മലയാള സിനിമയിൽ നെടുമുടി വേണുവിന് മലയാള സിനിമാചരിത്രത്തോളം പ്രസക്തിയും പ്രാധാന്യവുമുണ്ട്. മലയാള സിനിമയിലെ ഒഴിച്ച് കൂട്ടാൻ ആകാത്ത നടന്മാരിൽ ഒരാളാണ് നെടുമുടി വേണു. നായകനായും വില്ലനായും സഹനടനായും നാൽപ്പത് വർഷത്തിലേറെക്കാലമായി നെടുമുടി വേണു മലയാളസിനിമയിൽ തിളങ്ങിനിൽക്കുകയാണ്. അഞ്ഞൂറിലധികം സിനിമകളിൽ തന്റെ അഭിനയപ്രതിഭ വെളിപ്പെടുത്തിയിട്ടുണ്ട് നെടുമുടി. 1990-മികച്ച സഹനടനുള്ള ദേശീയ അവാർഡ്, 2003-ൽ ദേശീയഅവാർഡിൽ പ്രത്യേക പരാമർശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം തുടങ്ങിയ ഒട്ടനവധി പുരസ്‌കാരങ്ങൾ നെടുമുടി വേണുവിനെ തേടിയെത്തിയിട്ടുണ്ടെങ്കിലും ഈ അഭിനേതാവിനെത്തേടി ഇനിയും ദേശീയപുരസ്‌കാരം എത്താത്തതെന്തു കൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നല്കുകയാണ്. കേരളാ കൗമുദിക്ക് നല്കിയ അഭിമുഖത്തിൽ ആണ് അദ്ദേഹം അവാർഡിനെപ്പറ്റി മനസ് തുറന്നത്.
അർഹതയുള്ളവർക്കും ഇല്ലാത്തവർക്കുമൊക്കെ അത്തരം അവാർഡുകൾ കിട്ടിയിട്ടുണ്ടെന്നും പത്മശ്രീയ്ക്കു വേണ്ടി ഡൽഹിയിൽ പോയി ചിലരെയൊക്കെ കാണണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അത് കേൾക്കുമ്പോൾ തന്നെ ചിരിവരുമെന്നും, അങ്ങനെ വാങ്ങിയ അവാർഡ് എങ്ങനെയാണ് അഭിമാനത്തോടെ മക്കളെയും പേരമക്കളെയും കാണിക്കുന്നതെന്നും നെടിമുടി വേണു ചോദിച്ചു.
എന്നാൽ താൻ അഭിനയിച്ച കഥാപാത്രങ്ങളിൽ 90 ശതമാനവും കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നുംനെടുമുടി വേണു പറയുന്നു. ശരിക്കുള്ള കലാകാരൻ പൂർണതയ്ക്ക് വേണ്ടിയുള്ള നിരന്തരം അദ്ധ്വാനത്തിലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിൽ ഇത്രയധികം വേഷങ്ങൾ ചെയ്ത നടൻ എന്തുകൊണ്ടാണ് മറ്റുഭാഷകളിൽ അഭിനയിക്കാത്തത് എന്ന ചോദ്യത്തിനും നടൻ മറുപടി നല്കി. - 'തമിഴിൽ നിന്ന് ഇപ്പോഴും നിരവധി അവസരങ്ങൾ വരുന്നുണ്ട്. എനിക്ക് മാത്രം ചെയ്യാൻ കഴിയുന്ന അഭിനയസാധ്യതകൾ ഉള്ള കഥാപാത്രങ്ങൾ വന്നാൽ മാത്രമേ മറ്റ് ഭാഷകളിൽ നിന്നുള്ള അവസരങ്ങൾ സ്വീകരിക്കാറുള്ളൂ. കമൽഹാസൻ ഒരിക്കൽ പറഞ്ഞു, താങ്കൾ മലയാളത്തിൽ ഇനി എന്തു വേഷം ചെയ്തിട്ടും കാര്യമില്ല. തമിഴിലേക്ക് വരൂ, ഞാൻ നിങ്ങളുടെ പി.എ ആകാം എന്ന്. എന്നോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതെന്നും നടൻ പറയുന്നു.