ദേശീയ പുരസ്‌കാരം നേടിയ നടിയും വിവിധ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങിയ താരവുമായ പ്രിയാമണി, സിനിമാ രംഗത്ത് തനിക്ക് സഹനടന്മാരെക്കാള്‍ കുറഞ്ഞ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. തന്റെ മാര്‍ക്കറ്റ് മൂല്യത്തിനനുസരിച്ചുള്ള പ്രതിഫലം ആവശ്യപ്പെടാന്‍ മടി കാണിക്കില്ലെന്നും, തനിക്ക് അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്ന പ്രതിഫലം ചോദിക്കുമെന്നും പ്രിയാമണി വ്യക്തമാക്കി. സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
'നിങ്ങളുടെ മാര്‍ക്കറ്റ് മൂല്യം എന്തുതന്നെയായാലും, അത് ആവശ്യപ്പെടണം. അതിനനുസരിച്ചുള്ള തുക നിങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എന്റെ സഹനടനേക്കാള്‍ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ച സമയങ്ങളുണ്ട്. എന്നിരുന്നാലും അത് എന്നെ അലട്ടുന്നില്ല. എന്റെ മാര്‍ക്കറ്റ് മൂല്യവും, എന്റെ വിലയും എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. ഇതാണ് എന്റെ അഭിപ്രായവും അനുഭവവും. എനിക്ക് അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്ന പ്രതിഫലം ഞാന്‍ ചോദിക്കും. അനാവശ്യമായി ഒരുപാട് പ്രതിഫലം ആവശ്യപ്പെടില്ല,' പ്രിയാമണി പറഞ്ഞു.
'പരുത്തിവീരന്‍' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാമണി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം സജീവമാണ്. മലയാളത്തില്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി', തമിഴില്‍ വിജയ് നായകനാകുന്ന 'ജനനായകന്‍' എന്നിവയാണ് താരത്തിന്റെ സമീപകാല ചിത്രങ്ങള്‍
പ്രിയാമണിയുടെ ആദ്യ വെബ് സീരീസായ 'ഗുഡ് വൈഫ്' ഹോട്ട്സ്റ്റാറിലൂടെ ജൂണില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലായിരുന്നു സ്ട്രീമിങ് ഉണ്ടായിരുന്നത്. കോടതിമുറികളിലും ജീവിതത്തിലും പരീക്ഷണങ്ങളും, വലിയ മാറ്റങ്ങളും അഭിമുഖീകരിക്കുന്ന നായികയുടെ അവസ്ഥയാണ് തീവ്രമായ ഒരു ഡ്രാമയായി സീരിസില്‍ അവതരിപ്പിക്കുന്നത്. പ്രിയമണിക്കൊപ്പം സമ്പത്ത് രാജ്, ആരി അര്‍ജുനന്‍, അമൃത ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തി. രേവതിയും സിദ്ധാര്‍ഥ് രാമസ്വാമിയും ചേര്‍ന്ന് സംവിധാനം ചെയ്ത ഈ സീരീസില്‍ ഹലിത ഷമീം, ബനിജയ് ഏഷ്യ എന്നിവര്‍ക്കൊപ്പം നിര്‍മാണത്തിലും പങ്കാളികളാണ്.