എട്ടു പതിറ്റാണ്ടുകള്‍ നീണ്ട സംഗീതജീവിതത്തില്‍ 20-ലധികം ഭാഷകളിലായി 12,000-ലധികം ഗാനങ്ങള്‍ ആലപിച്ച ഇതിഹാസ ഗായിക ആശാ ഭോസ്ലെയുടെ വേര്‍പാടിന്റെ വേദനയിലാണ് സംഗീത ലോകം. നിരവധി പേരാണ് ഗായികയെ അനുസ്മിരിച്ച് കുറപ്പ് പങ്ക് വച്ചത്. ജി വേണുഗോപാലും ഹരിഹരനും അടക്കം നിരവധി പേരാണ് കുറിപ്പ് പങ്ക് വച്ചത്.
ആശ ഭോസ്ലെയ്ക്ക് ഒപ്പമുളള ഒരു പഴയക്കാല ചിത്രവും ജി. വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
'' ആശ ഭോണ്‍സ്ലേ ഗാന വീചികളായ് അനന്തതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. സ്വന്തം ജീവിതത്തിലെന്ന പോലെ ഗാനങ്ങളിലും യാഥാസ്ഥിതികത്വത്തില്‍ നിന്ന് ബഹുദൂരം മാറി സഞ്ചരിച്ച വ്യത്യസ്ത ശബ്ദവും ഗായികയും! അതിനേര്‍ത്ത, ഉച്ചസ്ഥായിയിലുളള വീഞ്ഞു ചഷകങ്ങളെ ഛിന്നഭിന്നമാക്കുന്ന തരംഗവീചികളുള്ള ' കന്യാ ശബ്ദ ' ങ്ങള്‍ക്കിടയില്‍, (wine glass shattering voices of the 60's virgin lover) കട്ടിയുള്ള ശബ്ദവും ഭാവസാന്ദ്രത തിങ്ങിനിറഞ്ഞ ആലാപനശൈലിയുമായി വന്ന ആശ, ഏതാണ്ട് രണ്ട് ദശകങ്ങളോളം ക്ലബ് ഡാന്‍സ് ഗായികയായി ബി, സി, സിനിമകളില്‍ പാടേണ്ടി വന്നു.
വേര്‍പിരിഞ്ഞ വിവാഹവും, തകര്‍ന്ന പ്രണയബന്ധങ്ങളുമൊന്നും അവരുടെ ശബ്ദത്തിനോ ഗാനലോകത്തിനോ പോറലേല്‍പ്പിക്കാനായില്ല. ആര്‍. ഡി. ബര്‍മനിലേക്ക് എത്തിച്ചേര്‍ന്നതോടെ, ആശയുടെ ശബ്ദം ആയിരം ചിറകുവിരിച്ച് സംഗീത വിഹായസ്സില്‍ ഉയര്‍ന്ന് പറക്കാന്‍ തുടങ്ങി. ഏതാണ്ട് പന്ത്രണ്ടായിരത്തോളം ഗാനങ്ങളും ഭാരതത്തിലെ ഓരോ സംഗീതപ്രേമിയുടേയും കണ്ഠത്തില്‍ ഒരു ഗദ്ഗദവും ബാക്കിയാക്കി, ഈ മഹാ ഗായിക ഏപ്രില്‍ 12, 2026, ഭൂമിയില്‍ നിന്നു അപ്സര കിന്നര ഗന്ധര്‍വ്വ ലോകത്തേക്ക് കൂടുകൂട്ടുന്നു''- എന്നാണ് ജി. വേണുഗോപാലിന്റെ വാക്കുകള്‍.
ആശാ ഭോസ്ലെയുടെ വിയോഗത്തില്‍ ഗായന്‍ ഹരിഹരന്‍ തന്റെ വേദന പങ്ക് വച്ചത് ഇങ്ങനെയാണ്. ഇത് തന്റെ വ്യക്തിപരമായ വലിയ നഷ്ടമാണെന്നും ഒരു കുടുംബാംഗത്തെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ആശാ ഭോസ്ലെയുമായുളള ദീര്‍ഘകാലത്തെ ആത്മബന്ധത്തെക്കുറിച്ചും ഹരിഹരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.
'ആശാ ഭോസ്ലെ ജി യെക്കുറിച്ചുളള വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വാക്കുകള്‍ നഷ്ടമായി. ഇതൊരു വ്യക്തിപരമായ വിലയ നഷ്ടമാണ്. എനിക്ക് അവര്‍ സ്വന്തം കുടുംബത്തെപ്പോലെയാണ്. 80 കളുടെ തുടക്കം മുതല്‍ അവരുടെ അനുഗ്രഹം ലഭിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ആ നിമിഷങ്ങള്‍ ഞാന്‍ എപ്പോഴും നെഞ്ചിലേറ്റും. അവര്‍ എന്നും എനിക്കൊപ്പം നിന്നിട്ടുണ്ട്.
