Latest News

 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ചഭിനയിച്ചു; അന്ന് വ്യത്യസ്തയായ ഒരു ഗീതുവായിരുന്നു; അവള്‍ ഈ ചിത്രത്തിനായി ആദ്യം വിളിച്ചപ്പോള്‍ ആദ്യം നോ ആണ് പറഞ്ഞത്; ഈ സിനിമ തിയറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടും'; 'ടോക്സിക്' ട്രെയ്‌ലര്‍ ലോഞ്ചിനിടെ ഗീതു മോഹന്‍ദാസിനെക്കുറിച്ച് നയന്‍ താര 

Malayalilife
 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ചഭിനയിച്ചു; അന്ന് വ്യത്യസ്തയായ ഒരു ഗീതുവായിരുന്നു; അവള്‍ ഈ ചിത്രത്തിനായി ആദ്യം വിളിച്ചപ്പോള്‍ ആദ്യം നോ ആണ് പറഞ്ഞത്; ഈ സിനിമ തിയറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടും'; 'ടോക്സിക്' ട്രെയ്‌ലര്‍ ലോഞ്ചിനിടെ ഗീതു മോഹന്‍ദാസിനെക്കുറിച്ച് നയന്‍ താര 

സിനിമകളുടെ പ്രൊമോഷണല്‍ ചടങ്ങുകളില്‍ നിന്ന് പൊതുവെ വിട്ടുനില്‍ക്കാറുള്ള താന്‍ ഇത്തവണ എത്തിയത് താല്പര്യമില്ലാത്തതുകൊണ്ടല്ലെന്നും, ഇത്തരം വേദികളില്‍ സംസാരിക്കാന്‍ വലിയ പ്രാവീധ്യമില്ലെന്ന് സ്വയം കരുതുന്നത് കൊണ്ടാണെന്നും വ്യക്തമാക്കി പ്രശസ്ത നടി നയന്‍താര. യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ ബാംഗ്ലൂരില്‍ വെച്ച് നടന്ന ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. നായകന്‍ യഷ് തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് ക്ഷണിച്ചതുമാത്രമാണ് തന്നെ ഈ ചടങ്ങിലേക്ക് എത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ മറ്റ് സഹതാരങ്ങളായ രുക്മിണി വസന്ത്, കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി തുടങ്ങിയവരോടുള്ള പ്രത്യേക സ്‌നേഹവും നയന്‍താര വേദിയില്‍ പങ്കുവെച്ചു. 

രുക്മിണിയുടെ സിനിമാ യാത്രയെ താന്‍ ഏറെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും കിയാരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി 'ടോക്‌സിക്' മാറുമെന്നാണ് കരുതുന്നതെന്നും നയന്‍താര പ്രത്യാശ പ്രകടിപ്പിച്ചു. ചിത്രീകരണ വേളയില്‍ താര സുതാരിയയെ കാണാന്‍ ഒരു ഡിസ്‌നി രാജകുമാരിയെപ്പോലെയാണ് തോന്നിയതെന്നും, ഒരുപാട് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നതിനാല്‍ ഹുമ ഖുറേഷിയുമായി നല്ല സൗഹൃദത്തിലാകാനും ഒരുപാട് സംസാരിക്കാനും സാധിച്ചുവെന്നും താരം പറഞ്ഞു. 

