വയലിനില്‍ ഇന്ദ്രജാലം കാഴ്ചവെക്കുന്ന ബാലുവിന് എന്നും കരുത്ത് തന്റെ വയലിനായിരുന്നു. കര്‍ണാട്ടിക് സംഗീതത്തിലൂടെ തുടക്കമിട്ട് പിന്നീട് വയലിന്‍ ഫ്യൂഷനിലൂടെ ബാലഭാസ്‌കര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് വേറിട്ട അനുഭൂതിയാണ്. അന്ത്യയാത്രയിലും ഹൃദയത്തോട് തന്റെ വയലിന്‍ ചേര്‍ത്താണ് ബാലു പ്രിയപ്പെട്ടവരോട് യാത്രപറഞ്ഞിരിക്കുന്നത്.
സംഗീതലോകത്തിന് എന്നും ഓര്‍ക്കാന്‍ ബാലുവിന്റെ മാത്രമായ മാജിക്കുകള്‍ ബാക്കി വെച്ചാണ് നാല്‍പതാം വയസില്‍ ബാലഭാസ്‌കര്‍ വിടപറഞ്ഞത്. വയലിനിസ്റ്റായി തുടക്കമിട്ട ബാലഭാസ്‌കര്‍ അറിയപ്പെടാന്‍ തുടങ്ങിയത് കച്ചേരികളിലെ സ്ഥിരമായ വയലിനിസ്റ്റ് ആയതോടെയാണ്. എന്നാല്‍ പിന്നീട് കര്‍ണാട്ടിക് മ്യൂസിക്കല്‍ തന്നെ ബാലുവിന്റേതായ ശൈലികള്‍ കണ്ടെത്തി സംഗീതം ചിട്ടപ്പെടുത്താന്‍ ബാലഭാസകര്‍ ശ്രമിച്ചു. സിനിമാ ഗാനങ്ങളും, കര്‍ണാട്ടിക് രാഗങ്ങളും കോര്‍ത്തിണക്കി ഫ്യൂഷന്‍ അരങ്ങിലെത്തിച്ചതോടെയാണ് ബാലഭാസ്‌കര്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
പിന്നീടങ്ങോട്ട് സറ്റേജ് ഷോകളിലും ഈവന്റ്കളിലും ബാലഭാസ്‌കര്‍ നിറസാന്നിധ്യമായി മാറി. പ്രസിദ്ധ സംഗീതജ്ഞന്‍ ശിവമണിക്കൊപ്പവും, എ.ആര്‍ റഹ്നമാനൊപ്പവുമെല്ലാം ബാലഭാസ്‌കര്‍ വയലിന്‍ കൊണ്ട് വിസ്മയം സമ്മാനിച്ചു. സംഗീത ലോകത്തെ പുതിയ നാഴിക കല്ല് കൂടിയായിരുന്നു വയലിനില്‍ ബാലു തീര്‍ത്തത്. 80കള്‍ മുതലുള്ള മലയാള സിനിമാ ഗാനങ്ങള്‍ ഫ്യൂഷനായി അരങ്ങിലെത്തിച്ചായിരുന്നു തന്റെ ആവിഷ്‌കാരത്തെ ബാലു പ്രേക്ഷകരില്‍ എത്തിച്ചത്.
ബാലഭാസ്‌കറിന്റെ പേരിലുള്ള യൂടൂബ് പേജിലൂടെ ഈ വീഡിയോകള്‍ പിന്നീട് ശ്രദ്ധിക്കപ്പെടാനും തുടങ്ങി. കേരളത്തിലെ പ്രധാന ഇവന്റുകളില്‍ ബാലുവിന്റെ സാന്നിധ്യം സുപ്രധാനമായിരുന്നു. ഈവന്റ് പരിപാടികളില്‍ നിന്നും ബാലു പിന്നീട് ശ്രദ്ധിക്കപ്പെട്ടത് മെന്റലിസ്റ്റ് ആദിയുമായി ചേര്‍ന്നുള്ള ലൈവ് ഷോകളിലൂടെയായിരുന്നു. വയലിന്‍ ഫ്യൂഷന്‍ തീര്‍ത്തും ആദിയുടെ ഷോയില്‍ ബാലു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. എല്ലാ യാത്രകളിലും തന്റെ വയലിനും കൂടെ കൂട്ടുന്ന ബാലുവിനൊപ്പം വയലിനെയും യാത്രയാക്കാതിരിക്കാന്‍ പ്രിയപ്പെട്ടവര്‍ക്കായിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ അവസാനയാത്രയിലും ജീവന്റെ ജീവനായ തന്റെ വയലിനും നെഞ്ചോട് ചേര്‍ത്താണ് ബാലു യാത്രയായിരിക്കുന്നത്. ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു അത് ഒരോ മലയാളിക്കും സമ്മാനിച്ചത്.