മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാണ് താരം. സിനിമയോടൊപ്പം തന്നെ നൃത്തത്തിലും ഇപ്പോള്‍ ഒരുപാട് പരിപാടികള്‍ താരം ചെയ്യുന്നുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു സ്ഥലത്ത് പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ ഫോട്ടോ എടുക്കാന്‍ വന്ന കുട്ടിയോട് മോശമായി പെരുമാറുന്ന തരത്തിലുള്ള വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് താഴെ നിരവധി മോശം കമന്റുകളാണ് താരത്തിന് ലഭിച്ചത്. ഡാന്‍സ് ചെയ്യുമ്പോള്‍ കാല് ഒടിഞ്ഞ് പോകട്ടെ എന്ന് വരെ കമന്റ് വന്നിരുന്നു. എന്നാല്‍ ഇൗ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് പറഞ്ഞ് വീഡിയോയുമായി എത്തയിരിക്കുകയാണ് നവ്യ. നവ്യയ്‌ക്കൊപ്പം അന്ന് ഫോട്ടോ എടുക്കാന്‍ വന്ന കുട്ടിയുടെ അവരുടെ അമ്മയും ഉണ്ട്.
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് അവര്‍ക്ക് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ച് അവര്‍ക്ക് റീച്ച് കിട്ടുന്ന രീതിയില്‍ കണ്ടന്റ് ഇട്ടതിനെ വിമര്‍ശിച്ചാണ് നവ്യയുടെ പ്രതികരണം വന്നത്. കള്ളത്തരം ചെയ്തിട്ടല്ല പേരും പ്രശസ്തിയും നേടേണ്ടത്. അവരുടെ ദുഷിപ്പിനെ നേരെയാക്കാന്‍ കഴിയില്ലെന്നും നവ്യ നായര്‍ പറഞ്ഞു. വിവാദ വിഡിയോയിലെ കുഞ്ഞ് ആരാധികയ്ക്കും അമ്മയ്ക്കും ഒപ്പമായിരുന്നു നവ്യയുടെ പ്രതികരണം. നവ്യയുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്നും അന്ന് ഫോട്ടോ എടുത്തിരുന്നുവെന്നും ഗ്രൂപ്പായിട്ട് ഫോട്ടോ എടുക്കാമെന്നുമാണ് അന്ന് നവ്യ പറഞ്ഞത് എന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി.
''മാഡത്തിന്റെ ഭാഗത്തു നിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ല. ഫോട്ടോ എടുക്കാന്‍ മോള്‍ ചെന്നപ്പോള്‍ ഒരുമിച്ചു ഫോട്ടോ എടുക്കാം അതായത് ഗ്രൂപ്പ് ആയി ഫോട്ടോ എടുക്കാം എന്നു മാത്രമാണ് പറഞ്ഞത്. മോള്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ആ വിഷയത്തില്‍ ഒരു വിവാദം വന്നപ്പോള്‍ എന്റെ കസിന്‍ ആണ് വിളിച്ചു പറഞ്ഞത്. ആ വിഡിയോയ്ക്ക് ഞാനൊരു കമന്റ് ഇടുകയും ചെയ്തിരുന്നു. മാഡത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് പറയുകയും ചെയ്തിരുന്നു.''
തെറ്റായ വിവരം പ്രചരിപ്പിക്കുന്ന യുട്യൂബേഴ്‌സിനെതിരെ സംസാരിക്കണം എന്നു കരുതിയത് അല്ലെന്ന് നവ്യ നായര്‍ പറയുന്നു. അവര്‍ വിഡിയോ നീക്കം ചെയ്തിട്ടും റിയാക്ഷന്‍ വിഡിയോകള്‍ പ്രചരിക്കുന്നതു കൊണ്ടാണ് ഔദ്യോഗിക വിശദീകരണം നല്‍കുന്നത്. 'ഓണ്‍ലൈന്‍ ആള്‍ക്കാര്‍ സോറി പറഞ്ഞു.. ആ വിഡിയോ ഡിലീറ്റ് ആക്കുകയും ചെയ്തു, പക്ഷെ റിയാക്ഷന്‍ വിഡിയോസ് ഇപ്പോഴും നടക്കുകയാണ്,' നവ്യ പറയുന്നു. ഇതിന്റെ താഴെ വരുന്ന കമന്റുകളാണ് ഏറെ തന്നെ വേദനിപ്പിച്ചത് എന്നും നവ്യ പറഞ്ഞു.