പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ (90) അന്തരിച്ചു. കുറച്ചുനാളുകളായി വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മനോജ് കെ ജയന്‍ മകനാണ്. ഭക്തിഗാനങ്ങള്‍ക്കും വയലിന്‍ വായനയിലും പ്രാവീണ്യമുള്ള കര്‍ണാടക സംഗീതജ്ഞനായിരുന്നു.
1934 നവംബര്‍ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്‌നം കെ.ജി. ജയനും സഹോദരന്‍ വിജയനും ദക്ഷിണേന്ത്യയില്‍ അവരുടെ ഭക്തിഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍, സ്റ്റേജ് ഷോകള്‍ എന്നിവയിലൂടെ പ്രശസ്തരാണ്. മാവേലിക്കര രാധാകൃഷ്ണയ്യര്‍, ആലത്തൂര്‍ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, എം. ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കര്‍ണാടക ഗായകരുടെ കീഴില്‍ സംഗീത പരിശീലനം നേടിയിട്ടുണ്ട്.ഇരട്ട സഹോദരനായിരുന്ന കെ.ജി വിജയന്‍ 1988ല്‍ മരണപ്പെട്ടിരുന്നു
സംഗീതലോകത്ത് തന്റേതായ സ്വരമുദ്ര പതിച്ച പത്മശ്രീ ജയന്‍ സംഗീതലോകത്ത് എത്തിയിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ജയന്റെ നവതിയാഘോഷം നടന്നത്.സംഗീതം ജീവിതമാക്കിയ ജയന്‍ കര്‍ണാടക സംഗീത ലോകത്തു മാത്രമല്ല,? ചലച്ചിത്രഗാനങ്ങളിലും ഭക്തിഗാന രംഗത്തും സ്വന്തം ശൈലിക്ക് പ്രതിഷ്ഠയേകി.
കോട്ടയം നാഗമ്പടത്ത് മീനച്ചിലാറിന്റെ തീരത്തുള്ള കടമ്പൂത്ര മഠത്തിലാണ് ഗോപാലന്‍ തന്ത്രിയുടെയും നാരായണിയമ്മയുടെയും മക്കളായി ജയവിജയന്മാരുടെ ജനനം. ഇരട്ടകളുടെ സംഗീതവാസന മനസിലാക്കി ഗുരുദേവ ശിഷ്യനായ അച്ഛന്‍ ഗോപാലന്‍ തന്ത്രിയാണ് ആറാം വയസില്‍ പാട്ടു പഠിപ്പിക്കാന്‍ രാമന്‍ ഭാഗവതരുടെ അടുത്തെത്തിച്ചത്. പിന്നീട് മാവേലിക്കര രാധാകൃഷ്ണ അയ്യരും ആലത്തൂര്‍ ബ്രദേഴ്‌സും ഗുരുക്കന്മാരായി. സ്വാതി തിരുനാള്‍ സംഗീത അക്കാഡമിയില്‍ നിന്ന് ഗാനഭൂഷണം പാസായി.
മഹാഗുരുക്കളായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ 18 വര്‍ഷവും ഡോ. ബാലമുരളീകൃഷ്ണയ്ക്കു കീഴില്‍ ആറു വര്‍ഷവും സംഗീത സപര്യ നടത്തി. 1988-ല്‍ ഇരട്ട സഹോദരനായ കെ.ജി വിജയന്റെ അകാല മരണം ജയനെ തളര്‍ത്തിയെങ്കിലും അയ്യപ്പഗാനങ്ങളിലൂടെ ജയന്‍ ആ ദുഃഖം മറന്നു പാടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ജയനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അയ്യപ്പ ഗാനമികവിന് ഹരിവരാസന പുരസ്‌ക്കാരം നല്‍കി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാര്‍ഡും ലഭിച്ചു.
