ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ശരദ് കപൂറിനെതിരെ കേസെടുത്തു. സിനിമാ ചിത്രീകരണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഖറിലെ നടന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് 32കാരിയായ യുവതിയുടെ പരാതി. നടന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറുകയും ബലാത്സംഗത്തിന് ശ്രമിക്കുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് ശരദ് കപൂറുമായി ആദ്യം പരിചയപ്പെട്ടത്.
പിന്നീട് ഒരു ഷൂട്ടിങ് പ്രോജക്റ്റ് ചര്‍ച്ച ചെയ്യാന്‍ ഖാറിലെ ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഓഫിസായി നല്‍കിയത് വീടിന്റെ അഡ്രസായിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ ആരോപണങ്ങളെ തള്ളി ശരദ് കപൂര്‍ രംഗത്തെത്തി. തനിക്കെതിരെ എപ്പോഴാണ് കേസ് ഫയല്‍ ചെയ്തതെന്ന് എനിക്കറിയില്ല.
താന്‍ ന്യൂയോര്‍ക്കില്‍ നിന്ന് തിരിച്ചെത്തിയതേയുള്ളു. പക്ഷേ ഇപ്പോള്‍ ഞാന്‍ കൊല്‍ക്കത്തയിലാണ്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലാ എന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. തമന്ന, ദസ്തക്, ത്രിശക്തി, ജോഷ്, ഇസ്‌കി ടോപ്പി ഉസ്‌കെ സാര്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ശരദ് കപൂര്‍.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ് സന്‍ഹിതയിലെ സെക്ഷന്‍ 74, 75, 79 വകുപ്പുകള്‍ പ്രകാരം ശരദ് കപൂറിനെതിരെ ഖാര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.