മലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റി'ല്‍ മോഹന്‍ലാല്‍ എത്തിയത് മമ്മൂട്ടിയുടെ വാക്കുകളില്‍. പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്ത സ്‌പെഷ്യല്‍ ചാറ്റ് ഷോയിലാണ് മെഗാസ്റ്റാര്‍ ഈ രഹസ്യം വെളിപ്പെടുത്തിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ അത് ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുക്കുന്നത്.
'മഹേഷ് കഥ പറഞ്ഞപ്പോള്‍ തന്നെ ഇതൊരു വലിയ സിനിമയാണെന്നും വമ്പന്‍ താരനിര വേണമെന്നും മനസ്സിലായി. പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടാന്‍ പുറത്തുനിന്ന് ആരെങ്കിലും വേണോ എന്ന് മഹേഷ് ചോദിച്ചപ്പോള്‍, എന്തിനാ പുറത്തുനിന്ന് ഒരാള്‍, ഇവിടെ തന്നെ നമുക്ക് ഒരാളുണ്ടല്ലോ എന്നാണ് ഞാന്‍ മറുപടി നല്‍കിയത്'- മമ്മൂട്ടി പറഞ്ഞു. മോഹന്‍ലാലിനോടുള്ള സ്‌നേഹവും ബഹുമാനവും നിറഞ്ഞ മമ്മൂട്ടിയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മാതൃകയാണ് ഇവരുടെ സൗഹൃദമെന്നാണ് ആരാധകരുടെ പക്ഷം. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് ചിത്രത്തിലെ നായകന്മാരെന്നും തനിക്കും മോഹന്‍ലാലിനും കുറഞ്ഞ ഭാഗങ്ങളെ ഉള്ളൂവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
പ്രകാശ് വര്‍മ ഒരുക്കിയ ചാറ്റ് ഷോയില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം എന്നിവരും പങ്കെടുത്തു. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന 56-ാമത്തെ ചിത്രമാണ് 'പേട്രിയറ്റ്'. നയന്‍താര ഉള്‍പ്പെടെയുള്ള വന്‍ താരനിര അണിനിരക്കുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.