മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ സൂരാജ് അതിശയിപ്പിയ്ക്കുന്ന വളര്‍ച്ചയാണ് നേടിയത്. മിമിക്രിക്കാരനും കോമഡി നടനുമായ സുരാജ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, നാല് സംസ്ഥാന പുരസ്‌കാരവും അടക്കം സ്വന്തമാക്കി കഴിഞ്ഞു. സിനിമകളില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടുമ്പോഴും ടെലിവിഷനിലും സജീവമാണ് സുരാജ്. നിരവധി റിയാലിറ്റി ഷോ അവതാരകനായി എത്തിയ സുരാജ് ഇപ്പോള്‍ ഏഷ്യനെറ്റിലെ അടി മോനെ ബസര്‍ എന്ന ഷോ ആണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഓരോ സിനിമകള്‍ കഴിയുന്തോറും തന്റെ പ്രതിഭ കൊണ്ട് കയ്യടി നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട്.
മലയാളികള്‍ തങ്ങളുടെ കുടുംബത്തിലെ ഒരാളെന്ന പോലെ സ്‌നേഹിക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. സുരാജിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്താണ് കുടുംബം. സുരാജിനെ പോലെ ആരാധകര്‍ക്ക് സുപരിചിതരല്ല സുരാജിന്റെ കുടുംബവും ഭാര്യയുമൊക്കെ. പൊതുവെ താരപത്‌നിമാര്‍ താരങ്ങള്‍ക്കൊപ്പം സെലിബ്രിറ്റികളായി മാറാറുണ്ട് എങ്കിലും, സുപ്രിയ സുരാജ് എന്തുകൊണ്ടോ അധികം ക്യാമറയ്ക്ക് മുന്നില്‍ വരാറില്ല. ഇപ്പോഴിതാ സുരാജിന്റെ ഭാര്യയെക്കുറിച്ച് ചില രസകരമായ വസ്തുതകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇത് കാണുമ്പോള്‍ പണ്ട് സുരാജ് തന്നെ പറഞ്ഞത് പോലെ തന്നെ നിങ്ങള്‍ പുലിയായിരുന്നല്ലേ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയയും.
സുരാജിനെയും മക്കളെയും നോക്കി നടക്കുന്ന ഒരു ചില്ലറക്കാരിയായ വീട്ടമ്മ മാത്രമല്ല സുപ്രിയ. ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് സുരാജിന്റെ ഭാര്യ സുപ്രിയ. ഇതിന് പുറമെ എംബിഎയും എടുത്തിട്ടുണ്ട്. ചാര്‍ട്ടേയ്ഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു സുപ്രിയ. പിന്നീട് വിവാഹം കഴിഞ്ഞതോടെ ആ ജോലി എല്ലാം ഉപേക്ഷിച്ച് വീട്ടു കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുകയാണ് സുപ്രിയ. എങ്കിലും ഇപ്പോള്‍ സുരാജിന്റെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം നടത്തുന്നത് സുപ്രിയയാണ്.
സിനിമ പോലെ തന്നൊരു പ്രണയ വിവാഹമായിരുന്നു സുപ്രിയയുടെയും സുരാജിന്റെയും.സുരാജിന്റെ ബന്ധുവായ കുട്ടിയുടെ സുഹൃത്ത് ആയിരുന്നു സുപ്രിയ. ഒരിക്കല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വച്ച് സുരാജ് സുപ്രിയയെ കാണുകയായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരു വീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു സുരാജും സുപ്രിയയും. കാശിനാഥന്‍, വാസുദേവ്, ഹൃദ്യ എന്നിങ്ങനെ മൂന്നു മക്കളുമുണ്ട് ദമ്പതികള്‍ക്ക്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് മകള്‍ ഹൃദ്യയുടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചുള്ള നൃത്ത അരങ്ങേറ്റത്തിന് സുരാജും ഭാര്യയും മറ്റു രണ്ടു മക്കളും എല്ലാം എത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഏറെ വൈറലായിരുന്നു.
സുരാജിന്റെ താരത്തിലേക്കുള്ള വളര്‍ച്ച ആരേയും പ്രചോദിപ്പിക്കുന്നതാണ്. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് സുരാജ് സിനിമയില്‍ സജീവമായി മാറുന്നത്. രസികന്‍, അച്ചുവിന്റെ അമ്മ, ബസ്‌കണ്ടക്ടര്‍, രസതന്ത്രം, രാജമാണിക്യം, തുറുപ്പുഗുലാന്‍, ക്ലാസ്മേറ്റ്സ്, പച്ചക്കുകിര, ചോട്ടാ മുംബൈ, ചട്ടമ്പിനാട്, പോക്കിരിരാജ, കാര്യസ്ഥന്‍, മിസ്റ്റര്‍ മരുമകന്‍, മല്ലുസിങ് തുടങ്ങി നിരവധി സിനിമകളില്‍ കോമേഡിയനായി എത്തി കയ്യടി നേടി.
ആക്ഷന്‍ ഹീറോയിലെ വികാരഭരിതമായ രംഗത്തിലൂടെയാണ് സുരാജിന്റെ മറ്റൊരു മുഖം മലയാളികള്‍ കാണുന്നത്. ഇതിനിടെ പേരില്ലാത്തവര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുരാജിനെ തേടിയെത്തി. പിന്നീട് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ നായകനായി വന്ന സുരാജ് പിന്നീട് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടുകയായിരുന്നു.
ഹെവന്‍ ആണ് സുരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹിഗ്വിറ്റ, റോയ്, അച്ചാര്‍ വരുത്തിയ വിന, തുടങ്ങിയ സിനിമകളാണ് സുരാജിന്റേതായി അണിയറയിലുള്ളത്