നമ്മളെല്ലാവര്‍ക്കും, ഓരോ ഇന്ത്യക്കാരനും അവര്‍ വെറുമൊരു ഗായിക മാത്രമായിരുന്നില്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. ബാല്യം മുതല്‍ , അവരുടെ ശബ്ദം നമുക്കൊപ്പമുണ്ട്, നമ്മളോടൊപ്പം വളര്‍ന്നു. എനിക്കറിയാവുന്ന മിക്കവാറും എല്ലാവരും അവരുടെ പാട്ടുകള്‍ കേട്ടാണ് വളര്‍ന്നത്... ആ ബന്ധം എന്നും നിലനില്‍ക്കുന്നതാണ്.
എങ്കിലും, എത്ര മനോഹരമായ ഒരു ജീവിതമാണ് അവര്‍ നയിച്ചത്. സംഗീതവും ആവേശവും അചഞ്ചലമായ അര്‍പ്പണബോധവും നിറഞ്ഞ 92 വര്‍ഷങ്ങള്‍. അവസാനം വരെ പാടിക്കൊണ്ടിരുന്നു, കഴിഞ്ഞ വര്‍ഷം 91-ാം വയസ്സിലും അവര്‍ വേദിയില്‍ പാടി ഇത് തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ട ഒന്നാണ്. അത്രത്തോളം പൂര്‍ണ്ണവും പ്രചോദനാത്മകവുമായ ഒരു ജീവിതം.
അവരുടെ ശബ്ദവും ഭാവങ്ങളും ആ അവിശ്വസനീയമായ റേഞ്ചും ഇന്ന് എന്റെ മനസ്സില്‍ മിന്നിമറയുകയാണ്. ആശാ ജിയുടെ യാത്ര ഐതിഹാസികമാണ്. അവര്‍ തലമുറകളെ സ്പര്‍ശിച്ചു, വരും തലമുറകള്‍ക്കും അവര്‍ എന്നും ഒരു പ്രചോദനമായിരിക്കും. അവരുടെ സംഗീതവും ഊഷ്മളതയും ഓര്‍മ്മകളും ഞാന്‍ എന്നും എന്നോടൊപ്പം കൊണ്ടുനടക്കും.' ഹരിഹരന്റെ വാക്കുകള്‍.
ആശാ ഭോസ്ലെയുടെ പാട്ടുകള്‍ കേട്ടും അവരില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുമാണ് താന്‍ വളര്‍ന്നതെന്ന് ശ്രേയാ ഘോഷാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സ്വരമാണ് നമുക്ക് നഷ്ടമായിരിക്കുന്നത്,സംഗീതത്തെ പുതു ശൈലിയില്‍ നിര്‍വചിച്ച പ്രതിഭയായിരുന്നു അവര്‍.
ആശാ ഭോസ്ലെ ജി അതിരുകളില്ലാത്ത അത്ഭുതമായിരുന്നു.അവരുടെ പാട്ടുകള്‍ കേട്ടും അവരില്‍ നിന്നും പാഠങ്ങള്‍ പഠിച്ചുമാണ് ഞാന്‍ വളര്‍ന്നത്.
എന്തിനേറെ പറയുന്നു, ഓരോ പാട്ടിലും അവര്‍ കൊണ്ടുവരുന്ന വൈവിദ്ധ്യം കണ്ട് ഞാന്‍ അമ്പരന്നിട്ടുണ്ട്.ഓരോ സ്വരത്തിനും ജീവന്‍ നല്‍കാനും, ഏത് വികാരത്തെയും നമുക്കൊക്കെ പ്രിയപ്പെട്ടതാക്കി മാറ്റാനും അവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വികൃതി നിറഞ്ഞ പാട്ടുകള്‍ മുതല്‍ ആഴമുള്ള ഗസലുകള്‍ വരെ, മറാത്തിയും ബംഗാളിയും അടക്കമുള്ള ഭാഷകളിലെ അവരുടെ പാട്ടുകളും ആശാജിക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു.
ഞങ്ങളെപ്പോലുള്ളവര്‍ക്ക് പ്രചോദനം മാത്രമായിരുന്നില്ല, മറിച്ച് സംഗീതത്തിന്റെ ആത്മാവ് തന്നെയായിരുന്നു ആശാഭോസ്ലെ.ഞാന്‍ ജീവിക്കുന്ന കാലത്ത് അവരുടെ ആ പ്രഭാവം നേരിട്ട് കാണാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിട്ടാണ് കരുതുന്നത്.അവര്‍ പാടിവച്ച ശബ്ദം കാലത്തിനപ്പുറം മുഴങ്ങിക്കൊണ്ടിരിക്കും.ആ സ്വരം തൊട്ടറിഞ്ഞ ഓരോ ഹൃദയത്തിലും അവര്‍ പ്രചോദനമായ ഓരോ കലാകാരനിലും അത് എന്നെന്നും നിലനില്‍ക്കും.സംഗീതത്തിന്റെ ലോകത്ത് ഇനി വിശ്രമിക്കൂ ആശാ തായ്‌നിങ്ങളുടെ പാരമ്പര്യം ഒരിക്കലും മാഞ്ഞുപോവില്ലശ്രേയാ ഘോഷാല്‍ കൂട്ടിച്ചേര്‍ത്തു