Latest News

അധികാരക്കൊതിയും പദവികള്‍ക്കായുള്ള ആര്‍ത്തിയും; ജനാധിപത്യബോധമില്ലാത്ത ഒരുകൂട്ടം ആളുകള്‍; പൊതുജനങ്ങള്‍ക്ക് മുന്നില്‍ ദിവസേന ചിരിക്കാനുള്ള വകയായി 'അമ്മ'! ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമെന്ന് തുറന്നടിച്ച് ജോയ് മാത്യു; എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു നടന്‍

Malayalilife
 അധികാരക്കൊതിയും പദവികള്‍ക്കായുള്ള ആര്‍ത്തിയും; ജനാധിപത്യബോധമില്ലാത്ത ഒരുകൂട്ടം ആളുകള്‍; പൊതുജനങ്ങള്‍ക്ക് മുന്നില്‍ ദിവസേന ചിരിക്കാനുള്ള വകയായി 'അമ്മ'! ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമെന്ന് തുറന്നടിച്ച് ജോയ് മാത്യു; എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു നടന്‍

താര സംഘടനയായ 'അമ്മ'യില്‍ആഭ്യന്തര കലഹവും പരസ്യമായ പെട്ടിത്തെറിയും മൂര്‍ച്ഛിക്കുന്നതിനിടെ മുന്‍ ഭരണസമിതി അംഗമായ നടന്‍ ജോയ് മാത്യു എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു. നിര്‍വാഹകസമിതിയിലെ അസ്വാരസ്യങ്ങളും ജനാധിപത്യവിരുദ്ധമായ നിലപാടുകളും തുറന്നുകാട്ടിയാണ് ജോയ് മാത്യു രാജിവച്ചത്. സംഘടനയുടെ പ്രസിഡന്റിന് അയച്ച രാജിക്കത്തിലാണ് കമ്മിറ്റി അംഗങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനമില്ലായ്മയും പദവികള്‍ക്കായുള്ള ആര്‍ത്തിയുമാണ് സംഘടനയെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യമാക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. 

 മുതിര്‍ന്ന നടന്മാര്‍ സദുദ്ദേശത്തോടെ തുടക്കമിട്ട സംഘടന ഇന്ന് സമൂഹത്തിന് മുന്നില്‍ പരിഹാസ്യമായി മാറിയതിന് കാരണം താനടക്കമുള്ള പുതിയ ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ് മാത്യു കത്തില്‍ സ്വയം വിമര്‍ശനമുന്നയിക്കുന്നു. ഔദ്യോഗിക പാനലിന് പുറമെ വ്യക്തികളായി മത്സരിച്ച് ഭരണസമിതിയിലേക്ക് കടന്നുവന്ന ചിലരുടെ ചെറിയ ഈഗോയും വലിയ അധികാരക്കൊതിയുമാണ് ഈ തകര്‍ച്ചയ്ക്ക് കാരണം. അംഗങ്ങളുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കേണ്ട സംഘടന, ദിവസേനയെന്നോണം പൊതുസമൂഹത്തിന് മുന്നില്‍ ചിരിക്കാനുള്ള വകയായി മാറുന്നതില്‍ താന്‍ ഏറെ ഖിന്നനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

നിര്‍വാഹകസമിതി അംഗങ്ങള്‍ക്കിടയില്‍ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നത് ഒരു സമിതി അംഗമെന്ന നിലയില്‍ തനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യമാണ്. പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലുകളും തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളിലൂടെ പോലീസില്‍ പരാതിപ്പെടുന്നതുവരെയുള്ള നിര്‍ഭാഗ്യകരമായ കാര്യങ്ങളിലേക്കാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ തന്നെ കാര്യങ്ങളെ എത്തിച്ചത്. ഇത് തന്നെ അതീവ നിരാശയിലാഴ്ത്തുന്നു. അപൂര്‍വ്വം ചിലരെങ്കിലും ആത്മാര്‍ത്ഥമായി സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഒരോ എക്സിക്യൂട്ടീവ് യോഗത്തിലും കാണാന്‍ കഴിഞ്ഞത് ഐക്യമില്ലായ്മയുടെയും അവിശ്വാസത്തിന്റെയും നിഴലുകള്‍ മാത്രമാണെന്ന് ജോയ് മാത്യു തുറന്നുപറയുന്നു. 

തിരഞ്ഞെടുക്കപ്പെട്ട ശേഷം, അശേഷം ജനാധിപത്യബോധമില്ലാത്ത ഒരു സംഘത്തിനുള്ളില്‍ നിന്നുകൊണ്ട് തനിക്ക് നല്ല രീതിയില്‍ യാതൊന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതാണ് യാഥാര്‍ഥ്യം. മികച്ച പ്രവര്‍ത്തനവും ആരോഗ്യപരമായ ചര്‍ച്ചകളും തീരുമാനങ്ങളും പ്രതീക്ഷിച്ച് തന്നെ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത 'അമ്മ'യിലെ സാധാരണ അംഗങ്ങളോട് അദ്ദേഹം കത്തിലൂടെ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയും ചെയ്തു. 

