നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയിലെ ഗാനം പുറത്ത്. ചിത്രത്തിന്റെ പ്രമോഷൻ സോങ്ങാണ് പുറത്തുവന്നത്. വേൾഡ് മലയാളി ആന്തം എന്ന് പേരിട്ടിരിക്കുന്ന ഗാനം യൂട്യൂബിൽ ഇതിനോടകം സൈബറിടത്തിൽ വൈറലായി.
നിവിൻ പോളിയുടേയും ഡിജോ ജോസ് ആന്റണിയുടേയും രസകരമായ സംസാരത്തിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. കേരളത്തിന്റെ പ്രത്യേകതകളിലും മതസൗഹാർദത്തിലും ഊന്നൽ നൽകിക്കൊണ്ടാണ് ഗാനം. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അങ്ങനെ മലയാളികൾക്കും ഒരു പാട്ടായി എന്നാണ് ആരാധരുടെ കമന്റുകൾ. ഒരോ മലയാളിയുടെ അഭിമാനമുണർന്നതാണ് കമന്റുകളുണ്ട്.
ഒരു മുഴുനീള ഫാമിലി-കോമഡി എന്റർടെയ്‌നറാണ് ചിത്രം. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. നിവിനൊപ്പം ധ്യാൻ ശ്രീനിവാസനാണ് പ്രധാന വേഷത്തിലെത്തുന്നത്. അനശ്വര രാജനാണ് നായിക. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.