ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കത്തനാറിന് ഇനിയും നൂറ് ദിവസത്തെ ചിത്രീകരണം; ഈ മാസം അവാസനം പ്രഭുദേവ ചിത്രത്തില്‍ ജോയ്ന്‍ ചെയ്യുമെന്ന് സൂചന; അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ചിത്രമെത്തുക വിദേശ സിനിമകളോട് കിടപിടിക്കുന്ന രീതിയില്‍
ജയസൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കത്തനാര്‍'.കത്തനാരിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ റോജിന്‍ തോമസ് അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് ഇനിയും നൂറ് ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്ന് സൂചനകളാണ് പുറത്ത് വരുന്നത്.ചിത്രീകരണം തുടങ്ങിയപ്പോള്‍ത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കത്തനാര്‍. 36 ഏക്കറില്‍ നാല്‍പത്തയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ സെറ്റടക്കം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു, ഇപ്പോള്‍ ചിത്രത്തില്‍ പ്രഭുദേവയും അഭിനയിക്കുമെന്ന വാര്‍്ത്തകളും പുറത്ത് വരുന്നുണ്ട്.
ഈ മാസം അവസാനം പ്രഭുദേവ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും. പ്രഭുദേവ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കത്തനാര്‍.2011ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത പൃഥിരാജ് നായകനായ ഉറുമി സിനിമയില്‍ വവ്വാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മലയാളത്തിലേക്ക് എത്തുന്നത്.കൊച്ചിയിലെ കൂനമ്മാവില്‍ കത്തനാറുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയാണ് നായിക. അനുഷ്‌കയും ഈ മാസം അവസാനം ജോയിന്‍ ചെയ്യും. അനുഷ്‌കയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കത്തനാര്‍. കോട്ടയം രമേശ്, വിനീത്, ഹരീഷ് ഉത്തമന്‍, സനൂപ് സന്തോഷ് തുടങ്ങിയവര്‍ താരനിരയിലുണ്ട്. അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികന്‍ കടമറ്റത്ത് കത്തനാറിന്റെ ജീവിതം പറയുന്ന ചിത്രത്തിന് ചെന്നൈയിലും റോമിലും ചിത്രീകരണമുണ്ട്.
വിദേശ സിനിമകളോട് കിടപിടിക്കുന്ന രീതിയില്‍ വിര്‍ച്വല്‍ പ്രൊഡഷനിലൂടെയാണ് ഒരുങ്ങുന്നത്. ഫാന്റസിയും ആക്ഷനും ഹൊററും ഉദ്വോഗജനകമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യകഥകളും ചേര്‍ന്ന ഒരു ഗംഭീര വീഷ്വല്‍ ട്രീറ്റായിരിക്കും കത്തനാറെന്ന സൂചന നല്‍കിയാണ് ഫസ്റ്റ് ഗ്ലിംപ്‌സ് പുറത്തിറക്കിയത്. രണ്ടു ഭാഗങ്ങളായാണ് കത്തനാര്‍ ഒരുങ്ങുന്നത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ജാപ്പനീസ്, ജര്‍മ്മന്‍ തുടങ്ങി ഒട്ടേറെ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ആര്‍. രാമാനന്ദ് രചന നിര്‍വഹിക്കുന്നു. നീല്‍ ഡി. കുഞ്ഞ ആണ് ഛായാഗ്രഹണം. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം.
മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ് ഇതെന്നും 200 ദിവസത്തെ ചിത്രീകരണമാണ് വേണ്ടി വരുന്നതെന്നും സംവിധായകന്‍ റോജിന്‍ തോമസ് പറഞ്ഞിരുന്നു.കടമറ്റത്തു കത്തനാരായി മാറാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ തയാറെടുപ്പാണ് ജയസൂര്യ നടത്തിയത്.