നാടക സംവിധായകനും നടനുമായ കെ എല്‍ ആന്റണിയുടെ അപ്രതീക്ഷിത വിയോഗത്തിലെ ഞെട്ടലിലാണ് മലയാള സിനിമാലോകം. 70 വയസായ ആന്റണി ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിന്‍സെന്റ് ഭാവന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് കെഎല്‍ ആന്റണി തന്റെ വാര്‍ദ്ധക്യത്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
പിജെ ആന്റണിയുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമായി അമച്വര്‍ നാടകവേദി തഴച്ചുവളര്‍ന്ന കാലത്താണ് കെഎല്‍ ആന്റണി നാടകലോകത്ത് എത്തിയത്. എന്നാല്‍ സിനിമയില്‍ എത്തിച്ചേരാന്‍ ആന്റണി തന്റെ വാര്‍ദ്ധക്യം വരെ കാത്തിരിക്കേണ്ടി വന്നു. സംവിധായകന്‍ ദിലീഷ് പോത്തനാണ് ആന്റണിയെ സിനിമിലെത്തിച്ചത്. ആന്റണിയുടെ ഭാര്യയെയും മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലെത്തി. നായികയുടെ അമ്മയുടെ കഥാപാത്രമാണ് ആന്റണിയുടെ ഭാര്യ ലീന അവതരിപ്പിച്ചത്. നാടകകാലത്ത് തന്നെ പരിചയപ്പെട്ട പ്രണയമാണ് ലീനയുടെയും ആന്റണിയുടെയും വിവാഹത്തിലെത്തിയത്. ഇവര്‍ രണ്ടുപേരും മാത്രം അഭിനയിച്ച നാടകം കണ്ടാണ് ദിലീഷ് ഇരുവരെയും ചിത്രത്തിലേക്ക് ക്ഷണിച്ചത്.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ പിതാവിന്റെ കഥാപാത്രത്തെയാണ് ആന്റണി അവിസ്മരണീയമാക്കിയത്.. ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആകാശമുട്ടായി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി പല സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യവും ആന്റണിയെ തേടിയെത്തി. വാര്‍ദ്ധക്യത്തില്‍ സിനിമയിലെത്തിയെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടാന്‍ ആന്റണിക്ക് കഴിഞ്ഞു. അതേസമയം ആന്റണിയുടെ അപ്രതീക്ഷിച വിയോഗം മലയാള സിനിമയെയും കണ്ണീരിലാഴ്ത്തി.
ഫഹദ് ഫാസിലുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലി നേര്‍ന്ന് രംഗത്തെത്തിയത്. ചാച്ചന്റെ മരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ലാസര്‍ ഷൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. ഉച്ചയോടെ ചാച്ചന്‍ വിളിച്ചിരുന്നുവെന്നും താന്‍ മരിക്കാന്‍ പോവുകയാണെന്നും താക്കോല്‍ ചവിട്ടിക്കടിയില്‍ വെച്ചിട്ടുണ്ടെന്നും പറഞ്ഞു, എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടിയെങ്കിലും ചാച്ചന്‍ പിടി തന്നില്ല, അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. അദ്ദേഹത്തിന്റെ മരണം വളരെ പെട്ടെന്നായെന്നും അറിഞ്ഞതിലും കണ്ടതിലും സുന്ദരമായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും ഫഹദ് ഫാസില്‍ പറയുന്നു. നമുക്ക് അവിടെ വെച്ച് വീണ്ടും കണ്ടുമുട്ടാമെന്നും ഇപ്പോള്‍ വിട പറയുന്നുവെന്നുമായിരുന്നു താരത്തിന്റെ കുറിപ്പ്. നാളെ ചേര്‍ത്തല ഉളവയ്പിലാണ് ആന്റണിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കളത്തിപറമ്പ് മൈതാനത്ത് പൊതുദര്‍ശനം നടക്കും തുടര്‍ന്ന് ഉച്ച കഴിഞ്ഞ് 3ന് ഉളവയ്പ് സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ചില്‍ സംസ്‌കാരം നടക്കും.