സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. നയന്‍താര ബിയോണ്ട് ദ് ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിക്ക് പിന്നാലെയാണ് ഇരുവരുമിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.
താരത്തില്‍ ഇതാ താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. സംവിധായകന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്‌തോ അതോ മറ്റേതെങ്കിലും സാങ്കേതിക തകരാറാണോ എന്ന ചര്‍ച്ചയിലാണ് സൈബര്‍ ലോകം.
മുന്‍പ് ധനുഷുമായുള്ള വിവാദത്തെ തുടര്‍ന്ന് വിഘ്നേഷിനും ഭാര്യ നയന്‍താരയ്ക്കും വലിയ രീതിയിലുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കൂടാതെ അടുത്തിടെ പാന്‍-ഇന്ത്യന്‍ സംവിധായകരുടെ ഒരു ചര്‍ച്ചയില്‍ വിഘ്‌നേഷ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയും വിഘ്‌നേഷിനെതിരെ ട്രോളുകളും വിമര്‍ശനവുമുയര്‍ന്നിരുന്നു.
വിഘ്‌നേഷ് ഒരു പാന്‍ ഇന്ത്യന്‍ സംവിധായകനല്ലെന്നും പിന്നെ എങ്ങനെയാണ് ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത് എന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഈ കാരണത്താലാണോ സംവിധായകന്‍ അക്കൗണ്ട് ഉപേക്ഷിച്ചത് എന്നാണ് പലരും ചോദിക്കുന്നത്.
ധനുഷും നയന്‍താരയും തമ്മിലുള്ള തര്‍ക്കമാണ് കോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകമാകെ ചര്‍ച്ചാ വിഷയമായിരുന്നു. നയന്‍താരയുടെ നെറ്റ്ഫ്‌ലിക്‌സ് വിവാഹ ഡോക്യുമെന്ററിയില്‍ നാനും റൗഡി താനില്‍ നിന്നുള്ള 3 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്‌നം ഉടലെടുത്തത്.
നഷ്ടപരിഹാരമായി 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചു. ഇതോടെ നയന്‍താര ശക്തമായി പ്രതികരിക്കുകയും ധനുഷിനെ വിമര്‍ശിച്ച് മൂന്ന് പേജുള്ള വിശദമായ പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ധനുഷ് നയന്‍താരയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്യുകയാണ് ചെയ്തത്.