മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നായ കായംകുളം കൊച്ചുണ്ണിയിൽ നടൻ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കു വെക്കുകയാണ് നിവിൻ പോളി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ തന്റെ അനുഭവം പങ്കുവെച്ചത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. 45 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 18ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ബോബി- സഞ്ജയുടേതാണ് തിരക്കഥ. ഗോപീ സുന്ദർ സംഗീതം നിർവഹിക്കുന്നു.
'നായകനായ കൊച്ചുണ്ണിയുടെ സുഹൃത്തും വഴികാട്ടിയുമൊക്കെയായ ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ലാലേട്ടനല്ലാതെ മറ്റൊരാളെ ഈ കഥാപാത്രമായി സങ്കൽപിക്കാൻ പോലും കഴിയുമായിരുന്നില്ല. സ്‌ക്രിപ്റ്റ് കേട്ട് ഈ ചിത്രത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. 10-12 ദിവസം അദ്ദേഹം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഇത്രയും കാലം സെറ്റിനു പുറത്തു വച്ചേ മോഹൻലാലിനെ കണ്ടിട്ടുണ്ടായിരുന്നുള്ളു.
എന്നാൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് തീർത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. നിരവധി കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ സാധിച്ചു. വളരെ പ്രൊഫഷനൽ ആണ്. ഒരു നിമിഷം പോലും വെറുതേ ഇരിക്കില്ല. മഴയായാലും വെയിലായാലും സാധിക്കുന്ന അത്രയും ജോലി ചെയ്യാം എന്നതാണ് അദ്ദേഹത്തിന്റെ മാജിക്. ശരിക്കും അവിശ്വസനീയമാണത്, കാര്യങ്ങൾ സമയമെടുത്ത് അൽപം വ്യത്യസ്തമായി ചെയ്യാൻ മോഹൻലാൽ നിർദ്ദേശിക്കുമായിരുന്നുവെന്നും' നിവൻ പോളി പറയുന്നു.
നടൻ ദിലീപിനെ താര സംഘടനയായ അമ്മയിൽ തിരിച്ചെടുക്കുന്നതിനെക്കുറിച്ചും നിവിൻ പോളി പ്രതികരിച്ചിരുന്നു. താരസംഘടനയായ 'അമ്മ'യെടുക്കുന്ന തീരുമാനങ്ങൾ ശരിയെന്ന് വിശ്വസിക്കുന്നുവെന്നും 'അമ്മ'യിലെ ഒരു അംഗം എന്ന നിലയിൽ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നു.താൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ലെന്നും അതിനാൽ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിവിൻ പോളി പറഞ്ഞു.