ഭരണസമിതിയിലെ ഈ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം കാരണമാണ് താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജിവെയ്ക്കുന്നതെന്ന് വ്യക്തമാക്കിയ ജോയ് മാത്യു, കത്ത് നല്‍കിയ തീയതി മുതല്‍ (02072026) സ്ഥാനമൊഴിയുന്നതായി അറിയിച്ചു. എന്നാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി വിട്ടാലും സംഘടനയിലെ ഒരു സാധാരണ അംഗമെന്ന നിലയില്‍ 'അമ്മ'യുടെ തത്വങ്ങള്‍ക്ക് അനുസൃതമായി തുടര്‍ന്നും സഹകരിക്കുമെന്നും, തന്റെ രാജി ഉടന്‍ സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പുതിയ ഭരണസമിതിയില്‍ നിന്നും പ്രമുഖര്‍ തന്നെ പടിയിറങ്ങുന്നത് 'അമ്മ' സംഘടനയെ വീണ്ടും വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. 

നടന്‍ ജോയ് മാത്യുവിന്റെ രാജിക്കത്ത് പ്രസിഡണ്ട് 'അമ്മ ' കലൂര്‍,കൊച്ചി ബഹുമാനപ്പെട്ട പ്രസിഡണ്ട്, മലയാള സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളുടെ ക്ഷേമം മുന്‍നിര്‍ത്തി മുതിര്‍ന്ന നടന്മാര്‍ സദുദ്ദേശത്തോടെ ആരംഭിച്ച 'അമ്മ' സംഘടന ഇന്ന് പൊതുജനങ്ങളുടെ മുന്നില്‍ അപഹാസ്യരായിത്തീര്‍ന്നതിന്റെ പ്രധാന കാരണം ഞാനടക്കമുള്ള പുതിയ ഭരണ സമിതിയുടെ പിടിപ്പുകേടാണ് എന്നതില്‍ തര്‍ക്കമില്ല. പാനല്‍ അല്ലാതെ വ്യക്തികളായി മത്സരിച്ച് ഭരണസമിതിയിലേക്ക് വന്നവരുടെ ചെറിയ ഈഗോയും വലിയ അധികാരക്കൊതിയും കാരണം നിത്യേനയെന്നോണം പൊതുജനമധ്യത്തില്‍ പരിഹാസ്യമായി സമൂഹത്തില്‍ ചിരിക്കാനുള്ള വകയായി മാറുകയാണ് ഈ സംഘടന . അംഗങ്ങളുടെ ക്ഷേമത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സംഘടന ഇത്തരത്തില്‍ മുന്നോട്ടു പോകുന്നതില്‍ ഞാന്‍ ഏറെ ഖിന്നനാണ് . 

നിര്‍വാഹകസമിതി അംഗങ്ങള്‍ക്കിടയില്‍ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലാ എന്ന വസ്തുത സമിതിയിലെ അംഗം എന്ന നിലക്ക് എനിക്ക് അനുഭവേദ്യമായിട്ടുള്ള കാര്യമാണ്.മറ്റു പല അംഗങ്ങള്‍ക്കും എന്നെപ്പോലെ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും എന്ന കരുതുന്നു. പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലുകളും തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളിലൂടെ പോലീസില്‍ പരാതിപ്പെടുന്നതുവരെയുള്ള നിര്‍ഭാഗ്യകരമായ കാര്യങ്ങളിലേക്ക് ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചിരുന്നവര്‍ തന്നെ എത്തിക്കുന്ന സാഹചര്യം എന്നെ അതീവനിരാശയിലാഴ്ത്തുന്നു. ഐക്യമില്ലായ്മയുടെയും അവിശ്വാസത്തിന്റെയും നിഴലുകളാണ് ഓരോ നിര്‍വാഹക സമിതി യോഗത്തിലും എനിക്ക് കാണാന്‍ കഴിഞ്ഞത്.എന്നാല്‍ അപൂര്‍വം ചിലരെങ്കിലും ആത്മാര്‍ത്ഥമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്നത് പറയാതിരുന്നുകൂടാ. നിര്‍വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം, അശേഷം ജനാധിപത്യബോധമില്ലാത്ത ഒരു സംഘത്തില്‍ യാതൊന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നു എന്നതാണ് യാഥാര്‍ഥ്യം. മികച്ച പ്രവര്‍ത്തനവും ആരോഗ്യപരമായ ചര്‍ച്ചകളും തീരുമാനവും പ്രതീക്ഷിച്ച് എന്നെ തിരഞ്ഞെടുത്ത 'അമ്മ' അംഗങ്ങളോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു .ആയതിനാല്‍ 'അമ്മ' സംഘടനയുടെ നിര്‍വാഹകസമിതിയില്‍ നിന്നും ഞാന്‍ രാജി വെച്ച് സ്ഥാനം ഒഴിയുവാന്‍ തീരുമാനിച്ച വിവരം താങ്കളെ അറിയിക്കുന്നു. 'അമ്മ'യിലെ ഒരു സാധാരണ അംഗം എന്ന നിലയില്‍ സംഘടനയുടെ തത്വങ്ങള്‍ക്ക് അനുസൃതമായി തുടര്‍ന്നും സഹകരിക്കുന്നതാണെന്നും അറിയിക്കുന്നു. എന്റെ രാജി ഉടന്‍ സ്വീകരിക്കും എന്ന വിശ്വാസത്തോടെ ബഹുമാനപൂര്‍വം ജോയ് മാത്യു 02-07-2026 

