അഭിനേത്രിയും ഒപ്പം മോഡലും ചാനല്‍ ഷോകളില്‍ അവതാരകയുമൊക്കെയാണ് നടി പാര്‍വതി ആര്‍ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് നടി മ്യാന്‍മര്‍, തായ്ലന്റ് രാജ്യങ്ങളിലേക്ക് യാത്ര പോയത്. ഒരുപാടു കാലത്തെ തന്റെ ആഗ്രഹമായിരുന്ന ഈ യാത്രയ്ക്കിടെ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കുന്നതും ആ രാജ്യങ്ങളുടെ ഭംഗി ആസ്വദിക്കുന്നതുമൊക്കെയായ വീഡിയോ ദൃശ്യങ്ങള്‍ പാര്‍വതി പങ്കുവച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുമുമ്പ് ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് പാര്‍വതി പങ്കുവച്ചത്. മ്യാന്‍മര്‍, തായ്ലന്റ് രാജ്യങ്ങളെ പിടിച്ചു കുലുക്കിയ, ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ ആ ദുരന്തത്തെ മുഖാമുഖം കണ്ടവരില്‍ നടി പാര്‍വതിയും ഉണ്ടായിരുന്നുവെന്ന വിവരമാണ് നടി പങ്കുവച്ചത്.
അക്ഷരാര്‍ത്ഥത്തില്‍ മരണം മുന്നില്‍ കണ്ട നിമിഷം എന്നാണ് പാര്‍വതി പറഞ്ഞത്. യാത്ര കഴിഞ്ഞ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഭൂകമ്പം ഉണ്ടായത്. ആയിരക്കണക്കിനു പേര്‍ കൂടിനില്‍ക്കുന്നതിനിടയിലാണ് പാര്‍വതിയും സുഹൃത്തുമുള്ളത്. പലരും ജീവനുവേണ്ടി നിലവിളിക്കുന്നതും ഓടുന്നതും എല്ലാം വീഡിയോയില്‍ കാണാം. പ്രാണരക്ഷാര്‍ത്ഥം പലരും ഉയരം കുറഞ്ഞ കെട്ടിടങ്ങളിലേക്കും തുറസ്സായ സ്ഥലത്തേക്കും ഓടുകയായിരുന്നു. അവര്‍ക്കൊപ്പമായിരുന്നു പാര്‍വതിയും. ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ വിറകയ്യോടെയുള്ള തന്റെ ദൃശ്യങ്ങളും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. അതേസമയം, ആ വീഡിയോ ഇട്ടതിനു പിന്നാലെ തനിക്ക് നിരവധി ഫോണ്‍ കോളുകള്‍ വന്നുവെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദി പറയുന്നുവെന്നും പറഞ്ഞുകൊണ്ട് പാര്‍വതി വീഡിയോയും പങ്കുവച്ചിരുന്നു.
യാത്ര കഴിഞ്ഞ് ഇന്നലെ രാത്രിയോടെ അവിടെ നിന്നും വിമാനം കയറിയ നടി ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പാര്‍വതിയ്ക്ക് തന്റെ അച്ഛനെ നഷ്ടമായത്. അതിന്റെ വേദനയില്‍ നിന്നും കരകയറി വരവേയാണ് നടിയെ പിടിച്ചു കുലുക്കിയ ഈ സംഭവവും ഉണ്ടായത്. ആറ്റുകാല്‍ ദേവിയ്ക്ക് പൊങ്കാലയടക്കം ഇട്ട ശേഷമായിരുന്നു പാര്‍വതിയുടെ ഈ യാത്ര. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ സുന്ദരി ഇന്‍സ്റ്റഗ്രാം പേജിലും യുട്യൂബിലുമെല്ലാം സജീവമാണ്.
അമ്മമാനസം, ഈശ്വരന്‍ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. പാര്‍വതിയും മകന്‍ അച്ചുകുട്ടനും ഒരുമിച്ചുള്ള വീഡിയോകള്‍ക്കാണ് ആരാധകര്‍ ഏറെയും. പ്രസവശേഷം ശരീര ഭാരം കുറച്ച് പാര്‍വതി നടത്തിയ മേക്കോവറും വൈറലായിരുന്നു. കുഞ്ചാക്കോ ബോബന്‍ സിനിമ ഗര്‍ര്‍ ആണ് പാര്‍വതി അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.