മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു വെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. അപമാനത്താല്‍ തലകുനിഞ്ഞ് പോകുന്നുവെന്നും നീതി ലഭിക്കാന്‍ ഒട്ടും വൈകരുതെന്നും നടന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. 'മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു... അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ,' എന്നാണ് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ അധികം വൈകാതെ തന്നെ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തു. സുരാജ് പോസ്റ്റ് പിന്‍വലിച്ചതാണെന്ന ചര്‍ച്ചകള്‍ വരെ ഉയര്‍ന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരാജ്.
മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുന്‍പ് പങ്കു വച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു. ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ എന്നാണ് സുരാജ് പ്രതികരിച്ചത്. സുരാജിനെ കൂടാതെ നടന്‍ ആന്റണി വര്‍ഗീസും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
മണിപ്പൂര്‍... എന്ന് നടന്നു എപ്പോള്‍ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം . ഇനിയും നമ്മള്‍ എന്ന് മനസ്സിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ല.... ഇനിയും കാണാന്‍ പറ്റാത്തത് കൊണ്ടാണ്'- ആന്റണി വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കലാപ ഭൂമിയായ മണിപ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മനസാക്ഷി മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മേയ് നാലിനാണ് സംഭവം നടന്നത്.
സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ പിന്‍വലിക്കാന്‍ ട്വിറ്ററിനോടും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ വീഡിയോ ഷെയര്‍ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.
അതേസമയം, സംഭവത്തില്‍ സുപ്രീംകോടതിയും ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണം. സംഭവത്തില്‍ ഞങ്ങള്‍ വളരെ അസ്വസ്ഥരാണ്. ഈ തെറ്റ് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് കടുത്ത ഭരണഘടനാ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനമുണ്ടായത്. ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എടുത്തില്ലെങ്കില്‍ കോടതിയ്ക്ക് നടപടി എടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.