തെന്നിന്ത്യന്‍ സൂപ്പര്‍താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും ഇമോഷനും വയലന്‍സിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രം ഓഗസ്റ്റ് 26-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്.
അതിനിടെ, ഇന്നലെ നടന്ന ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ ഗീതു മോഹന്‍ദാസ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് തരംഗമാകുന്നത്. പലരും തന്റെ സംവിധാന മികവിനെ സംശയിച്ചപ്പോള്‍ തന്നില്‍ പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യഷ് ആണെന്ന് ഗീതു പറഞ്ഞു.
'ഈ സിനിമയുടെ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്. ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോള്‍ എന്നില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ചത് അദ്ദേഹം മാത്രമാണ്. ഈ സിനിമയ്ക്ക് ശേഷവും യഷിന്റെ സ്വാധീനം എന്നില്‍ ഉണ്ടാകും,' ഗീതു മോഹന്‍ദാസ് വ്യക്തമാക്കി.
ട്രെയ്ലര്‍ ലോഞ്ചില്‍ യാഷ് സ്വയം പിന്നിലേക്ക് മാറി കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നീ നായികമാര്‍ക്ക് മുന്‍ഗണന നല്‍കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീ കഥാപാത്രങ്ങള്‍ക്കും ആഖ്യാനത്തിനും ഏറെ പ്രാധാന്യമുള്ള സിനിമയില്‍ 'രായാ' എന്ന കഥാപാത്രമായാണ് യഷ് എത്തുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയമാണ് ചിത്രീകരിച്ചത്.
മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ മൊഴിമാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തും. രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂര്‍ (സംഗീതം), ഉജ്വല്‍ കുല്‍ക്കര്‍ണി (എഡിറ്റിംഗ്) എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറിയും അന്‍പറിവ് സംഘവുമാണ്. KVN പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട് കെ. നാരായണയും യാഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പിആര്‍ഒ: പ്രതീഷ് ശേഖര്‍.