തമിഴ് സൂപ്പര്‍താരം ദളപതി വിജയ്‌യുടെതായി അണിയറയിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ബിഗില്‍. താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബിഗിലില്‍ വിജയ്‌ക്കൊപ്പം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐഎം വിജയന്‍ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ അത് ഉറപ്പിച്ചുകൊണ്ട് ചിത്രത്തില്‍ ദളപതിയുടെ അച്ഛന്‍ കഥാപാത്രത്തിന്റെ സുഹൃത്തായിട്ടായിരിക്കും അദ്ദേഹം എത്തുക എന്നാണ് ഇപ്പോള്‍ അറിയുന്നത്.
ഐ എം വിജയന്‍ ഇതിന് മുമ്പും തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ദളപതി ചിത്രത്തിലൂടെ ഐ എം വിജയന്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. അതേസമയം ബോളിവുഡ് താരം ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
തെരി,മെര്‍സല്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് അറ്റ്‌ലീ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ബിഗില്‍. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, ഡാനിയേല്‍ ബാലാജി, ജാക്കി ഷ്‌റോഫ്, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എജിഎസ് എന്റര്‍ടെയ്ന്‍മെന്‍സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. ബിഗിലില്‍ വിജയ്‌യുടെ ഒരു പാട്ടും ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമ ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.