മലയാള സിനിമയുടെ എക്കാലത്തേയും പ്രിയ നായികമാരില്‍ ഒരാളായിരുന്നു കനക. എന്നാല്‍ ഇടയ്ക്കെപ്പോഴോ മനസിന്റെ താളം തെറ്റിയ നടി അമ്മയുടെ വേര്‍പാടിനു ശേഷം പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ഒരു വീട്ടിലാണ് കഴിയുന്നത്. വല്ലപ്പോഴുമൊക്കെയാണ് ആ വീടിന് പുറത്തേക്ക് ഇറങ്ങുന്നത്. ഇപ്പോഴിതാ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. സിനിമ രംഗം വിട്ട് ഏറെക്കാലമായി പൊതുവേദികളില്‍ നിന്നകന്നു കഴിയുകയാണ് താരം. പഴയ കനകയെ തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയെന്നാണ് പുതിയ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകുക. യുവസംഗീത സംവിധായകനായ ധരന്‍ കുമാര്‍ ആണ് കനകയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കനക, തമിഴ് സിനിമയിലെ പഴയകാല നായകന്‍ രാമരാജന്‍ എന്നിവര്‍ക്കൊപ്പമുള്ള ധരന്‍ കുമാറിന്റെ ചിത്രം ഇതിനോടകം വൈറലാണ്.
'When lunch turns into a walk down memory lane - Reminicing 37 years of cinema with my sister Kanaga and Ramarajan sir' എന്നാണ് ഫോട്ടോയ്ക്കൊപ്പം അദ്ദേഹം കുറിച്ചത്. 1989ല്‍ റിലീസായ, സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'കരകാട്ടക്കാരനി'ല്‍ രാമരാജനും കനകയുമാണ് നായികാനായകന്‍മാര്‍. ചിത്രത്തിലെ 'മാങ്കുയില്... പൂങ്കുയില്...' എന്നാരംഭിക്കുന്ന ഗാനം ഇപ്പോഴും സംഗീത സ്നേഹികള്‍ക്ക് പ്രിയങ്കരമാണ്. അതിലെ നായകനും നായികയുമായിരുന്നു രാമരാജനും കനകയും. ചിത്രം പങ്കുവച്ചതിനുപിന്നാലെ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെടുന്നത്. അന്ന് സിനിമ ചെയ്യുമ്പോള്‍ ഇട്ട അതേ മേക്കപ്പ് ഇന്നും കനക അഴിച്ചിട്ടില്ലെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ഏതെങ്കിലും പ്രേത സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുണ്ടോ? എന്നാണ് മറ്റൊരാള്‍ കുറിച്ചിട്ടുള്ളത്. കമന്റുകള്‍ പോലെ തന്നെ നടിയുടെ മേക്കപ്പ് തന്നെയാണ് എല്ലാവരും ആദ്യം ശ്രദ്ധിക്കുന്നത്. പൊതുവെ ഇന്നത്തെ കാലത്ത് എല്ലാ നടിമാരും ലൈറ്റ് മേക്കപ്പുകളുമായി എത്തുമ്പോഴാണ് കനകയുടെ ഭീകര മേക്കപ്പ് ശ്രദ്ധ നേടുന്നത്.
20 വര്‍ഷത്തോളമായി സിനിമയില്‍ നിന്നും മാറിനില്‍ക്കുന്ന നടിയുടെ വീട് മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് തീപിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം കത്തി നശിച്ച് വലിയൊരു ബാധ്യത നടിയ്ക്ക് ഉണ്ടായി. പൂജാ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീപ്പൊരി ആളിക്കത്തി വീടിനുള്ളില്‍ തീ പടര്‍ന്നതാണെന്നാണ് വിവരം. ഈ സംഭവം പോലെ തന്നെ ഭാഗ്യങ്ങളെല്ലാം അതിവേഗം കത്തിനശിച്ച് പോയൊരു ജീവിതമാണ് കനകയുടേത്.
ഒരു കാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന നടി കനക ആരെയും കൊതിപ്പിക്കുന്ന താരസുന്ദരിയായിരുന്നു. എന്നാല്‍ എല്ലാ തരത്തിലും സൗഭാഗ്യങ്ങളെല്ലാം നഷ്ടപ്പെട്ട് പോയ അപൂര്‍വ്വം നടിമാരില്‍ ഒരാളായി കനക മാറുകയും ചെയ്തു.