ശബരിമല മകരവിളക്കിന് അയ്യപ്പനെ തങ്ക അങ്കിയണിയിച്ച് ദീപാരാധന നടത്തും മുമ്പ് ജയന്റെ അയ്യപ്പഗാനാലാപനം അരങ്ങേറിയത് വര്‍ഷങ്ങളോളമായിരുന്നു. ഒരിക്കല്‍ ജയന്‍ പറഞ്ഞു: '42 വര്‍ഷങ്ങള്‍ ഞാനും അനിയനും (വിജയന്‍) തുടര്‍ച്ചയായി സന്നിധാനത്ത് പാടിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോള്‍ പാട്ട് തുടങ്ങും. ഞങ്ങളുടെ പാട്ടു കഴിഞ്ഞേ മകരവിളക്കു ദിവസം നടതുറക്കുള്ളൂ'. 1950-കളില്‍ എപ്പോഴോ ശബരിമലയ്ക്കു പോയപ്പോഴാണ് മനസില്‍ അയ്യപ്പനെ ദര്‍ശിച്ച് ജയന്‍ കൊടിമരച്ചുവട്ടിലിരുന്ന് ആദ്യമായി പാടിയത്. ചെമ്പൈ സ്വാമിക്കൊപ്പം മലചവിട്ടാനും ഭാഗ്യമുണ്ടായി.
എച്ച്.എം.വി ഗ്രാമഫോണ്‍ റെക്കാഡിനു വേണ്ടി ജയവിജയന്മാര്‍ ആദ്യമായി ഈണമിട്ട 'ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ ' എന്ന പി. ലീലയുടെ പാട്ട്,? ആദ്യമായി ഒരു സ്ത്രീ ആലപിച്ച അയ്യപ്പഭക്തി ഗാനമായി. യേശുദാസിന്റെ ആദ്യ ഭക്തിഗാനമായ 'ദര്‍ശനം പുണ്യ ദര്‍ശനം', ശ്രീകോവില്‍ നടതുറന്നു, എല്ലാമെല്ലാം അയ്യപ്പന്‍, ശ്രീശബരീശ ദീനദയാലാ, പതിനെട്ട് പടിയേറി, നല്ലതു വരുത്തുക, വണ്ടിപ്പെരിയാറും മേടും നടപ്പാതയാക്കി.... തുടങ്ങി അയ്യപ്പഭക്തി ഗാനങ്ങളുടെ നിര നീളുകയാണ്.
രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ കച്ചേരികള്‍ നടത്തി. യേശുദാസ്, എസ്.പി ബാലസുബ്രമണ്യം, ശീര്‍ക്കാഴി ഗോവിന്ദരാജന്‍, ടി.എം. സൗന്ദരരാജന്‍, എസ്. ജാനകി, പി. സുശീല, വാണിജയറാം തുടങ്ങിയ സംഗീത പ്രതിഭകളെക്കൊണ്ട് പാടിക്കാന്‍ ജയനു കഴിഞ്ഞു. മലയാളത്തില്‍ പത്തൊമ്പതും തമിഴില്‍ നാലും സിനിമകള്‍ക്ക് ഈണം നല്‍കി. 'ഭൂമിയിലെ മാലാഖ ' ആയിരുന്നു ആദ്യചിത്രം. നക്ഷത്രദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയവ ഇന്നും ഗാനാസ്വദകരുടെ ഇഷ്ടഗീതങ്ങളായി നില്‍ക്കുന്നു.
എസ്.രമേശന്‍ നായര്‍ എഴുതി ജയന്‍ ഈണമിട്ട,? തരംഗിണിയുടെ മയില്‍പ്പീലി കാസറ്റിലെ 'രാധതന്‍ പ്രേമത്തോടാണോ... , ഒരു പിടി അവിലുമായ്, ചന്ദനചര്‍ച്ചിത, അണിവാക ചാര്‍ത്തില്‍, ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തുടങ്ങിയവ ഇന്നും കൃഷ്ണ ഭക്തിരസം തുളുമ്പുന്ന അനശ്വര ഗാനങ്ങളാണ്. കെ.ജി. ജയന്റെ ഭാര്യ പരേതയായ സരോജിനി അദ്ധ്യാപികയായിരുന്നു. മനോജ് കെ. ജയനും,? ബിജു കെ. ജയനുമാണ് മക്കള്‍