മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ദമ്പതികളാണ് പാര്‍വതിയും ജയറാമും. 1992ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. 1986 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'വിവാഹിതരേ ഇതിലേ ഇതിലേ' എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പാര്‍വ്വതി അതിനുശേഷം മലയാളസിനിമയിലെ അഭിവാജ്യഘടകമായി മാറി.
പിന്നീട് മലയാളത്തനിമയുള്ള നായികാവേഷങ്ങളില്‍ തിളങ്ങിയ പാര്‍വ്വതി പ്രശസ്ത നടന്‍ ജയറാമിനെ 1992-ല്‍ വിവാഹം കഴിച്ച് സിനിമാരംഗം വിട്ടു.വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും പാര്‍വതി ടി.വി. പരിപാടികളിലും അഭിമുഖങ്ങളിലും പങ്കെടുക്കാറുണ്ട്. മലയാളികള്‍ ഏറെ നാളായി പാര്‍വതിയോട് ചോദിക്കുന്ന ചോദ്യമാണ് എന്നാണ് ഇനി മലയാള സിനിമയിലേക്ക് തിരിച്ച് വരിക എന്നുള്ളത്.ഇതുവരെ പാര്‍വതി അതിനുള്ള കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. പക്ഷെ ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പാര്‍വതി. .
'ഞാന്‍ ഇന്‍ഡസ്ട്രിയല്‍ നിന്ന് വിട്ട് പോയതായി എനിക്ക് തോന്നിയിട്ടില്ല. അഭിനയിക്കുന്നില്ല എന്ന് മാത്രമേ ഉള്ളു, എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇന്‍ഡസ്ട്രിയിലുണ്ട്.ഇനി അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും, ജയറാം ആണെങ്കില്‍ സെറ്റിലെ കാര്യങ്ങള്‍ എല്ലാം വന്ന് പറയാറുണ്ട്, കണ്ണനും(കാളിദാസ് ജയറാം) ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
ലൈം ലൈറ്റ് ഞാന്‍ ഒരിക്കലും മിസ് ചെയ്തിട്ടില്ല. ഇപ്പോള്‍ ആണെങ്കില്‍ എനിക്ക് മറ്റ് കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. ഞാന്‍ മാറി നില്‍ക്കാനുള്ള കാരണം കുട്ടികള്‍ക്ക് ഒപ്പം കൂടുതലും നില്‍ക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ അതില്ല മക്കള്‍ വലുതായി'; പാര്‍വതി പറഞ്ഞു.
വളരെ നാളത്തെ വിപ്ലവകരമായ പ്രണയത്തിന് ശേഷം വിവാഹിതയായ പാര്‍വതി ജയറാമുമായി എങ്ങനെയാണ് പ്രണയത്തിലായതെന്നും അഭിമുഖത്തില്‍ പറയുന്നു. തങ്ങള്‍ പ്രണയിക്കാത്ത കാലത്തും ജേര്‍ണലിസ്റ്റുകള്‍ ഗോസിപ്പുകള്‍ അടിച്ചിറക്കിയിരുന്നുവെന്നും അത് ചര്‍ച്ചയായപ്പോഴാണ് എങ്കില്‍ യഥാര്‍ഥത്തില്‍ പ്രേമിച്ചാല്‍ എന്താണ് കുഴപ്പമെന്ന ചിന്തയുണ്ടായതെന്നും പാര്‍വതി പറയുന്നു.
'ഞാന്‍ പതിനഞ്ച് സിനിമകളോളം അഭിനയിച്ച ശേഷമാണ് ജയറാം സിനിമയിലേക്ക് വരുന്നത്. അന്നൊക്കെ ഞാന്‍ സെറ്റിലേക്ക് വരുന്നത് കാണുമ്പോള്‍ സീനിയര്‍ നടി എന്നുള്ള തരത്തിലും ബഹുമാനത്തിലുമായിരുന്നു ജയറാം സംസാരിച്ചിരുന്നത്.' 'ഇപ്പോള്‍ പിന്നെ ആ ബഹുമാനമൊന്നും ഇല്ല. ഞാന്‍ ആ സമയങ്ങളില്‍ ജയറാം അഭിനയിക്കുന്നത് കാണുമ്പോള്‍ കളിയാക്കുമായിരുന്നു. അതിനാല്‍ തന്നെ ഞാന്‍ മുന്നില്‍ നിന്നാല്‍ ജയറാമിന് അഭിനയിക്കുമ്പോള്‍ തെറ്റുകള്‍ വരുമായിരുന്നു.' 'ഞങ്ങള്‍ തമ്മില്‍ പ്രേമമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ജേര്‍ണലിസ്റ്റുകള്‍ ഞങ്ങള്‍ പ്രണയത്തിലാണെന്ന് എഴുതി പിടിപ്പിച്ചു. അത് ചര്‍ച്ചയായെന്നും പാര്‍വ്വതി പറഞ്ഞു.
'പ്രണയത്തിലായശേഷം ജയറാമിനൊപ്പം സിനിമകള്‍ ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അമ്മ ജയറാമുള്ള സിനിമകള്‍ വേണ്ടെന്ന് പറഞ്ഞ് അവസരം നഷ്ടപ്പെടുത്തി കളയും.' 'അത്തരത്തില്‍ ഒരുപാട് സിനിമകള്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. എന്റെ പഴയ സിനിമകള്‍ കാണുമ്പോള്‍ കുറച്ച് കൂടി നന്നായി അഭിനയിക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ എനിക്ക് മിസ് ചെയ്യുന്നില്ല. ആ കാലഘട്ടത്തില്‍ വിശ്രമമില്ലാതെ ഒരുപാട് സിനിമകള്‍ ചെയ്തുവെന്നും നടി പറയുന്നു.
ഭയങ്കര ദേഷ്യമുള്ള ആളായിരുന്നു താനെന്നും പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു.കുട്ടികള്‍ ജനിക്കുന്നതിന് മുന്‍പായിരുന്നു കൂടുതല്‍ ദേഷ്യം. അവര്‍ വന്നതോടെയാണ് അതില്‍ മാറ്റം ഉണ്ടായത്. ശരിക്കും പറഞ്ഞാല്‍ ഞാനൊരു അഹങ്കാരി ആയിരുന്നു. ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. പിന്നെ എന്റെ ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞത് അനിയത്തി പോയതോടെയാണ്. എനിക്ക് ഇരുപത്തിയാറ് വയസുള്ളപ്പോഴാണ് അനിയത്തി മരിച്ചത്. അവള്‍ക്ക് ഇരുപത്തിയൊന്ന് വയസുണ്ടാവും. അതിന് ശേഷമാണ് ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ച് തുടങ്ങിയതെന്ന്' പാര്‍വതി പറയുന്നു.