 ജോയ് മാത്യുവിന് പുറമെ മുന്‍ ഭരണസമിതി അംഗങ്ങളായ ജയന്‍ ചേര്‍ത്തലയും കൈലാഷും സംഘടനയില്‍ നിന്ന് ഔദ്യോഗികമായി രാജിവച്ചു. ഇരുവരും തങ്ങളുടെ രാജിക്കത്ത് 'അമ്മ'യുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കുകയായിരുന്നു. നേരത്തെ പൊതുയോഗത്തില്‍ വച്ച് രാജി പ്രഖ്യാപിച്ചെങ്കിലും ഇരുവരും ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിച്ചിരുന്നില്ല. 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്ന് നടി ശ്വേത മേനോന്‍ വ്യക്തമാക്കിയതിന് ശേഷമാണ് ജോയ് മാത്യുവും ജയന്‍ ചേര്‍ത്തലയും കൈലാഷും 'അമ്മ'യുടെ ഇമെയിലിലേക്ക് ഔദ്യോഗികമായി രാജി സന്ദേശം അയച്ചത്. വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇമെയിലിലേക്ക് രാജി സന്ദേശം അയച്ചിട്ടുണ്ട് എന്ന് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കെ.ബി ഗണേഷ് കുമാറും മാധ്യമങ്ങളെ കണ്ടപ്പോഴാണ്, മുന്‍ ഭരണസമിതി അംഗങ്ങള്‍ ആരും തന്നെ ഔദ്യോഗികമായി രാജിക്കത്ത് തന്നിട്ടില്ലെന്ന വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ 'താന്‍ ആരെയും വഞ്ചിച്ചിട്ടില്ല, 'അമ്മ'യെ അനാഥമാക്കിയിട്ടുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല.' എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ശ്വേത മേനോന്‍ രംഗത്തെത്തിയിരുന്നു. സംഘടനയെ തകര്‍ക്കാനും ഹൈജാക്ക് ചെയ്യാനും ചില നിക്ഷിപ്ത താല്പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ രാജിവയ്ക്കണമെന്ന കൃത്യമായ അജണ്ടയോടെയാണ് ചിലര്‍ ജനറല്‍ ബോഡി യോഗത്തിനെത്തിയതെന്നും ശ്വേത ആരോപിച്ചു.

 'അമ്മ'യുടെ ബൈലോ പ്രകാരം 'അഡ്ഹോക്ക് കമ്മിറ്റി' എന്നൊരു സംവിധാനമില്ല. ഒരു കമ്മിറ്റി പൂര്‍ണ്ണമായി രാജി വെയ്ക്കുകയാണെങ്കില്‍, പുതിയ തെരഞ്ഞെടുപ്പിലൂടെ മറ്റൊരു ഭരണസമിതി വരുന്നത് വരെ പഴയ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്. മുന്‍പ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും ഈ രീതിയാണ് പിന്തുടര്‍ന്നത്. എന്നാല്‍ തങ്ങളുടെ കമ്മിറ്റിയുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് ഈ മാനദണ്ഡം ബാധകമാകാത്തതെന്നും ശ്വേത ചോദിക്കുന്നു. 

അമ്മ'യുടെ മുന്‍ ഭരണസമിതി ഔദ്യോഗികമായി രാജിവെക്കാത്ത സാഹചര്യത്തില്‍ ഇപ്പോഴും മുന്‍ ഭാരവാഹികള്‍ തന്നെയാണ് നിയമപരമായി സ്ഥാനങ്ങളില്‍ തുടരേണ്ടതെന്നുള്ള ചര്‍ച്ചകള്‍ ഇതോടെ സജീവമായിട്ടുണ്ട്. നിലവിലെ അഡ്ഹോക് കമ്മിറ്റിയുടെ യോഗങ്ങളും തീരുമാനങ്ങളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ കോടതിയെ സമീപിക്കാനാണ് സാധ്യത. നിലവില്‍ ജയന്‍ ചേര്‍ത്തലയും ജോയ് മാത്യുവും കൈലാഷും മാത്രമാണ് ഔദ്യോഗികമായി രാജി സമര്‍പ്പിച്ചിട്ടുള്ളത്. ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന്‍ നേരത്തെ തന്നെ രാജിവച്ചിരുന്നു. വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയും ഔദ്യോഗികമായി രാജി സന്ദേശം അയച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന ഭാരവാഹികള്‍ ഔദ്യോഗികമായി രാജി നല്‍കാത്തതിനാല്‍ 'അമ്മ' വലിയൊരു നിയമപോരാട്ടത്തിലേക്കും ഭരണഘടനാ പ്രതിസന്ധിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
 

Read more topics: # ജോയ് മാത്യു
joy mathew slams amma executive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES