല അശ്വന്ത് കോക്ക് എന്ന വ്‌ളോഗറെ. മലയാള സിനിമയില്‍ പല മാറ്റങ്ങളും ഉണ്ടാക്കിയത് അയാളാണ്. ഒരു പടത്തില്‍ എന്തെങ്കിലും വളിപ്പ് സീനുകള്‍ ഉണ്ടെങ്കില്‍, 'അശ്വന്ത് കോക്ക് പിടിക്കും' എന്ന ഷൂട്ടിങ്് സെറ്റുകളില്‍ സിനിമാക്കാര്‍ പറയുന്ന അവസ്ഥയുണ്ടായി. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയെ ശുദ്ധീകരിക്കാന്‍ ഈ റിവ്യൂവര്‍ക്ക് കഴിയുന്നുണ്ട്. ഇപ്പോള്‍ ഉണ്ടാക്കിയ വാഹനാപകടത്തിന് മാപ്പുപറയുകയും, മദ്യപാനമടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്ത് കോക്ക് പൂര്‍വാധികം ശക്തിയോടെ ഇവിടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് സാധാരണ പ്രേക്ഷകര്‍.
വാല്‍ക്കഷ്ണം: അശ്വന്ത് കോക്കിന്റെ റിവ്യൂകാണാറുള്ള ഈ ലേഖകനൊക്കെ ആകെ ഒന്നോ രണ്ടോ സിനിമകളിലാണ് അഭിപ്രായ വ്യത്യാസം തോന്നിയത്.
'വര്‍ഷങ്ങള്‍ക്കുശേഷം', 'ബ്രോമന്‍സ്' തുടങ്ങിയ ചില ആവറേജ് പടങ്ങള്‍ക്ക് നല്ല റിവ്യൂ കൊടുത്തതടക്കമുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു സിനിമയെയും ബോധപുര്‍വം അപമാനിക്കുന്നതായി തോന്നിയില്ല. പിന്നെ റിവ്യു എന്നത് അയാളുടെ പേഴ്‌സണല്‍ ഒപ്പീനിയനാണ്. ഒരു റിവ്യുവര്‍ക്കും സിനിമ നന്നാണെങ്കില്‍ പരാജയപ്പെടുത്താന്‍ കഴിയില്ല. സിനിമ മോശമാണെങ്കില്‍ റിവ്യൂ പറഞ്ഞ് പൊക്കിയെടുക്കാനും കഴിയില്ല.