 
  സിനിമാ താരങ്ങളെ 'പാന്‍ ഇന്ത്യന്‍' എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ പ്രമുഖ നടി പ്രിയാമണി രംഗത്ത്. എല്ലാവരും ഇന്ത്യക്കാരായതിനാല്‍ ഇത്തരം ഒരു വിശേഷണം അനാവശ്യമാണെന്നും, ഈ പദപ്രയോഗം നിര്‍ത്തണമെന്നുമാണ് താരം നിലപാട് വ്യക്തമാക്കിയത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
'പാന്‍ ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത് നമ്മള്‍ നിര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം. നമ്മളെല്ലാവരും ഇന്ത്യക്കാരല്ലേ. ഈ പാന്‍ ഇന്ത്യ എന്താണ്? എനിക്ക് മനസ്സിലാകുന്നില്ല,' പ്രിയാമണി പറഞ്ഞു. മറ്റ് ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ ബോളിവുഡില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഒരു അഭിനേതാവ് വരുമ്പോള്‍ അവരെ 'പ്രാദേശിക നടന്‍' എന്ന് വിളിക്കാറില്ലെന്നും താരം ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി അഭിനേതാക്കള്‍ ഭാഷകള്‍ക്കപ്പുറം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും, പെട്ടെന്ന് എങ്ങനെയാണ് ആളുകളെ ഇങ്ങനെ ലേബല്‍ ചെയ്യാന്‍ തുടങ്ങിയതെന്നും പ്രിയാമണി ചോദ്യമുന്നയിച്ചു.
കമല്‍ഹാസന്‍, രജനികാന്ത്, പ്രകാശ് രാജ്, ധനുഷ് തുടങ്ങിയ നടന്മാര്‍ പതിറ്റാണ്ടുകളായി 'പാന്‍ ഇന്ത്യന്‍' അഭിനേതാക്കള്‍ എന്ന് ടാഗ് ചെയ്യപ്പെടാതെ തന്നെ വിവിധ ഭാഷകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, അവരെല്ലാം ഇന്ത്യന്‍ അഭിനേതാക്കള്‍ എന്ന നിലയിലാണ് അറിയപ്പെടുന്നതെന്നും പ്രിയാമണി പറഞ്ഞു. ഏത് ഭാഷയില്‍ അഭിനയിക്കുന്നു എന്നതിനേക്കാള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് താരങ്ങളെ സ്വീകരിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'പാന്‍ ഇന്ത്യന്‍' എന്ന ലേബല്‍ ലഭിക്കാന്‍ അഭിനേതാക്കള്‍ വല്ലാതെ ആഗ്രഹിക്കുന്നതു കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും പ്രിയാമണി വ്യക്തമാക്കി. 'ദ് ഫാമിലി മാന്‍' എന്ന സീരീസിന്റെ മൂന്നാം ഭാഗത്തിലാണ് പ്രിയാമണി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ 'ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്. തമിഴില്‍ വിജയ് നായകനായെത്തുന്ന 'ജന നായകന്‍' എന്ന ചിത്രത്തിലും പ്രിയാമണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.