സംവിധായിക ഗീതു മോഹന്‍ദാസും താനും തമ്മിലുള്ള 20 വര്‍ഷത്തോളം നീണ്ട മനോഹരമായ സിനിമാ സൗഹൃദത്തെക്കുറിച്ചും നയന്‍താര വാചാലയായി. 2005-ല്‍ കമല്‍ സംവിധാനം ചെയ്ത, മമ്മൂട്ടിയും ശാരദയും പ്രധാന വേഷങ്ങളിലെത്തിയ 'രാപ്പകല്‍' എന്ന മലയാള ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഗീതുവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവേ, ഈ ചിത്രത്തിനായി ഗീതു ആദ്യമായി വിളിച്ചപ്പോള്‍ തനിക്ക് വലിയ ഉറപ്പില്ലായിരുന്നുവെന്ന് നയന്‍താര വെളിപ്പെടുത്തി. ഒന്നിലധികം താരങ്ങള്‍ ഒരേ പ്രാധാന്യത്തിലെത്തുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് സാധാരണയായി ചെറിയ മടിയും ജാഗ്രതയുമുണ്ട്. അതിനാല്‍ ആദ്യത്തെ കോളില്‍ തന്നെ 'ഇല്ല' എന്ന് പറഞ്ഞെങ്കിലും ഗീതു ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പിന്നാലെ നേരിട്ടെത്തി കഥ കേള്‍ക്കാന്‍ സമ്മതിക്കുകയായിരുന്നു. കഥ പറഞ്ഞ നിമിഷം മുതല്‍ ഗീതുവിന്റെ അവിശ്വസനീയമായ കാഴ്ചപ്പാട് കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയി. ഇത്രയും കാലം കാണാതെ പോയ മികച്ചൊരു സംവിധായികയാണ് ഗീതുവെന്നും, തിയേറ്ററുകളില്‍ സിനിമയെത്തുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടുമെന്നും നയന്‍താര പറഞ്ഞു. 

ഗീതു ഒരു മികച്ച സംവിധായിക എന്നതിലുപരി, ഓരോ അഭിനേതാവിനെയും സ്വന്തം കൈപിടിച്ച് പ്രയാസകരമായ നിമിഷങ്ങളില്‍ കൂടെനിര്‍ത്തി കരുതലോടെ നയിച്ച അത്ഭുതകരമായ വനിതയാണെന്നും അവര്‍ ഓര്‍ത്തെടുത്തു. ചിത്രത്തിലെ നായകനായ യഷിനേക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രാധികാ പണ്ഡിറ്റിനേക്കുറിച്ചും നയന്‍താര പ്രശംസകള്‍ ചൊരിഞ്ഞു. ഒട്ടനവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, സ്‌ക്രീനില്‍ കാണുന്ന ആ വലിയ 'റോക്കി' പ്രതിച്ഛായ പോലെ തന്നെയാണ് യഷ് യഥാര്‍ത്ഥ ജീവിതത്തിലുമെന്ന് തനിക്ക് ബോധ്യപ്പെട്ടു. തന്റെ ജീവിതത്തില്‍ ഇത്രയും കഠിനാധ്വാനം ചെയ്യുന്ന മറ്റൊരു നടനെ കണ്ടിട്ടില്ലെന്ന് പറഞ്ഞ നയന്‍താര, സ്വന്തം കുടുംബത്തോടും മക്കളോടുമൊപ്പം ചെലവഴിക്കേണ്ട സമയം പൂര്‍ണമായി മാറ്റിവെച്ച് നാലര വര്‍ഷമാണ് യഷ് ഈ സിനിമയ്ക്കായി നല്‍കിയതെന്ന് ഓര്‍മ്മിപ്പിച്ചു. 

ചിത്രത്തിന്റെ തിരക്കഥയിലും ഷൂട്ടിംഗിലും ഓരോ അഭിനേതാവും സൗകര്യപ്രദമായി ഇരിക്കുന്നുണ്ടെന്നും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നല്‍കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിലേക്ക് മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു നടനോ സഹനിര്‍മ്മാതാവോ സ്വന്തം സംവിധായികയെ ഇത്രയധികം പരിചരിക്കുന്നത് താന്‍ ആദ്യമായാണ് കാണുന്നതെന്നും നയന്‍താര വ്യക്തമാക്കി. ഒരു സിനിമ വന്‍ വിജയമാകുമ്പോള്‍ എല്ലാവരും അഭിനേതാക്കളെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചും മാത്രം സംസാരിക്കുകയും കുടുംബങ്ങളുടെ ത്യാഗങ്ങളെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ യഷിന്റെ ഏറ്റവും വലിയ ശക്തി ഭാര്യ രാധികയാണെന്നും, ഭര്‍ത്താവിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി കുടുംബത്തോടൊപ്പമുള്ള സമയം വിട്ടുകൊടുത്ത അവരുടെ ത്യാഗത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു. 

യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് രവി ബസ്രൂര്‍, വിശാല്‍ മിശ്ര, തനിഷ്‌ക് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജെ.ജെ. പെറി, അന്‍പറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കെ.വി.എന്‍. പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

nayanthara speech toxic trailer launch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES