അല്ലു അര്ജുന് നായകനാകുന്ന പുതിയ ചിത്രം പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ആരാധകരെ ആര്‍മി എന്ന് വിളിച്ചതിന്റെ പശ്ചാത്തലത്തില്‍ അല്ലുവിനെതിരെ പൊലീസില്‍ പരാതി വന്നിരിക്കുകയാണ്. ശ്രീനിവാസ് ഗൗഡ് എന്ന വ്യക്തിയാണ് ഹൈദരാബാദിലെ ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ആരാധകരെ അല്ലു അര്‍ജുന്‍ സൈന്യം എന്ന് വിളിക്കരുത് എന്ന് പറഞ്ഞുകൊണ്ടുള്ളതാണ് പരാതി. സൈന്യം എന്ന് പറയുന്നത് മാന്യതയുള്ള ജോലിയാണ്. രാജ്യത്തിന്റെ സംരക്ഷണം അവരുടെ കയ്യിലാണ്. ആരാധകരെ അങ്ങനെ വിളിക്കുന്നത് ശരിയല്ല. അതിനു പകരം മറ്റ് പല വാക്കുകളും അല്ലു അര്‍ജുന് ഉപയോഗിക്കാം എന്നാണ് പരാതിയില്‍ പറയുന്നത്.
തനിക്ക് ആരാധകരില്ല സൈന്യമാണ് ഉള്ളത് എന്നായിരുന്നു മുംബൈയില്‍ അല്ലു അര്‍ജുന്‍ പറഞ്ഞത്. 'എനിക്ക് ആരാധകരില്ല, എനിക്ക് സൈന്യമാണ് ഉള്ളത്. ഞാന്‍ എന്റെ ആരാധകരെ സ്‌നേഹിക്കുന്നു. അവരെന്റെ കുടുംബം പോലെയാണ്. അവര്‍ എനിക്കൊപ്പം നില്‍ക്കും. എന്നെ ആഘോഷിക്കും. ഒരു സൈന്യം പോലെയാണ് അവര്‍ എനിക്കൊപ്പം നില്‍ക്കുന്നത്. നിങ്ങള്‍ എല്ലാവരേയും ഞാന്‍ സ്‌നേഹിക്കുന്നു. സിനിമ വന്‍ ഹിറ്റാവുകയാണെങ്കില്‍ എന്റെ ആരാധകര്‍ക്ക് ഞാന്‍ ഈ ചിത്രം സമര്‍പ്പിക്കും.' - അല്ലു അര്‍ജുന്‍ പറഞ്ഞു.
ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍.